ഐഇഎല്‍ടിഎസ്: ജിഡിആര്‍എഫ്എഡിയും ഐഡിപിയും ധാരണയായി
ദുബായ്: ഇന്റര്‍നാഷണല്‍ ഇംഗ്‌ളീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റത്തിന്റെ (ഐഇഎല്‍ടിഎസ്) ആഗോള ദാതാക്കളായ ഐഡിപി എജ്യുകേഷനുമായി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എഡി) സഹകരണ കരാറില്‍ ഒപ്പു വെച്ചു. ഇരു കക്ഷികളും തമ്മിലുള്ള സംയുക്ത സഹകരണം വിപുലീകരിക്കുക, അനുഭവങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റം സുഗമമാക്കുക, സ്‌കൂള്‍-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഐഇഎല്‍ടിഎസ് ടെസ്റ്റുകള്‍ വാഗ്ദാനം ചെയ്യുക എന്നിവ ലക്ഷ്യം വെച്ചാണ് കരാര്‍.
ജിഡിആര്‍എഫ്എഡി ഡയറക്ടര്‍ ജനറല്‍ ലെഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയും ഐഡിപി (യുഎഇ, ഒമാന്‍, തുര്‍ക്കി, ഖസാഖിസ്ഥാന്‍) വിദ്യാഭ്യാസ ഡയറക്ടര്‍ റാഷി ഭട്ടാചാര്യയും തമ്മില്‍ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പു വെച്ചു. ചടങ്ങില്‍ ജിഡിആര്‍എഫ്എഡിയിലെ വിവിധ വകുപ്പ് മേധാവികളും ഐഡിപി ജീവനക്കാരും സംബന്ധിച്ചു.
ഇതുപ്രകാരം അന്താരാഷ്ട്ര ഇംഗ്‌ളീഷ് ഭാഷാ പരിശോധനാ മേഖലയില്‍ ഇരു വിഭാഗവും സഹകരിക്കും. ജിഡിആര്‍എഫ്എയില്‍ ഐഡിപി ആഭിമുഖ്യത്തില്‍ ഐഇഎല്‍ടിഎസ് ടെസ്റ്റുകള്‍ നടത്തും.
പ്രാദേശിക പ്രതിഭകളുടെ കഴിവുകള്‍ ശക്തിപ്പെടുത്താനും അവരുടെ പ്രഫഷണല്‍, അക്കാദമിക് വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനുമുള്ള ജിഡിആര്‍എഫ്എയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി ഈ കരാര്‍ യോജിപ്പിക്കുമെന്നും ലെഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.