ഗ്‌ളോബല്‍ അലയന്‍സ് ഓഫ് എന്‍ആര്‍ഐ ഏഞ്ചല്‍സ് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ അനാച്ഛാദനം ചെയ്തു
ദുബായ്: പ്രവാസി നിക്ഷേപകരെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധിപ്പിക്കാനുള്ള പ്‌ളാറ്റ്‌ഫോം ‘ഗ്‌ളോബല്‍ അലയന്‍സ് ഓഫ് എന്‍ആര്‍ഐ ഏഞ്ചല്‍സ്’ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍ ദുബായില്‍ അനാച്ഛാദനം ചെയ്തു. യുവ സംരംഭകരെ പിന്തുണക്കാന്‍ പ്രവാസി നിക്ഷേപകരെ ഒരുമിച്ച് കൊണ്ടുവരാനുള്ള സ്റ്റാര്‍ട്ടപ് മിഡില്‍ ഈസ്റ്റിന്റെ സംരംഭമാണ് ഗ്‌ളോബല്‍ അലയന്‍സ് ഓഫ് എന്‍ആര്‍ഐ ഏഞ്ചല്‍സ്.
നിക്ഷേപം, മെന്റര്‍ഷിപ്, വ്യവസായ ബന്ധങ്ങള്‍ എന്നിവയിലൂടെ ഇന്ത്യയില്‍ നിന്നുള്ള യുവ സംരംഭകരെ പിന്തുണക്കുക, ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് പുതിയ വഴികള്‍ തുറക്കുക, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റത്തില്‍ പ്രവാസി നിക്ഷേപകരുടെ സംഭാവന ഉറപ്പാക്കുക എന്നിവയാണ് സ്റ്റാര്‍ട്ടപ് മിഡില്‍ ഈസ്റ്റിന്റെ നേതൃത്വത്തിലുള്ള ഗ്‌ളോബല്‍ അലയന്‍സ് ഓഫ് എന്‍ആര്‍ഐ ഏഞ്ചല്‍സ് നിര്‍വഹിക്കുന്നത്.
പുതിയ സംരംഭത്തിന്റെ സമാരംഭം ദുബായ് താജ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് കേന്ദ്ര മന്ത്രി നിര്‍വഹിച്ചത്.
സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ഇന്ത്യയുടെ നട്ടെല്ലാണെന്നും, സ്വാതന്ത്ര്യത്തിന്റെ നൂറു വര്‍ഷങ്ങള്‍ ഇന്ത്യ പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്ന എന്‍ജിന്‍ സ്റ്റാര്‍ട്ട് അപ്പുകളാകും അവയെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കേന്ദ്രമന്ത്രി സൂചിപ്പിച്ചു. 77,000 അംഗീകൃത സ്റ്റാര്‍ട്ടപ്പുകളും അവയില്‍ 108ലധികം യൂണികോണുകളുമുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റമാണ് ഇന്ത്യ. ഇന്ത്യന്‍ പ്രവാസികള്‍ ഏറെയുള്ള യുഎഇയില്‍ ‘ഗ്‌ളോബല്‍ അലയന്‍സ് ഓഫ് എന്‍ആര്‍ഐ ഏഞ്ചല്‍സ്’ പോലുള്ള പദ്ധതികള്‍ ആരംഭിക്കുന്നത് ഏറ്റവും അനുയോജ്യമാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. ദുബായില്‍ ഊര്‍ജസ്വലമായ ഒരു സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം കെട്ടിപ്പടുക്കാനും ഇന്ത്യയില്‍ നിന്നുള്ള യുവ സംരംഭകര്‍ക്ക് ചുവടുറപ്പിക്കാനുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കാനും സ്റ്റാര്‍ട്ടപ് മിഡില്‍ ഈസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സംരംഭങ്ങളെയും നീക്കങ്ങളെയും കേന്ദ്ര മന്ത്രി അഭിനന്ദിച്ചു.
നീലേഷ് ഭട്‌നാഗര്‍ (എന്‍ബി വെഞ്ച്വേഴ്‌സ്), സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്), ഹബീബ് ഹസന്‍ (സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്), ചിരാഗ് ഗുപ്ത (8 ത വെഞ്ച്വേഴ്‌സ്), നന്ദി വര്‍ധന്‍ മേത്ത (കാഫ് ഇന്‍വെസ്റ്റ്‌മെന്റ്), മഹേഷ് അദ്വാനി (ബ്‌ളോസം ട്രേഡിംഗ്), ഫായിസ് മായലക്കര (എമിറേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി), കമല്‍ വാചാനി (അല്‍ മായ ഗ്രൂപ്), സിദ്ധാര്‍ത്ഥ് രാമചന്ദ്രന്‍ (പന്തേര ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്), ചേതന്‍ മേത്ത (ഓം വെഞ്ച്വേഴ്‌സ്), വെങ്കിട്ടരാമന്‍ ജഗന്നാഥന്‍ (സീഡ് ഇന്നൊവേഷന്‍ വിസി), ആന്റണി ജോസ് (ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച്) എന്നീ പ്രമുഖ നിക്ഷേപകര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്റ്റാര്‍ട്ടപ് എംഇ എന്നത് മിഡില്‍ ഈസ്റ്റിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മാര്‍ക്കറ്റ് എന്‍ട്രി, സോഫ്റ്റ് ലാന്‍ഡിംഗ്, നിക്ഷേപങ്ങള്‍ എന്നിവ സുഗമമാക്കുന്ന ഒരു പ്‌ളാറ്റ്‌ഫോമാണ്. ‘എന്റര്‍പ്രൈസ് ഫോറം’ എന്ന പേരില്‍ പ്രതിമാസ പിച്ചിംഗും നെറ്റ്‌വര്‍കിംഗ് സെഷനുകളും സംഘടിപ്പിക്കുന്നു. നിക്ഷേപ ഉപദേശവുമായി സ്റ്റാര്‍ട്ടപ് സ്ഥാപകരെ പിന്തുണക്കുന്നു. യുഎഇയില്‍ ബിസിനസുകള്‍ സ്ഥാപിക്കുന്നു.
കേരള സ്റ്റാര്‍ട്ടപ് മിഷന്‍, ടിഹബ് ഹൈദരാബാദ്, യുപി സര്‍ക്കാര്‍, കര്‍ണാടക ഡിജിറ്റല്‍ എകണോമി മിഷന്‍, ഐഐഎം ലഖ്‌നൗ എന്നിവയുമായി ധാരണയുള്ള പങ്കാളിയാണ് സ്റ്റാര്‍ട്ടപ് എംഇ. എക്‌സ്‌പോ 2020 ദുബായില്‍ ഇന്ത്യാ പവലിയനായുള്ള സ്റ്റാര്‍ട്ടപ് പ്രൊജക്റ്റ് ടീം നിയന്ത്രിച്ചത് ഈ പ്‌ളാറ്റ്‌ഫോമായിരുന്നു. അതില്‍ 735 സ്റ്റാര്‍ട്ടപ്പുകള്‍ പവലിയനില്‍ പ്രദര്‍ശിപ്പിക്കുകയും 621 സ്റ്റാര്‍ട്ടപ്പുകള്‍ പിച്ചിംഗ് സെഷനുകള്‍ അവതരിപ്പിക്കുകയും ചെയ്തു.