വിശുദ്ധ ഖുര്‍ആന്‍ അതിശ്രേഷ്ഠ വാക്യങ്ങള്‍
അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുസ്സുമര്‍ 17, 18 സൂക്തങ്ങളിലൂടെ പറയുന്നു: ”വാക്കുകള്‍ സശ്രദ്ധം ശ്രവിക്കുകയും അതിലേറ്റവും ഉദാത്തമായത് പുന്തുടരുകയും ചെയ്യുന്ന എന്റെ അടിമകള്‍ക്ക് താങ്കള്‍ ശുഭവാര്‍ത്ത അറിയിക്കുക. അവര്‍ക്കാണ് അല്ലാഹു നേര്‍മാര്‍ഗം കാണിച്ചിട്ടുള്ളത്. ബുദ്ധിമാന്മാരും അവര്‍ തന്നെ”. വാക്കുകളിലും സംസാരത്തിലും ഏറ്റവും നല്ലതും അനുയോജ്യവുമായത് ഉപയോഗിക്കുകയും പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് ഇഹലോകത്ത് നന്മകള്‍ ഭവിക്കുമെന്നും പരലോകത്ത് സ്വര്‍ഗം ലഭിക്കുമെന്നും സന്തോഷവാര്‍ത്ത അറിയിക്കുന്നതാണ് പ്രസ്തുത സൂക്തങ്ങള്‍.
ഏറ്റവും ശ്രേഷ്ഠമായ വാക്യങ്ങള്‍ പരിശുദ്ധ ഖുര്‍ആനാണ്. അല്ലാഹുവിന്റെ വചനങ്ങളാണ് ഖുര്‍ആന്‍. ഏറ്റവും ഉദാത്തമായ വൃത്താന്തം പരസ്പര സദൃശ്യവും ആവര്‍ത്തിക്കപ്പെടുന്നതുമായ സൂക്തങ്ങളുള്ള ഗ്രന്ഥം അവതരിച്ചിരിക്കുന്നത് അല്ലാഹുവാകുന്നു (സൂറത്തുസ്സുമര്‍ 23).
ഏറ്റവും നന്മയാര്‍ന്ന വാക്യങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്റേതാണെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് മുസ്‌ലിം 867).
ഖുര്‍ആന്‍ വാക്യങ്ങളെ അനുധാവനം ചെയ്യാനാണ് അല്ലാഹുവിന്റെ ആജ്ഞ: ”നാഥങ്കല്‍ നിന്ന് അവതീര്‍ണമായതില്‍ ഉദാത്തമായത് നിങ്ങള്‍ പിന്തുടരുകയും വേണം” (സൂറത്തുസ്സുമര്‍ 55).
ഖുര്‍ആന്‍ ശ്രവിക്കുകയും പാരായണം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നവരുടെ സല്‍പ്രവര്‍ത്തനങ്ങള്‍ അല്ലാഹു സ്വീകരിക്കുകയും ഏറ്റവും നല്ല പ്രതിഫലങ്ങള്‍ നല്‍കുകയും ചെയ്യും. ”പുരുഷനോ സ്ത്രീയോ ആവട്ടെ, സത്യവിശ്വാസിയായി സത്കര്‍മം അനുഷ്ഠിക്കുന്ന ആര്‍ക്കും ഉത്തമമായ ജീവിതം നാം അനുഭവിക്കുക തന്നെ ചെയ്യും. തങ്ങളനുവര്‍ത്തിച്ച വിശിഷ്ട കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം അവര്‍ക്ക് നാം കനിഞ്ഞേകുന്നതാണ്” (സൂറത്തുന്നഹ്‌ല് 97).
”എല്ലാ ഇടങ്ങളിലും ഏറ്റവും നല്ലത് തെരഞ്ഞെടുക്കുന്നവര്‍ നിസ്സംശയം സാക്ഷാല്‍ വിജയികളുടെ കൂട്ടത്തില്‍ പെടും എന്നാണ് ഖുര്‍ആന്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് (തഫ്‌സീറു റാസി 26/437).
പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് സത്യവിശ്വാസിയുടെ പ്രഥമ പ്രബല പ്രമാണങ്ങള്‍. അവയെ ഏറ്റവും നന്നായി അനുവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കണമെന്ന ഖുര്‍ആനിക കല്‍പന ഏറ്റവും പൂര്‍ണവും മനോഹരവുമായി നടത്തണം. ഭക്ഷണദാനം, സലാം പറയല്‍ പ്രചോദിപ്പിക്കുന്ന ഹദീസ്. അനുയോജ്യ രീതിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിച്ചും ഏവര്‍ക്കും രക്ഷയുടെ അഭിവാദ്യമായ സലാം പറഞ്ഞും സലാം പറഞ്ഞവര്‍ക്ക് ഏറ്റവും നല്ല പ്രതിവാദ്യം ചെയ്തും നടപ്പാക്കാനുള്ളതാണ്. ക്ഷമയും വിട്ടുവീഴ്ചാ മനോഭാവവും ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ഉത്തമ പ്രതിരോധങ്ങളാണ്.