പത്തനംതിട്ട സ്വദേശി രതീഷിന് മഹ്‌സൂസ് നറുക്കെടുപ്പില്‍ രണ്ടര കോടി സമ്മാനം
ദുബായ്: യുഎഇയിലെ മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പില്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി രതീഷിന് രണ്ടര കോടി രൂപ സമ്മാനം ലഭിച്ചു.
ഈ മാസം 19ന് നടന്ന മഹ്‌സൂസ് 142-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് ഏകദേശം രണ്ടര കോടി രൂപക്ക് തുല്യമായ 10 ലക്ഷം ദിര്‍ഹം സമ്മാനമായി കിട്ടിയത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി രതീഷ് (41) ആണ് ഭാഗ്യവാന്‍. ഇതേ നറുക്കെടുപ്പില്‍ ഫിലിപ്പീനി യുവതിക്ക് 50,000 ദിര്‍ഹം വില മതിക്കുന്ന സ്വര്‍ണ നാണയങ്ങളും സമ്മാനമായി ലഭിച്ചു.
ജീവിത സാഹച്യങ്ങളെ മാറ്റിയ ഈ സമ്മാനത്തില്‍ ഏറെ ആഹ്‌ളാദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 14 വര്‍ഷമായി കുടുംബത്തോടൊപ്പം യുഎഇയില്‍ താമസിക്കുന്ന ബിസിനസുകാരനായ രതീഷ് മഹ്‌സൂസിന്റെ തുടക്കം മുതല്‍ തന്നെ പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ ഒരു തവണ 35 ദിര്‍ഹം സമ്മാനം ലഭിച്ചിരുന്നു. ഓരോ തവണയും ചെറിയ തുകയെങ്കിലും കിട്ടണമെന്നായിരുന്നു ആഗ്രഹിച്ചത്.
സമ്മാനത്തുക ഉപയോഗിച്ച് നാട്ടില്‍ വീട് നിര്‍മിക്കാനും യുഎഇയില്‍ തുടര്‍ന്നു വരുന്ന ബിസിനസ് വിപുലീകരിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് രണ്ട് കുട്ടികളുടെ പിതാവായ രതീഷ് വെളിപ്പെടുത്തി.
ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ടെക്‌നിക്കല്‍ സപോര്‍ട്ട് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന ജോസെലിന്‍ (47) ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെയാണ് സ്വര്‍ണ നാണയങ്ങള്‍ സ്വന്തമാക്കിയത്. ഈ നറുക്കെടുപ്പില്‍ മറ്റ് 826 പേര്‍ക്ക് ആകെ 4,04,250 ദിര്‍ഹം സമ്മാനത്തുകയായി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.