യുഎഇയിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് ചാമ്പ്യന്‍ഷിപ്പിന് ദുബായില്‍ തുടക്കം
ദുബായ്: കഴിഞ്ഞ ദിവസം ആരംഭിച്ച യുഎഇ വൈല്‍ഡ് കാര്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ യുഎഇ റെസിഡന്റ്‌സ് ഓപണ്‍ 16-ാം റൗണ്ടും ക്വാര്‍ട്ടര്‍ ഫൈനലും ഇന്നലെ ഷാര്‍ജയിലെ പാഡല്‍ അരീനയില്‍ നടന്നു. ലോക പാഡല്‍ ടൂറിലേക്കുള്ള ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒന്നിനായി യുഎഇയില്‍ നിന്നും ജിസിസിയില്‍ നിന്നുമുള്ള 190ലധികം അഡ്വാന്‍സ്ഡ് പാഡല്‍ കളിക്കാര്‍ മത്സരിക്കുന്നു.
യുഎഇ പാഡല്‍ അസോസിയേഷന്റെയും അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും പങ്കാളിത്തത്തോടെ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ് സ്‌പോണ്‍സര്‍ ചെയ്യുന്ന യുഎഇ വൈല്‍ഡ് കാര്‍ഡ് ചാമ്പ്യന്‍ഷിപ് ഫെബ്രുവരി 12 വരെ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ മൂന്ന് വാരാന്ത്യങ്ങളിലായി യുഎഇയിലുടനീളം ആറ് ടൂര്‍ണമെന്റുകള്‍ ഉള്‍ക്കൊള്ളുന്നു.
ചാമ്പ്യന്‍ഷിപ്പില്‍ യുഎഇ റസിഡന്റ്‌സ് ഓപണ്‍, യുഎഇ നാഷണല്‍സ്, ജിസിസി നാഷണല്‍സ് എന്നിങ്ങനെ മൂന്ന് വിഭാഗം മല്‍സരങ്ങളാണുള്ളത്.
ഓരോ വിഭാഗത്തിലും ആണ്‍, പെണ്‍ ടൂര്‍ണമെന്റുകളുണ്ട്. 50ലധികം പുരുഷ ടീമുകളും 35 വനിതാ ടീമുകളും ഉള്‍പ്പെടെ ആറ് പ്‌ളേ ഓഫ് മത്സരങ്ങള്‍ക്കായി 90ലധികം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യുഎഇ നിവാസികള്‍ക്കുള്ള വാരാന്ത്യ പ്‌ളേ ഓഫില്‍ വെള്ളിയാഴ്ച നടന്ന 32 റൗണ്ട് ഉള്‍പ്പെടുന്നു. അതേസമയം, റൗണ്ട് ഓഫ് 16ഉം ക്വാര്‍ട്ടര്‍ ഫൈനലും ഇന്നലെ നടന്നു. സെമി ഫൈനല്‍ ഇന്നാണ്. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ടൂര്‍ണമെന്റും ഇതേ നോക്കൗട്ട് ഫോര്‍മാറ്റില്‍ ഫെബ്രുവരി 3 മുതല്‍ 5 വരെ ദുബായ് വേള്‍ഡ് പാഡല്‍ അക്കാദമിയില്‍ നടക്കും. ഫെബ്രുവരി 10 മുതല്‍ 11 വരെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ അബുദാബി പാഡല്‍ ഹബ്ബില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ടൂര്‍ണമെന്റില്‍ മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള അഡ്വാന്‍സ്ഡ് പാഡല്‍ കളിക്കാര്‍ മത്സരിക്കും.
അതേസമയം, ആറ് ടൂര്‍ണമെന്റുകളുടെയും ഫൈനല്‍ ഫെബ്രുവരി 12ന് അബുദാബി പാഡല്‍ ഹബ്ബില്‍ നടക്കും. വിജയിക്കുന്ന ഓരോ ടീമിനും വൈല്‍ഡ് കാര്‍ഡ് ലഭിക്കും. യോഗ്യതാ റൗണ്ടില്‍ ലോകത്തിലെ ടോപ് സീഡ് പാഡല്‍ കളിക്കാരുമായി കളിക്കാന്‍ അവര്‍ യോഗ്യത നേടും.