ഇസേഫ്റ്റി ചൈല്‍ഡ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡുമായി ഹാബിറ്റാറ്റ് സ്‌കൂള്‍
അജ്മാന്‍: ഇസേഫ്റ്റി ചൈല്‍ഡ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ് ജേതാക്കളില്‍ ഹാബിറ്റാറ്റ് സ്‌കൂളും. അബുദാബി അനന്‍തറ ഈസ്റ്റേണ്‍ മംഗ്രോവ്‌സില്‍ നടന്ന ‘ചൈല്‍ഡ് വെല്‍ ബീയിംങ് ഇന്‍ എ ഡിജിറ്റല്‍ വേള്‍ഡ് കോണ്‍ഫറന്‍സി’ലാണ് പുരസ്‌കാരം നല്‍കിയത്. പങ്കെടുത്ത 48 സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച 10 സ്‌കൂളുകളിലൊന്നാണ് ഹാബിറ്റാറ്റ്. ഏഴ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. യുഎഇ സഹിഷ്ണുതാ, സഹര്‍ത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മബാറക് അല്‍ നഹ്‌യാനായിരുന്നു മു ഖ്യാതിഥി.
അബുദാബി ഫാമിലി കെയര്‍ അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. ബുഷ്‌റ അല്‍ മുല്ല, എമിറേറ്റ്‌സ് സെയ്ഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി അംബാസഡര്‍ അംഗം അബ്ദുല്ല അല്‍ മുഹമ്മദ് എന്നിവരില്‍ നിന്നും ഹാബിറ്റാറ്റ് സ്‌കൂള്‍ സിഐഒ (അക്കാദമിക്‌സ്) ആദില്‍ സി.ടിയും ഹാബിറ്റാറ്റ് പ്രിന്‍സിപ്പല്‍ ബാല റെഡ്ഢി അമ്പാട്ടിയുമാണ് ബഹുമതി ഏറ്റുവാങ്ങിയത്. ഹാബിറ്റാറ്റ് സ്‌കൂളിലെ സറീനാഹ് ഖാസി, ഐസ്‌ക കൗസര്‍, നിജ അബ്ദുല്‍ ഖാദിര്‍ എന്നീ കുട്ടികളെ ഇസേഫ്റ്റി അംബാസഡര്‍മാരായും തെരഞ്ഞെടുത്തു. ഇവരുടെ ‘സേഫ്റ്റി ഓഫ് ചില്‍ഡ്രന്‍ ഇന്‍ ദി ഡിജിറ്റല്‍ വേള്‍ഡ്’ എന്ന പ്രൊജക്റ്റിന് പ്രത്യേക അംഗീകാരം ലഭിച്ചു.
ഈ കോണ്‍റന്‍സിലൂടെ ഇസേഫ്റ്റിക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ നിര്‍വഹിച്ച എല്ലാ സ്‌കൂളുകള്‍ക്കും പ്രത്യേക അംഗീകാരം നല്‍കി. യുഎഇയിലെ ഏറ്റവും മികച്ച ഈ 10 സ്‌കൂളുകളെ തെരഞ്ഞെടുക്കാന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഇസേഫ്റ്റി വകുപ്പിന്റെയും നേതൃത്വത്തില്‍ പത്യേക പാനല്‍ തന്നെ രൂപീകരിച്ചിരുന്നു.
കുട്ടികളുടെ പഠനത്തിന് എപ്പോഴും ഏറ്റവും മികച്ചതും നൂതനവുമായ രീതികള്‍ തങ്ങള്‍ സ്വീകരിക്കുന്നുവെന്നും, പ്രത്യേകിച്ച് കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും മികച്ചത് തന്നെ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും അതിനാലാണ് ഈ അംഗീകാരം ലഭിച്ചതെന്നും ഹാബിറ്റാറ്റ് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഷംസുസ്സമാന്‍ അഭിപ്രായപ്പെട്ടു.
കമ്യൂണിറ്റി ഡവലപ്‌മെന്റ് അഥോറിറ്റിയുടെ പ്രത്യേക മന്ത്രിതല ഉത്തരവ് പ്രകാരം സ്ഥാപിതമായ എമിറേറ്റ്‌സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (ഇസേഫ്) ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. ഇത് ഓണ്‍ലൈന്‍ അപകട സാധ്യതകള്‍ ഒഴിവാക്കി ഉത്തരവാദിത്തത്തോടെ കുട്ടികളെയും യുവാക്കളെയും പ്രാപ്തരാക്കുന്നു.
‘സിവിക് എന്‍ഗേജ്‌മെന്റും പങ്കാളിത്തവും ഇന്നും ഭാവിയിലും കുട്ടികളുടെ ഡിജിറ്റല്‍ ക്ഷേമം പ്രോത്സാഹിപ്പിക്കാനുള്ള താക്കോല്‍’ എന്നതായിരുന്നു സമ്മേളന പ്രമേയം. വിദഗ്ധരുമായി നേരിട്ട് സംവാദിക്കാനും ഇന്റര്‍നെറ്റ് സുരക്ഷയെ കുറിച്ചുള്ള ആശയങ്ങള്‍ കൈമാറാനുമുള്ള വേദി കൂടിയായിരുന്നു ഇത്. രാജ്യാന്തര പ്രശസ്തരായ പ്രഭാഷകരും പ്രൊഫഷണലുകളും ഉദ്യോഗസ്ഥരും പങ്കെടുത്തു.