മൂന്നര ലക്ഷത്തിലധികം യാത്രക്കാര്‍ പ്രതിമാസം ഹത്ത അതിര്‍ത്തി കടക്കുന്നു
ദുബായ്: ദുബായിലെ ഹത്ത അതിര്‍ത്തി വഴി ഓരോ മാസവും കടന്നു പോകുന്നത് പ്രതിമാസം മൂന്നരം ലക്ഷത്തിലധികം യാത്രക്കാരെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വെളിപ്പെടുത്തി. ദുബായ് രണ്ടാം ഉപ ഭരണാധികാരി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഹത്ത വികസന പദ്ധതി സന്ദര്‍ശന വേളയിലാണീ വെളിപ്പെടുത്തല്‍.
ഹത്തയിലെ ജിഡിആര്‍എഫ്എ ഓഫീസിലെത്തിയ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റ്‌നന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഊഷ്മളമായി സ്വീകരിച്ചു. ഹത്ത ബോര്‍ഡര്‍ ഓഫീസില്‍ നല്‍കുന്ന സേവനങ്ങളും അതിര്‍ത്തിയിലെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥര്‍ ശൈഖ് അഹ്മദിന് വിശദീകരിച്ചു കൊടുത്തു.
ദുബായ് എമിറേറ്റിന്റെ ഊര്‍ജസ്വലമായ അവസരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കുന്ന സുപ്രധാന കവാടമാണ് ഹത്ത അതിര്‍ത്തി. യാത്രക്കാരുടെ എണ്ണത്തിലെ ക്രമാനുഗതമായ വര്‍ധന ദുബായുടെ വളര്‍ച്ചയുടെ പോസിറ്റീവ് പാതയെയും ബിസിനസിനും ഒഴിവുസമയ യാത്രകള്‍ക്കുമുള്ള പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ അതിന്റെ പ്രസക്തിയെ മികച്ച രീതിയില്‍ അടയാളപ്പെടുത്തുന്നു.
യാത്രക്കാരുടെ വര്‍ധിച്ച പ്രവാഹം കണക്കിലെടുത്ത് സുഗമവും കൂടുതല്‍ കാര്യക്ഷമവുമായ യാത്രാ പ്രക്രിയകള്‍ സദാ സമയവും ഇവിടെ ഉറപ്പാക്കുമെന്ന് മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ഹത്ത അതിര്‍ത്തിയിലെ സേവനങ്ങള്‍ അനുദിനം മെച്ചപ്പെടുത്താനുള്ള ജിഡിആര്‍എഫ്എയുടെ പ്രതിബദ്ധതയെ സന്ദര്‍ശന വേളയില്‍ ശൈഖ് അഹ്മദ് അഭിനന്ദിച്ചു.
