SportsUAE

ഭാവി കായിക താരങ്ങള്‍: യുഎഇ സ്‌പോര്‍ട്‌സ് ഫെഡറേഷനും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയും ധാരണയില്‍

യുഎഇ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ആരോഗ്യ പങ്കാളിയെന്ന നിലയില്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ വൈദഗ്ധ്യമുള്ള വിദ്യാര്‍ത്ഥികളിലെ കായികശേഷി വര്‍ധിപ്പിക്കുക, ആരോഗ്യപരിചരണം ഉറപ്പാക്കുക തുടങ്ങിയവയാണ് മെഡ്‌കെയറിന്റെ ചുമതലകള്‍.

ദുബായ്: രാജ്യത്തെ വിദ്യാര്‍ത്ഥികളെ ഭാവിയുടെ കായിക താരങ്ങളായി വളര്‍ത്താന്‍ യുഎഇ കായിക മന്ത്രാലയം രൂപം നല്‍കിയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഫോര്‍ സ്‌കൂള്‍ ആന്‍ഡ് യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന് കീഴിലുള്ള മെഡ്‌കെയര്‍ ആശുപത്രിയെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്തു.
ദുബായിലെ ജനറല്‍ സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫീസില്‍ ബുധനാഴ്ച നടന്ന ഔദ്യോഗിക ചടങ്ങില്‍ യുഎഇ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ശൈഖ് സുഹൈല്‍ ബിന്‍ ബുത്തി അല്‍ മക്തൂം ഷാര്‍ജയിലെ മെഡ്‌കെയര്‍ ആശുപത്രിയെ ഫെഡറേഷന്റെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്തുവെന്ന് പ്രഖ്യാപിച്ചു.
നിലവില്‍ യുഎഇ സ്‌പോര്‍ട്‌സ് ഫെഡറേഷന് കീഴില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വിവിധ കായികയിനങ്ങളില്‍ പരിശീലനം നടത്തുന്നുണ്ട്. ആരോഗ്യ പങ്കാളിയെന്ന നിലയില്‍ ഇവരുടെ കായികശേഷി വര്‍ധിപ്പിക്കുക, ആരോഗ്യ പരിചരണം ഉറപ്പാക്കുക തുടങ്ങിയവയാണ് മെഡ്‌കെയറിന്റെ ചുമതലകള്‍.
ഇതിനായി ഷാര്‍ജ മെഡ്‌കെയര്‍ ആശുപത്രിയിലെ സ്‌പോര്‍ട്‌സ് മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം പൂര്‍ണമായും സ്‌പോര്‍ട്‌സ് ഫെഡറേഷന് വേണ്ടി പ്രവര്‍ത്തിക്കും. ഇവര്‍ കായിക പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വര്‍ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുകയും ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുള്ള സഹായം നല്‍കുകയും ചെയ്യും.
യുഎഇ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പുകളുടെയും മത്സരങ്ങളുടെയും ടൂര്‍ണമെന്റുകളുടെയും മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതും ഷാര്‍ജയിലെ മെഡ്‌കെയര്‍ ആശുപത്രിയുടെ ചുമതലയാണ്.
”കായിക മേഖലയില്‍ മികവ് പുലര്‍ത്തുന്ന യുവതലമുറയുടെ ഉന്നമനത്തിനായി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള സ്ഥാപനങ്ങളുമായി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ സഹകരിച്ചു വരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് മെഡ്‌കെയര്‍ ആശുപത്രിയെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്തത്. കായിക മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഇത്തരം സഹകരണങ്ങള്‍ സഹായിക്കും” -ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ശൈഖ് സുഹൈല്‍ ബിന്‍ ബുത്തി അല്‍ മക്തൂം പറഞ്ഞു.
മെഡ്‌കെയര്‍ ആശുപത്രിയെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്ത യുഎഇ ഫെഡറേഷനോട് നന്ദി അറിയിക്കുന്നതായി യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്‌ളിനിക്‌സ് സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.
”യുഎഇ സ്‌പോര്‍ട്‌സ് ഫെഡറേഷനുമായി സഹകരിച്ച് രാജ്യത്തെ വിദ്യാര്‍ത്ഥികളെ ഭാവിയിലെ താരങ്ങളായി മാറ്റുകയെന്ന ഉദ്യമത്തില്‍ പങ്കാളിയാവാന്‍ കഴിയുന്നത് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. ഒരു വലിയ ലക്ഷ്യത്തിനായാണ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ശ്രമിക്കുന്നത്. ഫെഡറേഷന്റെ ദൗത്യം സഫലമാക്കാന്‍ തങ്ങളാല്‍ കഴിയുന്ന വിധം ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കും” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.