ഫോസ ഡയമണ്ട് ഫിയസ്റ്റ 21ന് ദുബൈയില്‍
ദുബൈ: കോഴിക്കോട് ഫാറൂഖ് കോളജ് 75-ാം വാര്‍ഷികത്തിന്റെ അന്തരാഷ്ട്ര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫോസ യുഎഇ സംഘടിപ്പിക്കുന്ന ഡയമണ്ട് ഫിയസ്റ്റ ശനിയാഴ്ച ദുബൈ അല്‍ നഹ്ദയിലെ ഹയര്‍ കോളജസ് ഓഫ് ടെക്‌നോളജി ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യയുടെയും ഫാറൂഖ് കോളജിന്റെയും 75 വര്‍ഷങ്ങളും യുഎഇയുടെ 51 വര്‍ഷങ്ങളും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന പരിപാടി 21ന് വൈകുന്നേരം നാലിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ലമെന്റേറിയനും നിയമ വിദഗ്ധനുമായ കപില്‍ സിബല്‍ എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി, ഡോ. ആസാദ് മൂപ്പന്‍, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍, മാനേജര്‍ സി.പി കുഞ്ഞുമുഹമ്മദ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഫാറൂഖ് കോളജിന്റെ 75 വര്‍ഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന മാഗസിനും ഇതോടനുബന്ധിച്ച് തയാറാക്കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ എം.സി.എ നാസറിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന മാഗസിന്റെ പ്രകാശനവും വേദിയില്‍ നടക്കും. രമ്യ നമ്പീശന്‍, നജീം അര്‍ഷാദ്, രാജ് കലേഷ്, രിസ ഫാത്തിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന സംഗീത നിശയും അരങ്ങേറും.
യുഎഇയില്‍ ആയിരക്കണക്കിന് പൂര്‍വ വിദ്യാര്‍ത്ഥികളുള്ള സംഘടനയാണ് ഫോസയെന്നും അവരുടെയെല്ലാം ക്ഷേമമാണ് ലക്ഷ്യമിടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടന നടപ്പാക്കുന്നത്. യുഎഇയിലെി എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ള പൂര്‍വ വിദ്യാര്‍ത്ഥികളെ സദസ്സില്‍ പ്രതീക്ഷിക്കുന്നു. ഫോസ അംഗങ്ങളല്ലാത്തവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. ഈ പരിപാടിയുടെ തുടര്‍ച്ചയായി വിവിധ രാജ്യങ്ങളിലെ ഫോസ ഘടകങ്ങള്‍ 75-ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഫോസ മുന്‍ പ്രസിഡന്റുമാരായ ഡോ. അഹമ്മദ്, മലയില്‍ മുഹമ്മദ് അലി, ജമീല്‍ ലത്തീഫ്, പ്രസിഡന്റ് റാഷിദ് കിഴക്കയില്‍, ജനറല്‍ സെക്രട്ടറി റാബിയ ഹുസൈന്‍, സെക്രട്ടറി ജലീല്‍ മഷ്ഹൂര്‍, അനീസ് ഫരീദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.