ഫാമിലി ബിസിനസ് സെന്ററുകള്‍: ശൈഖ് മുഹമ്മദ് ഉത്തരവിറക്കി
ദുബായ്: ദുബായില്‍ ഫാമിലി ബിസിനസ് സെന്റര്‍ സ്ഥാപിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു. എമിറേറ്റിലെ കുടുംബ ബിസിനസുകളുടെ സുസ്ഥിരതയും വളര്‍ച്ചയും ലക്ഷ്യമിട്ടാണിത്.
യുഎഇയിലെ ഫാമിലി ബിസിനസുകളുടെ ഉടമസ്ഥാവകാശവും ഭരണവും നിയന്ത്രിക്കാന്‍ സമഗ്രവും ലളിതവുമായ നിയമ ചട്ടക്കൂട് സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്ന ഫാമിലി ബിസിനസിനെ കുറിച്ചുള്ളതാണ് പുതിയ ഫെഡറല്‍ ഡിക്രി നിയമം. ദുബായ് ചേംബേഴ്‌സിന്റെ സംഘടനാ ഘടനയുടെ ഭാഗമായി സെന്റര്‍ സ്ഥാപിക്കുകയും ഈ ഉത്തരവിന് കീഴിലുള്ള ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യും.
കുടുംബ ബിസിനസുകള്‍ക്ക് സാങ്കേതികവും ഭരണപരവുമായ പിന്തുണ വാഗ്ദാനം ചെയ്യല്‍, അവയുടെ സുസ്ഥിരതയും ചിട്ടയായ തലമുറ പിന്തുടര്‍ച്ച ഉറപ്പാക്കല്‍, എമിറേറ്റിലെ കുടുംബ ബിസിനസുകളെ പിന്തുണക്കാനും വികസിപ്പിക്കാനുമുള്ള സമഗ്രമായ തന്ത്രം വികസിപ്പിക്കല്‍, ഈ ബിസിനസുകള്‍ കൈകാര്യം ചെയ്യാനുള്ള ക്രിയാത്മക പരിഹാരങ്ങള്‍, ബിസിനസ്സ് വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പടെയുള്ള കടമകളും ഉത്തരവാദിത്തങ്ങളും ഡിക്രി വിവരിക്കുന്നു.