CommunityFEATUREDUAE

ഈദ് സമൃദ്ധിയുടെ പുതുലോകം പണിയാനാവണം: അബ്ദുസ്സലാം മോങ്ങം

 

ദുബായ്: കാരുണ്യത്തിന്റെ കവാടങ്ങള്‍ കലവറയില്ലാതെ തുറന്നും, പാപമോചനത്തിന്റെ വഴികള്‍ വെട്ടിത്തെളിച്ചും, നരക മോചനവും സ്വര്‍ഗലബ്ധിയും ഉറപ്പ് വരുത്താന്‍ അവസരങ്ങള്‍ സമ്മാനിച്ചും അല്ലാഹു നമ്മെ ആവേശം കൊള്ളിക്കുകയായിരുന്നു റമദാനിലൂടെയെന്ന് പ്രമുഖ പണ്ഡിതനും അല്‍മനാര്‍  ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടറുമായ മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബൈ മത കാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ഈദ് ഗാഹിന് നേതൃത്വം നല്‍കി ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിശുദ്ധിയുടെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് റമദാന്‍ കടന്നു വന്നത്. ആത്മീയോത്കര്‍ഷത്തിന്റെ നനവുകള്‍ പെയ്തിറങ്ങുകയായിരുന്നു റമദാനിലുടനീളം.
നന്മ ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ആവോളം അവസരങ്ങള്‍ നല്‍കുകയും അത് ഉപയോഗപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ സാമീപ്യം വിശ്വാസികള്‍ അനുഭവിക്കുകയായിരുന്നു. കാരുണ്യവാനായ നാഥന്‍ വച്ചുനീട്ടിയ ഈ അനര്‍ഘ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ എത്രമാത്രം ജാഗ്രത്തായിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് റമദാന്റെ ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ റമദാനിന്റെ യഥാര്‍ത്ഥ അന്ത:സത്ത എന്താണെന്ന് അതിന്റെ പേര് പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. സൂര്യാതപം, കടുത്ത ചൂട് എന്നീ അര്‍ത്ഥങ്ങള്‍ ലഭിക്കുന്ന ‘റമദ’ എന്ന ധാതുപദത്തില്‍ നിന്ന് വന്നതാണ് ‘റമദാന്‍’ എന്ന വാക്ക്. റമദയുടെ ദ്വിവചനമാണ് റമദാന്‍. രണ്ടു തരം ഉഷ്ണങ്ങള്‍ റമദാനില്‍ ഒന്നായിച്ചേരുന്നുവെന്ന് അര്‍ത്ഥം. അഥവാ, ഒരാള്‍ വ്രതമനുഷ്ഠിച്ചു കൊണ്ട് ഭക്ഷണ-പാനീയങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ അത് നിശ്ചയമായും അവന്റെയുള്ളില്‍ ഒരു ശാരീരിക ജ്വലനത്തിന് കാരണമാകുന്നു. ഇതിനു പുറമെ, രാത്രി കാലങ്ങളില്‍ ഉറക്കം ത്യജിച്ച് നിര്‍വഹിക്കുന്ന ആരാധനകളും മറ്റും ഈ ഭൗതിക താപത്തെ തീക്ഷ്ണമാക്കുന്ന ഘടകങ്ങളാണ്. മറുവശത്ത്, ഭൗതികതയില്‍ നിന്നകന്ന് ദൈവാരാധനയിലും ദൈവസ്മരണയിലും വ്യാപൃതനാകുമ്പോള്‍ അവനില്‍ ആത്മീയമായ ഒരു അഗ്‌നി ജ്വലിക്കുകയും തിന്മ കത്തിയെരിയുകയും അവനില്‍ ദൈവസ്‌നേഹത്തിന്റെ താപം വര്‍ധിക്കുകയും ചെയ്യുന്നു. ഭൗതികവും ആത്മീയവുമായ ഈ രണ്ട് ചൂടുകളും ഒരുമിക്കുമ്പോള്‍ മാത്രമാണ് റമദാന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം പൂര്‍ത്തിയാകുന്നതെന്നും അബ്ദുസ്സലാം മോങ്ങം വ്യക്തമാക്കി.
നോമ്പിന്റെ ആത്മീയ സൗന്ദര്യം ആസ്വദിച്ച് കൊതി തീരും മുന്‍പേ അത് പറന്നകന്നിരിക്കുന്നു. ഒരു മാസക്കാലം നീണ്ടുനിന്ന ആത്മീയോത്സവം പെട്ടെന്നാണ് നമ്മോട് വിട പറഞ്ഞത്. മനുഷ്യ ജീവിതം തന്നെ അങ്ങനെയാണ്. ഒരുപാട് മോഹങ്ങളും പൂര്‍ത്തീകരിക്കാന്‍ ധാരാളം കര്‍മങ്ങളും ബാക്കിയിരിക്കെ, ഒരുനാള്‍ പെട്ടെന്ന് ജീവിതം അവസാനിക്കുന്നു. പോയ നാളുകളെ ഓര്‍ത്ത് വിലപിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നും തന്റെ മുന്നില്‍ എത്തിനില്‍ക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കുക എന്നതാണ് സത്യവിശ്വാസിയുടെ ജീവിത നിലപാടെന്നും അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി.
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്. ഇനി സന്തോഷത്തിന്റെ ആനന്ദപ്പെരുന്നാള്‍. കൊതി തീരും മുമ്പേ റമദാന്‍ പറന്നകന്നതിന്റെ വേദനയും ശവ്വാലിന്റെ പൊന്നമ്പിളി മാനത്ത് ഉദിച്ചുയര്‍ന്നപ്പോഴുണ്ടായ സന്തോഷത്തിന്റെയും അസുലഭ മുഹൂര്‍ത്തമാണ് ഈദ് ദിനം. റമദാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികള്‍ക്ക് ആനന്ദിക്കാനും ആമോദിക്കാനുമുള്ള അവസരം. റമദാനിന്റെ നാളുകള്‍ വ്രത ശുദ്ധിയോടെ പൂര്‍ത്തീകരിക്കാനും അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനും അവസരം ലഭ്യമായതിന്റെ നിറസന്തോഷം പ്രകടിപ്പിക്കുന്ന ദിനം. നോമ്പിന്റെ മഞ്ഞുകട്ടകള്‍ കൊണ്ട് കഴുകിയെടുത്ത മനസ്സും തൗബയുടെ പാല്‍ക്കടലില്‍ മുങ്ങി വിശുദ്ധി നേടിയ ഹൃദയവും കോര്‍ത്തിണക്കിയ നാം പുതിയ മനുഷ്യരായിരിക്കുന്നു. നന്മയുടെ സമൃദ്ധിയും സമത്വ സാഹോദര്യത്തിന്റെ തെളിച്ചവും ആത്മ വിശുദ്ധിയുടെ കരുത്തും കൂടിച്ചേരുന്ന അനുഭൂതിയുടെ ദിനം ഈ നന്മയുടെ സമൃദ്ധിയും സമത്വ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
നോമ്പിന്റെ നാളുകളില്‍ നാം പട്ടിണിയുടെ വേദന അറിയുക കൂടിയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണികിടക്കു ന്ന മനുഷ്യരുടെ ജീവിത ദുരിതങ്ങള്‍ അറിയാന്‍ വ്രതാനുഷ്ഠാനത്തിലൂടെ നമുക്കായി. അതുകൊണ്ട് തന്നെ,  നോമ്പ് മാസത്തോട് വിട ചോദിക്കുന്നത് പട്ടിണി കിടക്കുന്നവന് ഒരു ദിവസത്തേക്കുള്ള അന്നം നല്‍കിക്കൊണ്ടാണ്. ഇത് ഒരു വിശ്വാസി വിശക്കുന്നവനോട് സ്വീകരിക്കേണ്ട നിലപാടിന്റെ പ്രഖ്യാപനം കൂടിയാണ്.
മനുഷ്യ സമൂഹത്തിന്റെ വര്‍ത്തമാന പരിസരം ആശങ്കകള്‍ നിറഞ്ഞതാണ്. സമാധാനത്തോടെ അന്തിയുറങ്ങാന്‍ കഴിയുന്ന ജീവിത സാഹചര്യം തേടിയുള്ള അലച്ചിലിലാണ് മനുഷ്യര്‍. ജീവിതത്തിന്റെ മുഖ്യ ധാരയില്‍ നിന്നും അറുത്തു മാറ്റപ്പെട്ടവരുടെ രോദനങ്ങള്‍ അന്തരീക്ഷത്തെ ശോകമൂകമാക്കിയിരിക്കുന്നു. നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ലോക മുസ്‌ലിംകള്‍ പെരുന്നാള്‍ ആഘോഷിക്കുന്ന ഈ സന്തോഷ നാളിലും വാടിത്തളര്‍ന്ന കവിളുകളും കീറിപ്പിന്നിയ വസ്ര്തങ്ങളുമായി പെരുന്നാളിനെ വരവേല്‍ക്കുന്ന പിഞ്ചു പൈതങ്ങള്‍ ഉള്‍പ്പെടെ പച്ച മനുഷ്യര്‍ നമുക്ക് ചുറ്റും അധികം അകലങ്ങളിലല്ലാതെ ഉണ്ടെന്ന സത്യം ഒളിപ്പിക്കാനാവില്ല.
മനുഷ്യ സമൂഹത്തിന്റെ സ്വാസ്ഥ്യവും സമാധാനവും തകരുന്ന ഇത്തരമൊരു സാഹചര്യത്തില്‍ പ്രതീക്ഷകളുടെയും ആശങ്കകളുടെയും നടുവില്‍ കടന്നു വന്ന ഈദ് നമ്മെ സംബന്ധിച്ചിടത്തോളം പുതിയ ലോകത്തെ കെട്ടിപ്പടുക്കാനുള്ള പ്രചോദനമാവണം.
മുസ്‌ലിം സമൂഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന സാഹചര്യമാണെവിടെയും. മുസ്‌ലിംകള്‍ എന്നെത്തെക്കാള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കേണ്ട ഈ സാഹചര്യത്തില്‍ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാന്‍ ഈദ് ദിനത്തിലെ ആലിംഗനങ്ങളും ആശീര്‍വാദങ്ങളും നിമിത്തമാവേണ്ടതുണ്ട്. റമദാനില്‍ ഇഫ്താര്‍ പാര്‍ട്ടികളിലും ഈദ് ദിനത്തിലും കാണുന്ന സ്‌നേഹ പ്രകടനങ്ങളും സൗഹൃദ സംഭാഷണങ്ങളും എന്നും നില നില്‍ക്കുന്നതാണെന്ന് നമുക്ക് ഉറപ്പ് വരുത്താനാവണം. പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച് പരസ്പരം ആലിംഗനം ചെയ്യുമ്പോള്‍ ഉള്ളു തുറന്ന് ചിരിക്കാനും ആശീര്‍വദിക്കാനും സമുദായ ഐക്യം ഭദ്രമാക്കാനും നമുക്കായാല്‍ ഈദ് ദിനം അനുഗൃഹീതമായെന്നും അബ്ദുസ്സലാം മോങ്ങം പറഞ്ഞു.
സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ് ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്‌നേഹാശംസകള്‍ കൈമാറുകയും ചെയ്തു. പി.വി അബ്ദുല്‍ വഹാബ് എംപി, ഡോ. അന്‍വര്‍ അമീല്‍, പൊയില്‍ അബ്ദുല്ല, ഡോ. രിസാ മിസ്‌രി തുടങ്ങിയ പ്രമുഖരും ഈദ് ഗാഹില്‍ സന്നിഹിതരായിരുന്നു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.