‘ഫാല്‍കണയേഴ്‌സ്: ബില്യണയേഴ്‌സ് ഓഫ് ദി ഫാല്‍കണ്‍ ലാന്‍ഡി’ന് തുടക്കമിട്ട് സ്റ്റാര്‍ട്ടപ് മിഡില്‍ ഈസ്റ്റ്
ദുബായ്: സംരംഭക പ്രതിഭകളെ പരിപോഷിപ്പിക്കാനുള്ള പ്രമുഖ പ്‌ളാറ്റ്‌ഫോമായ സ്റ്റാര്‍ട്ടപ് മിഡില്‍ ഈസ്റ്റിന്റെ 12-ാം പതിപ്പിലും, ‘എന്റര്‍പ്രൈസ് ഫോറ’ത്തിന്റെ ഒന്നാം വാര്‍ഷിക പതിപ്പിലും ആകര്‍ഷകമായ പാനല്‍ സെഷനുകളും സ്റ്റാര്‍ട്ടപ്പ് പിച്ചുകളും ഉള്‍പ്പെടുത്തിയ ശ്രദ്ധേയ പ്രോഗ്രാമായ ‘ഫാല്‍കണയേഴ്‌സ്: ബില്യണയേഴ്‌സ് ഓഫ് ദി ഫാല്‍കണ്‍ ലാന്‍ഡി’ന് തുടക്കമായി. ദുബായ് ബിസിനസ് ബേയിലെ താജ് ഹോട്ടലില്‍ നടന്ന പ്രൗഢ ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയുടെ സാന്നിധ്യത്തില്‍ ദുബായ് ചേംബര്‍ ഓഫ് ഡിജിറ്റല്‍ എകോണമി ചെയര്‍മാന്‍ അഹ്മദ് ബിന്‍ ബയാത്താണ് ഇതിന് തുടക്കം കുറിച്ചത്.
സ്റ്റാര്‍ട്ടപ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ചടങ്ങില്‍ ദുബായ് ചേംബര്‍ വൈസ് പ്രസിഡന്റ് സഈദ് അല്‍ ഗര്‍ഗവി, പ്രമുഖ വ്യവസായികളായ അവിശേഷ ഭോജാനി, നീലേഷ് ഭട്‌നാഗര്‍, അബ്ദുല്ല അല്‍ റിയാമി, ധര്‍മിന്‍ വേദ്, നന്ദി വര്‍ധന്‍ മേത്ത, ദീപക് ഭാട്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാമ്പത്തിക വളര്‍ച്ചയുടെയും തൊഴിലവസര സൃഷ്ടിയുടെയും പ്രധാന ചാലകങ്ങളായി സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കേണ്ടതിന്റെയും ഒരു സംരംഭക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെയും പ്രാധാന്യം ചടങ്ങില്‍ സംസാരിച്ച ഡോ. അമന്‍ പുരി എടുത്തു പറഞ്ഞു.
തുര്‍ന്ന്, സഈദ് അല്‍ ഗര്‍ഗവ ിയുമായി പാനല്‍ സെഷനുമുണ്ടായിരുന്നു.
സംരംഭകത്വ മേഖലയിലെ തന്റെ അറിവും അനുഭവങ്ങളും പങ്കു വെച്ച സഈദ് അല്‍ ഗര്‍ഗവി, ബിസിനസുകളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ സാങ്കേതിക വിദ്യയുടെയും ഡിജിറ്റല്‍ നവീകരണത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ കുറിച്ചും വിശദീകരിച്ചു. ശേഷം, തെരഞ്ഞെടുത്ത അഞ്ച് സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികള്‍ അവതരണം നിര്‍വഹിച്ചു.
സംരംഭകര്‍ക്ക് തങ്ങളുടെ നൂതന ആശയങ്ങള്‍ വ്യവസായ വിദഗ്ധരുടെയും നിക്ഷേപകരുടെയും പാനലിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേദി നല്‍കി മിഡില്‍ ഈസ്റ്റിലെ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റത്തില്‍ വിപ്‌ളവം സൃഷ്ടിക്കാനാണ് ഈ സംരംഭം കൊണ്ട് ലക്ഷ്യമിടുന്നത്.
പരിപാടിയില്‍ ഹൈ ടീ ആന്‍ഡ് നെറ്റ്‌വര്‍കിംഗ് സെഷനുമുണ്ടായിരുന്നു. സംരംഭകര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് കണക്റ്റ് ചെയ്യാനും ആശയങ്ങള്‍ കൈമാറാനും സാധ്യതയുള്ള സഹകരണങ്ങള്‍ രൂപപ്പെടുത്താനും ഇത് മികച്ച വേദിയായി മാറി.