ശൈഖ് മുഹമ്മദ് ലോക സാമ്പത്തിക ഫോറം സ്ഥാപകനുമായി കൂടിക്കാഴ്ച നടത്തി
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ പ്രൊഫ. ക്‌ളോസ് ഷ്വാബുമായി കൂടിക്കാഴ്ച നടത്തി. ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ ഷ്വാബ് ദുബായിലെത്തിയിരിക്കുന്നത്. ‘ഭാവി ഗവണ്‍മെന്റുകളെ രൂപപ്പെടുത്തുന്നു’ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 13 മുതല്‍ 15 വരെ ദുബായ് മദീനത് ജുമൈറയിലാണ് ഉച്ചകോടി.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കാബിനറ്റ് കാര്യ മന്ത്രിയും വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖര്‍ഖാവി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ എകോണമി, റിമോട്ട് വര്‍ക്ക് ആപ്‌ളികേഷന്‍സ് സഹ മന്ത്രിയും വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് ഓര്‍ഗനൈസേഷന്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലമ എന്നിവരും സന്നിഹിതരായിരുന്നു.
പ്രൊഫ. ക്‌ളോസ് ഷ്വാബിനെ ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്ത ശൈഖ് മുഹമ്മദ് ആഗോള സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ക്കിടയില്‍ അടുത്ത സഹകരണവും ഏകോപനവും വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു കാണിച്ചു.