യുഎഇയില്‍ മൂന്ന് ദിവസം കൂടി കനത്ത മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
ദുബായ്: യുഎഇയില്‍ കനത്ത മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ-ഭൗമ ചലന കേന്ദ്രം (എന്‍സിഎംഎസ്) അറിയിപ്പില്‍ പറഞ്ഞു. ഇടി മിന്നലോടെയുള്ള മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ദിവസങ്ങളില്‍ രാജ്യത്തെ താപനില നന്നെ കുറഞ്ഞിരിക്കും. തീര പ്രദേശങ്ങളില്‍ 14 ഡിഗ്രി സെല്‍ഷ്യസിലേക്കും പര്‍വത ഭാഗങ്ങളില്‍ 3 ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില താഴും. കടല്‍ പ്രക്ഷുബ്ധമാകുമെന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും എന്‍സിഎംഎസ് അധികൃതര്‍ വ്യക്തമാക്കി.
ദുബായില്‍ ദേര, ബര്‍ദുബൈ, ഹത്ത, അല്‍ അവീര്‍, ലഹ്ബാബ്, ലിസൈല്ലി; അബുദാബിയില്‍ അല്‍ ദഫ്‌റ, അല്‍ ഐന്‍, മുസഫ, ലിവ കിഴക്കന്‍ മേഖല; ഷാര്‍ജയില്‍ അല്‍ മദാം, ദൈദ്, ഖോര്‍ഫക്കാന്‍, ദിബ്ബ;
അജ്മാനില്‍ മസ്ഫൂത്; ഉമ്മുല്‍ഖുവൈനില്‍ റംല; ഫുജൈറയില്‍ കോര്‍ണിഷ് എന്നിവിടങ്ങളിലാണ് ഇന്നലെ മഴ ലഭിച്ചത്.
നിലവിലെ കാലാവസ്ഥയുടെയും അതിന്റെ ഏറ്റക്കുറച്ചിലുകളുടെയും ഫലമായി ഉണ്ടാകുന്ന ഏത് അടിയന്തരാവസ്ഥയും നേരിടാന്‍ രാജ്യം സന്നദ്ധമാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അഥോറിറ്റിയും (എന്‍സിഇഎംഎ) നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഔദ്യോഗിക കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധിച്ച് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ താമസക്കാരെ ഉണര്‍ത്തി. വടക്കന്‍ എമിറേറ്റുകളിലെ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളില്‍ നിന്നും, പ്രത്യേകിച്ചും വാദികളില്‍ നിന്നും മാറാന്‍ പൊലീസ് ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു. വാഹനമോടിക്കുന്നവര്‍ അടിസ്ഥാന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് റാസല്‍ഖൈമ പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി ആവശ്യപ്പെട്ടു.
ഏതാനും വര്‍ഷങ്ങളായി യുഎഇയില്‍ മഴ പെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വരണ്ട രാജ്യങ്ങളിലൊന്നായ യുഎഇയില്‍ മഴയളവ് കൂട്ടാന്‍ ക്‌ളൗഡ് സീഡിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. വര്‍ഷം മുഴുവനും ക്‌ളൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടക്കുന്നു.
അതിനിടെ, ഇക്കഴിഞ്ഞ ജൂലൈയില്‍ രാജ്യത്ത് പെയ്ത കനത്ത മഴയില്‍ ഏഴു പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 1978ന് ശേഷമുണ്ടായ ഏറ്റവും ശക്തമായ മഴയായിരുന്നു ഇത്.