CharityCommunityFEATUREDUAE

ഫാത്തിമ ഹെല്‍ത് കെയര്‍ ഗ്രൂപ് സില്‍വര്‍ ജൂബിലി ഇന്ന് ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍

ഡോ. ശശി തരൂര്‍ എംപി മുഖ്യാതിഥി. ശൈഖ് അബ്ദുല്ല മുഹമ്മദ് ഖാലിദ് അഹ്മദ് അല്‍ ഖാസിമി, ഡോ. ആസാദ് മൂപ്പന്‍, വേണു രാജാമണി തുടങ്ങിയവര്‍ സംബന്ധിക്കും

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ എഫ്എംസി നെറ്റ്‌വര്‍ക് ഗ്രൂപ് സ്ഥാപനമായ ഫാത്തിമ ഹെല്‍ത് കെയര്‍ ഗ്രൂപ്പിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ഇന്ന് വൈകിട്ട് ആറിന് ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ നടക്കുമെന്ന് ചെയര്‍മാന്‍ ഡോ. കെ.പി. ഹുസൈന്‍ അറിയിച്ചു. ഡോ. ശശി തരൂര്‍ എംപി മുഖ്യാതിഥിയായിരിക്കും. ശൈഖ് അബ്ദുല്ല മുഹമ്മദ് ഖാലിദ് അഹ്മദ് അല്‍ ഖാസിമി, ഡോ. ആസാദ് മൂപ്പന്‍, വേണു രാജാമണി തുടങ്ങിയവര്‍ സംബന്ധിക്കും.
യുഎഇയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ സിഇഒമാരും വിവിധ എമിറേറ്റുകളിലെ ആശുപത്രി, മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന 750 ഡോക്ടര്‍മാരും പങ്കെടുക്കും. 32 വര്‍ഷത്തിലേറെയായി ആരോഗ്യ സംരക്ഷണ മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന തനിക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിച്ചുതന്ന യുഎഇ ഭരണാധികാരികളോട് ഏറെ കടപ്പാടുണ്ടെന്ന് ഡോ. കെ.പി ഹുസൈന്‍ പറഞ്ഞു. 1997 ദേര നായിഫ് റോഡില്‍ പ്രവര്‍ത്തനമാരംഭിച്ച മെഡിക്കല്‍ സ്ഥാപനത്തിലൂടെ യുഎഇയിലെ ആതുര സേവന രംഗത്തേക്ക് പ്രവേശിച്ചതാണ് ഫാത്തിമ ഹെല്‍ത് കെയര്‍ ഗ്രൂപ്. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ പതിവു പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ ചെലവഴിക്കും. മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ 25 കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ഈ മാസം 16ന് 35 ലക്ഷം രൂപ കൈമാറും. സ്വന്തം നാടായ മലപ്പുറത്തെ ചുലൂരില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ സെന്ററിന് വേണ്ടി 22 ലക്ഷം രൂപയും സഹായധനമായി നല്‍കും. ആദ്യ ഗഡുവായി 10 ലക്ഷം രൂപ ഇതിനകം കൈമാറിയിട്ടുണ്ട്. തൃശൂര്‍ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ ഫാ.ജോയ് കുത്തൂരിന് കൈമാറും. നിലമ്പൂര്‍ ഉപ്പാടം പോത്തുകല്ലില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 3 കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കുകയുണ്ടായി. കൂടാതെ, ഭവന രഹിതരായ വിധവകള്‍ക്കും വീട് നിര്‍മാണത്തിനും ആലപ്പുഴയില്‍ രോഗബാധിതയായ വിധവയ്ക്ക് ധന സഹായവും നല്‍കുമെന്നും ഇതിനെല്ലാം കൂടി ഒരു കോടി 5 ലക്ഷം രൂപ ചെലവിടുമെന്നും ഡോ. ഹുസൈന്‍ വ്യക്തമാക്കി.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.