അറബ് ഹെൽത്തിൽ വൻ ജനപ്രവാഹം
ദുബായ്: ലോകോത്തര ആരോഗ്യ പ്രദർശനമായ അറബ് ഹെൽത്ത് എക്സിബിഷൻ ആന്റ് കോൺഗ്രസ്സ് 2023ൽ വൻ ജനപ്രവാഹം. പ്രോഗ്രാമിന്റെ പുതിയ എഡിഷൻ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഉദ്ഘാടനം ചെയ്തത്.
‘ആരോഗ്യ മേഖലയിലെ നൂതനത്വവും സുസ്ഥിരതയും’ എന്ന ആശയത്തിൽ നടക്കുന്ന പ്രദർശനം വ്യാഴാഴ്ച സമാപിക്കും. അര ലക്ഷത്തിലധികം പേർ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മനുഷ്യർക്ക് സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന തങ്ങളുടെ വികസന കാഴ്ചപ്പാടിനനുസൃതമായി ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിചരണ മേഖലയെ സൃഷ്ടിച്ചെടുക്കുന്നതിൽ ദുബായിയും യുഎഇയും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യുഎഇക്ക് മാത്രമല്ല, വിശാലമായ അറബ് മേഖലയുടെ ആവശ്യങ്ങൾ മനസ്സിലാക്കി ആഗോള ഹെൽത് കെയർ ഹബ് സൃഷ്ടിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
70ലധികം രാജ്യങ്ങളിൽ നിന്നുള്ള 3000ത്തിലധികം പ്രദർശകർ തങ്ങളുടെ ആരോഗ്യ പരിചരണ സാങ്കേതികതകൾ അറബ് ഹെൽത്തിൽ പ്രദർശിപ്പിക്കുന്നതാണ്.
300ലധികം മെഡിക്കൽ വിദഗ്ധർ കോൺഗ്രസ്സിൽ സംസാരിക്കും. 9 മെഡിക്കൽ തുടർ വിദ്യാഭ്യാസ സമ്മേളനങ്ങളും അറബ് ഹെൽത്തിൽ നടക്കും.
എമിറേറ്റ്സ് ഹെൽത്ത് പവലിയനിൽ ആരോഗ്യ മന്ത്രാലയം, ദുബായ് ഹെൽത്ത് അഥോറിറ്റി, അബുദാണി ഹെൽത്ത് ഡിപ്പാർട്ട്മെൻറ് എന്നിവയുണ്ട്.