ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് ഡുകാബ് ഗ്രൂപ്
ബംഗളൂരു: യുഎഇയിലെ ഏറ്റവും വലിയ എന്‍ഡ് റ്റു എന്‍ഡ് സൊല്യൂഷന്‍ പ്രൊവൈഡര്‍മാരിലൊന്നായ ഡുകാബ് ഗ്രൂപ്, ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ബംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇന്ത്യയെ ഒരു പുതിയ ഹോം മാര്‍ക്കറ്റാക്കി മാറ്റുന്നു.
ഇന്ത്യയിലെയും തെക്കു-കിഴക്കനേഷ്യയിലെയും ഡുകാബിന്റെ ആദ്യ ഓഫീസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെയും മേഖലയിലെ സാന്നിധ്യത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ഉയര്‍ന്ന നിലവാരമുള്ള സംയോജിത ഊര്‍ജ പരിഹാരങ്ങളുടെ ആഗോള ദാതാവാകാനുള്ള തന്ത്രപരമായ കാഴ്ചപ്പാടിന്റെ ഭാഗമാവുകയും ചെയ്യും.
ഉദ്ഘാടന ചടങ്ങില്‍ യുഎഇ വിദേശ കാര്യ-വ്യാപാര സഹ മന്ത്രി ഡോ. ഥാനി ബിന്‍ അഹ്മദ് അല്‍ സിയൂദി, ഡുകാബ് ഗ്രൂപ് സിഇഒ മുഹമ്മദ് അല്‍ മുത്വവ, ഗ്രൂപ് ഡയറക്ടര്‍ അഹ്മദ് ബെല്യുഹ എന്നിവരെ കൂടാതെ, ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.
യുഎഇയിലെ ദേശീയ ചാമ്പ്യന്‍ കമ്പനികളിലൊന്നായ ഡ്യുകാബ് ഗ്രൂപ്പിന്റെ ഈ പ്രതിബദ്ധത യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയ കക്ഷി വ്യാപാര ബന്ധത്തിന്റെ വ്യക്തമായ പ്രകടനമാണെന്ന് ഡോ. അല്‍ സിയൂദി പറഞ്ഞു.
യുഎഇയും ഇന്ത്യയും പൊതുവായ താല്‍പര്യങ്ങള്‍ പങ്കിടുന്നു. വ്യാവസായിക ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള വിഭവങ്ങളും കഴിവുകളും ഇരു രാജ്യങ്ങള്‍ക്കുമുണ്ട്. 2022ല്‍ ഒപ്പു വച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് ബന്ധങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും ബിസിനസുകള്‍ക്ക് നിക്ഷേപം നടത്താനും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും അതിര്‍ത്തി കടന്നുള്ള വ്യാപാരം നടത്താനും ഏറ്റവും വലിയ തോതില്‍ പുതിയതും ക്രിയാത്മകവുമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും സഹായിക്കുന്നു. 2023ലെ യുഎഇ ഗവണ്‍മെന്റിന്റെ ഏറ്റവും മികച്ച അഞ്ച് മുന്‍ഗണനകളിലൊന്ന്, അതായത് ‘യുഎഇയുടെ അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കല്‍’ എന്നതിലേക്ക് എത്തിക്കാന്‍ ഈ പുതിയ വ്യാപാര, നിക്ഷേപ ഭൂപടം സഹായിക്കുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ലോകമെമ്പാടുമുള്ള 55 വിപണികളില്‍ ഡുകാബ് ബിസിനസ് വിപുലീകരിച്ചിട്ടുണ്ട്. 60 ശതമാനം ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യുകയാണ്.