ദൈവ ദാനങ്ങള്‍
ഖുദ്‌സിയായ ഒരു ഹദീസില്‍ കാണാം, അല്ലാഹു പറയുമത്രെ: എന്റെ ദാസരേ, മനുഷ്യരും ജിന്നുകളുമടങ്ങളടങ്ങുന്ന നിങ്ങളിലെ സകലരും ഒരു മൈതാനിയില്‍ കൂടിയ ശേഷം എന്നോട് വല്ലതും ആവശ്യപ്പെട്ടാല്‍ ഓരോരുത്തരുടെയും ആവശ്യം സാധിപ്പിച്ചു കൊടുക്കാന്‍ എനിക്കാവും. അത് എന്റെ വിഭവങ്ങളില്‍ നിന്ന് യാതൊരു കുറവും വരുത്തില്ല. എത്രത്തോളമെന്നാല്‍, ഒരു സൂചി കടലിലിട്ടെടുത്താല്‍ അത് കടല്‍ വെള്ളത്തിന് യാതൊരു കുറവും വരുത്താത്തത് പോലെ (ഹദീസ് മുസ്‌ലിം 2577). സ്രഷ്ടാവായ അല്ലാഹുവിന്റെ അനുഗ്രഹ ദാനങ്ങള്‍ എല്ലാ സൃഷ്ടികള്‍ക്കും ലഭ്യമായിരിക്കും. അവന്റെ ഓശാരങ്ങളും ഔദാര്യങ്ങളും ദാനങ്ങളും ലഭിക്കാത്ത ചരാചരങ്ങളില്ല. ഓരോന്നും അവന്‍ അനുയോജ്യമായ രൂപവും ഭാവവും നല്‍കി യുക്തമായും ശക്തമായും സൃഷ്ടിച്ചിരിക്കുകയാണ്. അതിന്റേതായ പ്രത്യേകതകളും വിശേഷങ്ങളും നല്‍കി മാര്‍ഗദര്‍ശനം നടത്തിയിട്ടുമുണ്ട്.
മൂസാ നബി (അ) പ്രപഞ്ച നാഥനായ അല്ലാഹുവിനെ വിശേഷിപ്പിക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ഓരോ വസ്തുവിനും അതിന്റെ പ്രകൃതി നല്‍കുകയും എന്നിട്ടതിന് വഴികാട്ടുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥന്‍ (സൂറത്തു ത്വാഹാ 50). അല്ലാഹു നല്‍കുന്നത് തടയാന്‍ ഒന്നിനുമാവില്ല, അവന്‍ തടയുന്നത് നേടിത്തരാനും ഒന്നിനുമാവില്ല (ഹദീസ് മുസ്‌ലിം 593).
അല്ലാഹു എന്തെല്ലാം സൗഭാഗ്യങ്ങളാണ് നമുക്കേകിയിരിക്കുന്നത്. ശാന്തിയും സമാധാനവും സൈ്ഥര്യവുമുള്ള ജീവിതം, നിര്‍ഭയത്വം, ശരീരാരോഗ്യം എന്നിവ പ്രധാനമാണ്. ദൃഢമായ സത്യവിശ്വാസം കഴിഞ്ഞാല്‍ മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്ന ദൈവാനുഗ്രഹങ്ങളില്‍ പ്രധാനമേറിയത് ആയുരാരോഗ്യമെന്നാണ് നബി മൊഴി (ഹദീസ് തുര്‍മുദി 3558).
അല്ലാഹു മാത്രമാണ് സകല ജീവജാലങ്ങള്‍ക്കും ഭക്ഷണമേകുന്നവന്‍. അവന്‍ സംവിധാനിച്ച അണ്ഡകടാഹത്തിലെ സകലതിനുമുള്ള ഉപജീവനോപാധികള്‍ അവന്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ ദാനങ്ങള്‍ ആര്‍ക്കും വിലക്കപ്പെട്ടതല്ല. ”താങ്കളുടെ രക്ഷിതാവിന്റെ ദാനം നിരോധിക്കപ്പെടുന്നതായിട്ടില്ല’
അല്ലാഹുവിനെ വിളിച്ചവന്റെ വിളി അവന്‍ കേള്‍ക്കും. പ്രാര്‍ത്ഥിച്ചവന് ഉത്തരം നല്‍കും. അങ്ങനെ അവന്റെ സൃഷ്ടികള്‍ക്ക് ഓശാരങ്ങള്‍ ചൊരിയുന്നതാണ്. അര്‍ധ രാത്രിയായാല്‍ അല്ലാഹു ഏറ്റവും അടിഭാഗത്തുള്ള ആകാശ ലോകത്തേക്കിറങ്ങി വന്ന് ചോദിക്കുമത്രെ: എന്നോട് ആരെങ്കിലും വല്ലതും ചോദിക്കുന്നുണ്ടോ, ഞാനവനത് നല്‍കിയിരിക്കും (ഹദീസ് മുസ്‌ലിം 758). അല്ലാഹു ഉദ്ദേശിച്ചവന് കയ്യും കണക്കുമില്ലാതെ നല്‍കുന്നതാണ്.
ഉപജീവനോപാധികളും ഭക്ഷ്യപാനീങ്ങളും നല്‍കുന്നത് പോലെ സല്‍ഗുണ സ്വഭാവങ്ങളും നല്‍കുന്നവനാണവന്‍. നബി (സ്വ) പറയുന്നു: നിങ്ങള്‍ക്കിടയില്‍ ഉപജീവന മാര്‍ഗങ്ങള്‍ വിഹിതം വെച്ചു തന്നതു പ്രകാരം നിങ്ങള്‍ക്കിടയില്‍ സ്വല്‍സ്വഭാവങ്ങളും അല്ലാഹു നല്‍കും (അദബുല്‍ മുഫ്‌റദ് 275, അഹ്മദ് 3672). ഉപജീവന മാര്‍ഗങ്ങള്‍ തേടുന്നത് പോലെ നല്ല സ്വഭാവങ്ങളും നാം സിദ്ധിക്കേണ്ടിയിരിക്കുന്നു. ദാനം അല്ലാഹുവിന്റെ വിശേഷണമാണ്. അതും വിശേഷാല്‍ പുല്‍കേണ്ടിയിരിക്കുന്നു. നബി (സ്വ) ധാരാളം ദാനധര്‍മങ്ങള്‍ ചെയ്യുമായിരുന്നു. ദാരിദ്ര്യം ഭയന്ന് ആര്‍ക്കും നല്‍കാതിരുന്നിട്ടില നു(ഹദീസ് മുസ്‌ലിം 2312). കുടുംബ ബന്ധം വിഛേദിച്ചവരോട് അങ്ങോട്ട് ബന്ധം ചേര്‍ക്കുക, ബഹിഷ്‌കരിച്ചവര്‍ക്ക് അങ്ങോട്ട് ദാനം നല്‍കുക, അതിക്രമം ചെയ്തവര്‍ക്ക് മാപ്പു നല്‍കുക എന്നിങ്ങനെയാണ് നബി (സ്വ) ഉഖ്ബതു ബ്‌നു ആമിറി(റ)നോട് വസ്വിയ്യത്ത് ചെയ്തത് (ഹദീസ് അഹ്മദ് 17452). നാമോരുത്തരുടെയും ജീവിതം തന്നെ ദാനമായിരിക്കണം. അതായത്, സമര്‍പ്പിതമായിരിക്കണം. പരിശുദ്ധ ഇസ്‌ലാം മതത്തിനും കുടുംബത്തിനും സമൂഹത്തിനും നാടിനുമെല്ലാം. അങ്ങനെയെല്ലാം ദാനം ചെയ്യുന്നവര്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള മഹാ ദാനമായി സ്വര്‍ഗം തയാറാണ്.