6 മാസത്തിലധികം യുഎഇക്ക് പുറത്ത് കഴിഞ്ഞവര്‍ പുതിയ വിസക്ക് അപേക്ഷിക്കുമ്പോള്‍ പിഴ ഈടാക്കും
ദുബായ്: ആറു മാസത്തില്‍ കൂടുതല്‍ സമയം യുഎഇക്ക് പുറത്ത് കഴിഞ്ഞ താമസക്കാര്‍ക്കായി പുതിയ എന്‍ട്രി വിസക്ക് അപേക്ഷിക്കുമ്പോള്‍ രാജ്യത്തിന് പുറത്ത് ചെലവഴിച്ച ഓരോ 30 ദിവസത്തിനും അതില്‍ കുറവിനും 100 ദിര്‍ഹം വീതം പിഴ ഈടാക്കുമെന്ന് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) സ്ഥിരീകരിച്ചു.
ഈ പെര്‍മിറ്റ് ലഭിക്കുന്നതിന് 4 ഘട്ടങ്ങളുണ്ടെന്ന് ഐസിപി വ്യക്തമാക്കി. ആദ്യം യുഎഇക്ക് പുറത്ത് നിന്ന് അപേക്ഷ സമര്‍പ്പിക്കുക. 180 ദിവസം പുറത്ത് താമസിച്ച ശേഷം അത് ചെയ്യാവുന്നതാണ്. അപേക്ഷയുടെ അംഗീകാരത്തിന് ശേഷം അത് സാധുവാകും. അപേക്ഷയുടെ അംഗീകാര തീയതി ഉള്‍പ്പെടെ 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നിശ്ചിത കാലയളവിനകം രാജ്യത്തിന് പുറത്തുള്ളതിന്റെ കാരണം സമര്‍പ്പിക്കേണ്ടതാണ്.
ഐസിപി നല്‍കുന്ന സേവനങ്ങളുടെ സിസ്റ്റത്തില്‍ അംഗീകരിച്ച എല്ലാ റെസിഡന്‍സികളും പുതിയ സേവനത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ റസിഡന്‍സി വീണ്ടും സജീവമാക്കാനും ഐസിപിയുടെ അംഗീകാരത്തിന് ശേഷം അതേ റെസിഡന്‍സിയോടെ രാജ്യത്ത് പ്രവേശിക്കാനും അനുവദിക്കുന്നു.
അഥോറിറ്റിയുടെ സ്മാര്‍ട് സേവന സംവിധാനം വഴിയോ 150 ദിര്‍ഹം ഫീസോടെ ‘യുഎഇ ഐസിപി’ എന്ന സ്മാര്‍ട് ഫോണ്‍ ആപ്‌ളികേഷന്‍ വഴിയോ ഉപയോക്തൃ സന്തോഷ കേന്ദ്രങ്ങള്‍ വഴിയോ ഐസിപി അംഗീകരിച്ച ടൈപ്പിംഗ് ഓഫീസുകള്‍ മുഖേനയോ താമസക്കാര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
6 മാസത്തില്‍ കൂടുതല്‍ പഠനത്തിനോ ജോലിക്കോ ചികിത്സക്കോ വേണ്ടി രാജ്യത്തിന് പുറത്ത് പോയ ഉപയോക്താക്കളെ സന്തോഷിപ്പിക്കാനും അംഗീകൃത താമസക്കാരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് എന്‍ട്രി പെര്‍മിറ്റുകളുടെ സേവനം കഴിഞ്ഞ ആഴ്ച ഐസിപി സജീവമാക്കിയത് എടുത്തു പറയേണ്ടതാണ്.
അപേക്ഷയുടെ അംഗീകാരത്തിന് എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ആ കാലയളവില്‍ രാജ്യത്തിന് പുറത്ത് കാല താമസം നേരിട്ടതിന്റെ കാരണം എന്നിവ സമര്‍പ്പിക്കേണ്ടതുണ്ട്.