ഹാദിയ ‘അല്‍ഹിദായ സെന്റര്‍’ ഉദ്ഘാടനം 26ന്
ദുബൈ: ദാറുല്‍ ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ‘ഹാദിയ’ക്ക് കീഴില്‍ പാണക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി(സിഎസ്ഇ)യുടെ ദുബൈ സബ് സെന്റര്‍ അല്‍ഹിദായ സെന്ററിന്റ ഉദ്ഘാടനം 26ന് വെള്ളിയാഴ്ച നടക്കും. ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. സയ്യിദ് റഷീദുദ്ദീന്‍, യു.ഷാഫി ഹാജി ചെമ്മാട്, അബ്ദുല്‍ ജലീല്‍ ദാരിമി, അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, മുസ്തഫ തിരൂര്‍, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും.
ദുബൈ ഖിസൈസ് അല്‍ഹിദായ സെന്ററില്‍ ഹാദിയ ദുബൈ ചാപ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീഡ് ഖുര്‍ആന്‍ ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് പഠന കേന്ദ്രവും പ്രവര്‍ത്തിക്കും. ഇംഗ്‌ളീഷ് ഭാഷ മാധ്യമമാക്കിയുള്ള റീഡ് സ്‌കൂളില്‍ നിലവില്‍ പതിനൊന്ന് രാഷ്ട്രങ്ങളില്‍ നിന്നായി ഇരുനൂറിലേറെ വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്. ഹാദിയക്ക് കീഴില്‍ പ്രവാസികള്‍ക്കും കുടുംബിനികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന വിവിധ കോഴ്‌സുകളും ഇനി സെന്ററില്‍ നടക്കും. ദുബൈ കെഎംസിസിയുടെ സഹകരണത്തോടെയാണ് സെന്ററില്‍ വിവിധ കോഴ്‌സുകള്‍ നടക്കുക.
26ന് വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പേര്‍ സംബന്ധിക്കും.