നോമ്പുകാരന്റെ സ്വഭാവ വിശേഷങ്ങള്‍
മുന്‍കാല പ്രവാചകന്മാരുടെ സമുദായങ്ങള്‍ക്കെന്ന പോലെ മുഹമ്മദ് നബി (സ്വ)യുടെ സമുദായമായ നമുക്കും നിര്‍ബന്ധമാക്കപ്പെട്ട ആരാധനയാണ് വ്രതം. പരിശുദ്ധ റമദാന്‍ മാസത്തിലെ സവിശേഷമായതുമാണത്.
വ്രതം ആത്മാവിനും ശരീരത്തിനുമുള്ള ആരാധനയാണ്. വ്രതാനുഷ്ഠാനിയുടെ ശരീരം നോമ്പു മുറിക്കുന്ന കാര്യങ്ങള്‍ വിട്ടു നില്‍ക്കുമ്പോള്‍ ആത്മാവ് ഉന്നത സ്വഭാവങ്ങള്‍ പുല്‍കുകയാണ് ചെയ്യുന്നത്. നോമ്പെന്നാല്‍ കേവല അന്ന, പാനീയങ്ങള്‍ വര്‍ജിക്കലല്ല, സഭ്യമല്ലാത്ത സംസാരങ്ങളില്‍ നിന്നും മ്‌ളേഛ സ്വഭാവങ്ങളില്‍ നിന്നും വിട്ടു നില്‍ക്കല്‍ കൂടിയാണ് (ഹദീസ് ഇബ്‌നു ഖുസൈമ 3, 242).
നോമ്പെന്ന ആരാധനയുടെ പ്രവിത്രത ഓരോരുത്തരും കാത്തു സൂക്ഷിക്കണം. കണ്ണും കാതും എന്നല്ല, മുഴുവന്‍ അവയവങ്ങളും നോമ്പുകാരായിരിക്കണം. ഇടപാടുകളിലും ക്രയവിക്രയങ്ങളിലും ക്ഷമയും മൃദുലതയും കാട്ടണം. നല്ല വാക്കുകള്‍ ഉപയോഗിക്കണം. വീട്ടിനകത്താണെങ്കിലും പുറത്താണെങ്കിലും, ജോലിയിലാണെങ്കലും അല്ലെങ്കിലും, യാത്രയിലാണെങ്കിലും ഡ്രൈവിംങിലാണെങ്കിലും ഈ നല്ല സ്വഭാവങ്ങള്‍ നിലനിര്‍ത്തണം.
ജാബിര്‍ ബ്‌നു അബ്ദുല്ലാ (റ) പറയുന്നു: നീ നോമ്പനുഷ്ഠിച്ചാല്‍ നിന്റെ നാവും കണ്ണും കാതും നിഷിദ്ധ കാര്യങ്ങളില്‍ നിന്നും കളവില്‍ നിന്നും വിട്ടുനിന്നു നോമ്പനുഷ്ഠിക്കണം. വ്രത ദിനങ്ങളില്‍ ശാന്തതയും ഗാംഭീര്യവും നിലനിര്‍ത്തണം. നോമ്പുള്ള ദിവസത്തെയും അല്ലാത്ത ദിവസത്തെയും സമമാക്കരുത് (ശുഅബുല്‍ ഈമാന്‍, ബൈഹഖി 3646).
നോമ്പുകാരന് ഉണ്ടായിരിക്കേണ്ട ഒരു സ്വഭാവമാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ശരിയായി ഉപയോഗിക്കുക എന്നത്. അതായത്, ഒന്നിലും അമിത വ്യയം അരുത്. തിന്നാനും കുടിക്കാനും പറയുന്ന അല്ലാഹു ദുര്‍വ്യയം ചെയ്യരുതെന്നും കല്‍പിക്കുന്നുണ്ട്. അവന്‍ ദുര്‍വ്യയം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നില്ലത്രെ (സൂറത്തുല്‍ അഅ്‌റാഫ് 31).
നോമ്പുകാരന്‍ തന്റെ ഭക്ഷണത്തില്‍ നിന്നൊരു വിഹിതം അയല്‍വാസിക്കും ദരിദ്രര്‍ക്കും നല്‍കണം. അതിന് ഇരട്ടി പ്രതിഫലമാണുള്ളത്. നോമ്പ് തുറപ്പിച്ചവന് നോമ്പുകാരന് തുല്യമായ പ്രതിഫലം യാതൊരു ഏറ്റകുറച്ചിലുമില്ലാതെ ലഭിക്കുന്നതായിരിക്കുമെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് തുര്‍മുദി 807).
വ്രതാനുഷ്ഠാനത്തിലെ ഭക്ഷണദാനം സ്വര്‍ഗപ്രവേശം സാധ്യമാക്കുന്ന പുണ്യ പ്രവര്‍ത്തനമാണ്. ഒരിക്കല്‍ നബി (സ്വ) സ്വര്‍ഗത്തിലെ മുറികളുടെ വിശേഷണങ്ങള്‍ പറയുന്നത് കേട്ട ഒരാള്‍ ചോദിച്ചു, ആ സ്വര്‍ഗം ആര്‍ക്കുള്ളതാണ് തിരുദൂതരേ? നബി (സ്വ) പറഞ്ഞു: നല്ലത് മൊഴിഞ്ഞവര്‍ക്കും ഭക്ഷണം നല്‍കിയവര്‍ക്കും വ്രതം നിത്യമാക്കിയവര്‍ക്കും… (ഹദീസ് തുര്‍മുദി 1984).