ഒമാനില്‍ 4.1 തീവ്രതയുള്ള ഭൂചലനം, നാശനഷ്ടങ്ങളില്ല
ദുബായ്/മസ്‌കത്ത്: ഒമാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മസ്‌കത്തില്‍ നിന്ന് 450 കിലോമീറ്റര്‍ തെക്കു-പടിഞ്ഞാറുള്ള ആഴക്കടല്‍ തുറമുഖമായ ദുഖം പട്ടണത്തിന് സമീപം ഇന്നലെ രാവിലെ 7.55നാണ് ഭൂചലനമുണ്ടായത്. എന്നാല്‍, നാശനഷ്ടങ്ങളോ ആര്‍ക്കെങ്കിലും കാര്യമായ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
ഭൂചലനമുണ്ടായ സമയത്ത് തങ്ങള്‍ ഉറങ്ങുകയായിരുന്നുവെന്നും കിടക്കകള്‍ കുലുങ്ങിയപ്പോഴാണ് എഴുന്നേറ്റതെന്നും അടുക്കളയിലെ പാത്രങ്ങള്‍ തറയില്‍ വീണെന്നും ദുഖമില്‍ താമസിക്കുന്ന മോഹന്‍ ബാനര്‍ജി പറഞ്ഞു. ഭൂചലന ആഘാതം ഭയാനകമായിരുന്നുവെന്നും തന്റെ രണ്ട് കുട്ടികള്‍ അവരുടെ മുറികളില്‍ നിന്ന് നിലവിളിച്ചോടിയെന്നും ഫാത്തിമ അല്‍ സുനൈദി പറഞ്ഞു.
ഭൂചലനത്തെ തുടര്‍ന്ന് ഇന്നലെ ഇവിടത്തെ തെരുവുകള്‍ ശൂന്യമായിരുന്നു. കടകള്‍ തുറന്നില്ല. ആരും പുറത്തിറങ്ങിയില്ല. എല്ലാവരും വീടുകളില്‍ തന്നെ കഴിച്ചു കൂട്ടി. വീണ്ടും ഭൂകമ്പമുണ്ടാകുമോയെന്ന ഭയത്തിലായിരുന്നു എല്ലാവരുമെന്ന് മറ്റൊരു താമസക്കാരന്‍ പറഞ്ഞു.
3.5ല്‍ താഴെയുള്ള ഭൂകമ്പ സംഭവങ്ങള്‍ സാധാരണ അനുഭവപ്പെടാറില്ല. അതേസമയം, 3.5 മുതല്‍ 5.5 വരെയുള്ളവ അനുഭവപ്പെടാറുണ്ട്. അപൂര്‍വമായി കേടുപാടുകളുണ്ടാവാറുണ്ട്.
ഇറാന്റെ പ്രധാന ഭൂവല്‍ക്ക ഫോള്‍ട്ട് ലൈനിലെ സ്‌കെയിലില്‍ 5 മുതല്‍ 6 വരെയുള്ള തീവ്രത സാധാരണയായി ദുബായിലും വടക്കന്‍ എമിറേറ്റുകളിലും അനുഭവപ്പെടാറുണ്ട്.
രണ്ടാഴ്ച മുന്‍പ് തുര്‍ക്കിയിലും സിറിയയിലും 46,000ത്തിലധികം പേര്‍ കൊല്ലപ്പെട്ട വിനാശകരമായ ഇരട്ട ഭൂകമ്പങ്ങളുണ്ടായിരുന്നു. ഇത് റിക്ടര്‍ സ്‌കെയിലില്‍ 7 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള സംഭവങ്ങള്‍ എന നിലയില്‍ ‘മേജര്‍’ ആയി കണക്കാക്കുന്നു.