അജ്മാനില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; 5 പേര്‍ക്ക് പരിക്ക്
അജ്മാന്‍: അജ്മാനിലെ ഒരു ല്യൂബ്രികന്റ് ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.15നായിരുന്നു അഗ്‌നിബാധ. ഫാക്ടറി, പ്രിന്റിംഗ് പ്രസ്സ്, റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വെയര്‍ ഹൗസ്, ഒമ്പത് വാണിജ്യ സ്റ്റോറുകള്‍ എന്നിവ കത്തി നശിച്ചതായും ഫാക്ടറിക്ക് സമീപം പാര്‍ക്ക് ചെയ്ത 39 കാറുകള്‍ കത്തി നശിച്ചതായും അധികൃതര്‍ അറിയിച്ചു. അഞ്ച് പേര്‍ക്ക് ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സ നല്‍കി. ദുബായ്, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ടീമുകള്‍ ഏഴ് മിനിറ്റിനകം തീ നിയന്ത്രണ വിധേയമാക്കി.
എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ ചുറ്റുമുള്ള പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു. ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി, മുനിസിപ്പാലിറ്റി ആന്‍ഡ് പ്‌ളാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ്, റെഡ് ക്രസന്റ് എന്നിവയിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളും അഗ്‌നി ശമനത്തില്‍ സഹായിച്ചു.
തീപിടിത്തം വേഗത്തില്‍ തന്നെ അണക്കാനായതായി അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.
സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ റിയാദ് ഉബൈദ് അല്‍ സആബി, സിവില്‍ ഡിഫന്‍സ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഡോ. ജാസിം മുഹമ്മദ് അല്‍ മര്‍സൂഖി, പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല സൈഫ് അല്‍ മത്‌റൂഷി, സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറലും സെന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറുമായ കേണല്‍ ഖാലിദ് അല്‍ ഷാംസി, അജ്മാനിലെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ലെഫ്.കേണല്‍ ഐലന്‍ അല്‍ ഷംസി എന്നിവരും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേല്‍നോട്ടം വഹിച്ചു.