മഞ്ചേരിയിലെ പ്രവാസി കൂട്ടായ്മയുടെ മാള്‍: ദുബായില്‍ സംഗമം നടത്തി
ദുബായ്: മഞ്ചേരിയിലെ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ഇ-മാളുമായി ബന്ധപ്പെട്ട ഇമാല്‍ മഞ്ചേരി ഗ്‌ളോബല്‍ കമ്പനിയില്‍ ഷെയര്‍ എടുത്തവരുടെയും പുതുതായി ഷെയര്‍ എടുക്കാനുള്ളവരുടെയും സംഗമം ദുബായ് ക്‌ളാസ്സിക് ഫാമിലി റെസ്‌റ്റോറന്റ് പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ചു. തികച്ചും മഞ്ചേരി പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ഇ-മാളിന്റെ നിര്‍മാണ പുരോഗതിയും അനുബന്ധ പ്രവര്‍ത്തനങ്ങളും ഷെയര്‍ ഉടമകളെ അറിയിക്കാനായിട്ടായിരുന്നു പരിപാടി ഒരുക്കിയത്. ഇമാല്‍ മഞ്ചേരി ഗ്‌ളോബല്‍ എല്‍എല്‍പി എന്ന കമ്പനിയുടെ നേതൃത്വത്തില്‍ ഇ-മാളിന്റെ നിര്‍മാണം 40 ശതമാനം പൂര്‍ത്തിയായെന്ന് ഡയറക്ടര്‍മാര്‍ സദസ്സിനെ അറിയിച്ചു. സൂപര്‍ മാര്‍ക്കറ്റ്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ജിം, മള്‍ടി പര്‍പസ ഹാള്‍, പ്രയര്‍ ഹാള്‍, കുട്ടികള്‍ക്ക് കളിസ്ഥലം, ഫുഡ് കോര്‍ട്ട്, എക്‌സിബിഷന്‍ ആന്റ് ഇവന്റ് ഏരിയ, റൂഫ് ഗാര്‍ഡന്‍ റെസ്‌റ്റോറന്റ് എന്നിവയടങ്ങുന്ന മാള്‍ 2024 ഡിസംബറോടു കൂടി പ്രവര്‍ത്തമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇ-മാളില്‍ 80 ഷോപ്പുകളും 15 സര്‍വീസ് അപാര്‍ട്‌മെന്റുകളുമുണ്ടാകും. സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും.
ഒരു ഷെയറിന് 40,000 രൂപയാണ് വില. അടുത്ത മാസം മുതല്‍ ഷെയറിന് 50,000 രൂപയാകും. അഭൂതപൂര്‍വമായ പ്രതികരണമാണ് ഈ പദ്ധതിക്ക് മഞ്ചേരി പ്രവാസികളില്‍ നിന്ന് ലഭിച്ചത്. കുറെ കാലം ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നേറിയ കൂട്ടായ്മ അടുത്ത കാലത്താണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്ത് വന്നത്.
ഇമാല്‍കോ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ മജീദ് പന്തല്ലൂരിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച സംഗമം ‘ഇമ’ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഇമാല്‍കോ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഷീദ് അവുഞ്ഞിപ്പുറം അധ്യക്ഷത വഹിച്ചു. ഇമാല്‍കോ ഡയറക്ടര്‍മാരായ അബ്ദുല്‍ കലാം കെ.എം, നൗഷാദലി പാലക്കല്‍, ജനറല്‍ മാനേജര്‍ അബ്ദുന്നാസര്‍.കെ, സെയില്‍സ് ഡയറക്ടര്‍ ജമാലുദ്ദീന്‍ കെ.എം, എച്ച്ആര്‍ ഡയറക്ടര്‍ സുരേഷ് ചൂണ്ടയില്‍, ഫിനാന്‍സ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്.പി, കള്‍ചറല്‍ ആന്റ് ആക്റ്റിവിറ്റി ഡയറക്ടര്‍ അലിക്കുട്ടി, ഡയറക്ടര്‍മാരായ ദാനിഷ് മോന്‍ ഇല്ലിക്കല്‍, അബ്ദുന്നാസര്‍ ചിറക്കല്‍, ഫൈസല്‍ ബാബു എ.പി, മുഹമ്മദ് റംസി.പി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ചടങ്ങില്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉടമസ്ഥ രേഖകളും വിതരണം ചെയ്തു.