ഹേഗില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം: യുഎഇ ശക്തമായി അപലപിച്ചു
അബുദാബി: നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ ഒരു തീവ്രവാദി വിശുദ്ധ ഖുര്‍ആന്റെ കോപ്പി കത്തിച്ചതിനെ യുഎഇ ശക്തമായി അപലപിച്ചു.
മാനുഷികവും ധാര്‍മികവുമായ മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധമായി സുരക്ഷയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും യുഎഇ ശക്തമായി നിരസിക്കുന്നതായി വിദേശ കാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും വിദ്വേഷവും തീവ്രവാദവും തള്ളിക്കളയാനും ലോകം ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട ഈ സമയത്ത് മത ചിഹ്നങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമാണ്. പ്രകോപനങ്ങളും ധ്രുവീകരണവും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.