അബുദാബിയില്‍ അന്താരാഷ്ട്ര പ്രതിരോധ സമ്മേളനം 20 മുതല്‍
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ ഇന്റര്‍നാഷണല്‍ ഡിഫന്‍സ് എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് (ഐഡെക്‌സ് 2023) അഡ്‌നെകി(അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍)ല്‍ ഇന്ന് മുതല്‍ 24 വരെ നടക്കും.
ഐഡെക്‌സിന് മുന്നോടിയായ സമ്മേളനം അഡ്‌നോക് ബിസിനസ് സെന്ററില്‍ ഇന്നലെ നടന്നു. അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിനും സമ്മേളനത്തിനും പുറമെ, നാവിക പ്രതിരോധ, സമുദ്ര സുരക്ഷാ എക്‌സിബിഷനും ഇതോടൊപ്പം നടക്കുന്നുണ്ട്.
രാജ്യരക്ഷാ മന്ത്രാലയ സഹകരണത്തില്‍ തവാസുന്‍ കൗണ്‍സിലുമായി തന്ത്രപരമായ പങ്കാളിത്തത്തോടെയാണ് പരിപാടി നടക്കുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ വ്യാപകമായി സ്വീകരിക്കുന്നതിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളും അപകട സാധ്യതകളും പ്രതിഭാ വികസനവും മനുഷ്യ മൂലധന മാനേജ്‌മെന്റും ആധുനിക പ്രവര്‍ത്തനങ്ങളിലും യുദ്ധത്തിന്റെ ഭാവിയിലും വളര്‍ന്നു വരുന്ന ടെക്‌നോളജികളുടെ സ്വാധീനവും ഉള്‍ക്കൊള്ളുന്ന നാല് പാനല്‍ ചര്‍ച്ചകള്‍ കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുന്നു.
ലോകമെമ്പാടുമുള്ള ഭരണകര്‍ത്താക്കളും മന്ത്രിമാരും പ്രതിരോധ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പ്രഭാഷണം നടത്തുന്നതാണ്.