CommunityFEATUREDUAE

സ്‌നേഹ കേരളത്തിന് പ്രവാസത്തിന്റെ കരുതല്‍: ജനകീയ കാമ്പയിനുമായി ഐസിഎഫ്


ദുബായ്: സ്‌നേഹ സമ്പന്നമായ കേരളപ്പെരുമ വീണ്ടെടുക്കാനും നിലനിര്‍ത്താനുമുള്ള ശ്രമങ്ങളില്‍ യുഎഇയിലുള്ള എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ബോധവത്കരണവുമായി ഐസിഎഫ് രംഗത്തിറങ്ങിയതായി ഭാരവാഹികള്‍ അറിയിച്ചു. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികളുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് പ്രവാസ ലോകത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും ജനകീയാടിത്തറയുമുള്ള ഐസിഎഫ്.
കേരളത്തിന്റെ പൂര്‍വ്വകാല സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും നന്മകള്‍ കൂടുതല്‍ പ്രസരിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. അതിരുകളില്ലാത്ത സ്‌നേഹ സഹവര്‍ത്തിത്വത്തിന്റെ സൗന്ദര്യമായിരുന്നു കേരളത്തിന്റെ മുഖശ്രീ. അതിന് വിഘാതമാകുന്ന തരത്തില്‍ വിദ്വേഷത്തിന്റെ വിഷം പേറുന്ന ചില ചിന്താഗതികളും വിഷവിത്തുകളും നമ്മുടെ മനോഹാന്തരീക്ഷത്തെ മലീമസമാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന ഏറെ ആശങ്കയുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഈ കാമ്പയിന്‍ നടത്തുന്നത്.
സാമൂഹിക ജീവിതത്തെയും കൂട്ടായ്മകളെയും ഭിന്നിപ്പിച്ച് നിര്‍ത്താനും പരസ്പര വിദ്വേഷവും അകലവും വളര്‍ത്തിയെടുക്കാനും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ജാതിഭേദവും മതദ്വേഷവുമില്ലാതെ പരസ്പരം ഒത്തൊരുമയോടെ ജീവിച്ച പ്രദേശങ്ങളില്‍ പോലുമിന്ന് ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
നമ്മുടെ നാട് സ്‌നേഹ സൗഹൃദത്താല്‍ സുരക്ഷിതമായി നിലനില്‍ക്കണമെങ്കില്‍ എല്ലാതരം അപായങ്ങള്‍ക്കെതിരെയും സമൂഹം ഉണര്‍ന്നിരിക്കണം. പഴയ കാലത്തെ സാമൂഹിക ബന്ധങ്ങള്‍ പുനര്‍നിര്‍മിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു ഉണര്‍ത്തലാണ് ഐസിഎഫ് നടത്തുന്നത്.
സ്‌നേഹത്തിന്റെ കൈമാറ്റങ്ങള്‍ കൊണ്ട് ഊഷ്മളമായ മലയാളിത്വത്തെ എല്ലാ തിളക്കത്തോടെയും തിരിച്ചുപിടിക്കാനും വെറുപ്പിന്റെ മുഴുവന്‍ നികൃഷ്ടതകളെയും സൗഹൃദത്തിന്റെ സ്‌നേഹപരിചരണം കൊണ്ട്  ഉണക്കിക്കളയാനുള്ള ജാഗ്രതയാണ് സ്‌നേഹ കേരളം കാമ്പയിന്‍.
ജനമനസുകളിലേക്ക് സ്‌നേഹ സൗഹൃദ സന്ദേശം നേരിട്ട് കൈമാറുക എന്ന ഏറ്റവും ജനകീയമായ ദൗത്യമാണ് ഇതിന്റെ ഭാഗമായി സംഘടന ഏറ്റെടുത്ത പ്രഥമ പ്രവര്‍ത്തനം. രണ്ടാഴ്ച നീണ്ടുനിന്ന ‘മീറ്റ് ദി പീപ്പിള്‍’ എന്ന ഈ സന്ദേശ കൈമാറ്റത്തില്‍ ഐസിഎഫ് ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ഐതിഹാസിക മുന്നേറ്റമാണ് നടത്തിയത്. സൗഹൃദം പൂത്തുലഞ്ഞ ഈ യാത്രയെ സ്‌നേഹ ഹര്‍ഷങ്ങളോടെ പ്രവാസി സമൂഹം സ്വീകരിച്ചുവെന്നത് നല്‍കുന്ന ശുഭപ്രതീക്ഷ ചെറുതൊന്നുമല്ല. 3 പേരടങ്ങിയ 1,452 ടീമുകള്‍ 83,287 പേര്‍ക്ക് നേരിട്ട് സന്ദേശം കൈമാറി.
കാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ പ്രവാസ ലോകത്ത് വ്യത്യസ്ത പരിപാടികള്‍ നടക്കും. മൂന്നാം ഘട്ടമായി കേരളത്തിലും വിപുലമായ പദ്ധതികളും രൂപപ്പെടുത്തിയിട്ടുണ്ട്.
ഏഴ് നാഷണല്‍ തലത്തില്‍ ഹാര്‍മണി കോണ്‍ക്‌ളേവ്, അഞ്ച് പ്രോവിന്‍സുകളില്‍ ഹാര്‍മണി കൊളോക്യം, 80 സെന്‍ട്രലുകളില്‍ ‘സ്‌നേഹത്തണലില്‍, നാട്ടോര്‍മകളില്‍’, 700 സെക്ടര്‍, യൂണിറ്റ് തലത്തില്‍ ചായച്ചര്‍ച്ച, വീഡിയോ സന്ദേശം എന്നിവയാണ് പ്രവാസത്തില്‍ നടക്കുന്ന പരിപാടികള്‍. വിവിധ മതവിശ്വാസികള്‍ കൂട്ടായും ഒറ്റക്കും സ്‌നേഹ കേരളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ സങ്കേതങ്ങള്‍ വഴി പ്രചരിപ്പിക്കും. പ്രവാസലോകം പ്രത്യേകിച്ച് കാത്ത് സൂക്ഷിക്കുന്ന ആഴത്തിലുള്ള സൗഹൃദത്തെ സാഘോഷിക്കുന്നവയാകുമിവ.
പരിപാടികളില്‍ കേരളത്തില്‍ നിന്നുള്ള മതമേലധ്യക്ഷന്മാര്‍, പണ്ഡിതന്മാര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ കക്ഷി പ്രമുഖര്‍, സാഹിത്യകാരന്മാര്‍, വ്യാവസായിക പ്രമുഖര്‍, സാമൂഹിക-സാംസ്‌കാരിക സംഘടന നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ സ്‌നേഹ കേരളം വീണ്ടെടുക്കാനും നിലനിര്‍ത്താനുമുള്ള കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും അവതരിപ്പിക്കും.
കേരളത്തിലെ മുനിസിപ്പാലിറ്റി, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സ്‌നേഹ പഞ്ചായത്ത്, സംസ്ഥാന തലത്തില്‍ സെമിനാര്‍ എന്നിവയും നടക്കും. ഇതിന്റെ ഭാഗമായി ലോഞ്ച് ചെയ്യപ്പെടുന്ന സ്‌നേഹകേരളം.കോം വെബ്‌സൈറ്റിലൂടെ സ്‌നേഹ കേരളം സുസാധ്യമാക്കാനുള്ള ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കും.
മാര്‍ച്ച് 17ന് വെള്ളിയാഴ്ച ഇന്റര്‍നാഷണല്‍ തലത്തില്‍ നടക്കുന്ന പ്രൗഢമായ സമ്മേളനത്തോടെയായിരിക്കും സ്‌നേഹ കേരളം കാമ്പയിന് പരിസമാപ്തിയാവുക.
ഉസ്മാന്‍ സഖാഫി തിരുവത്ര (ഐസിഎഫ് യുഎഇ നാഷണല്‍ സംഘടന കാര്യ പ്രസിഡണ്ട്), ഹമീദ് പരപ്പ (നാഷണല്‍ ജനറല്‍ സെക്രട്ടറി)
സലാം മാസ്റ്റര്‍ കാഞ്ഞിരോട് (കണ്‍വീനര്‍, പ്രസിദ്ധീകരണ വിഭാഗം),
അബ്ദുല്‍ കരീം ഹാജി തളങ്കര (നാഷണല്‍ വെല്‍ഫെയര്‍ പ്രസിഡണ്ട്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.