ഇന്ത്യാ-യുഎഇ പങ്കാളിത്ത ഉച്ചകോടി ജനു.23 മുതല്‍ യുഎഇയില്‍
ദുബൈ: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്റര്‍നാഷണല്‍ ബിസിനസ് ലിങ്കേജ് ഫോറം ദുബൈ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സുമായി ചേര്‍ന്ന് ജനുവരി 23 മുതല്‍ 25 വരെ പങ്കാളിത്ത ഉച്ചകോടി (സിഇപിഎ) ദുബൈയില്‍ സംഘടിപ്പിക്കുന്നു.
ദുബൈ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിന് കീഴിലുള്ള മൂന്ന് ഇന്റര്‍നാഷണല്‍ ചേംബറുകളും സംയുക്തമായാണ് ഉച്ചകോടി ഒരുക്കുന്നത്. സിഇപിഎ കരാറിന്റെയും യുഎഇയിലെ ഗോള്‍ഡന്‍ വിസാ നടപടികളുടെയും പിന്‍ബലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് താല്‍പര്യം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ഉച്ചകോടിക്ക് അതീവ പ്രാധന്യമുണ്ട്.
വിദേശ കമ്പനികളെ എമിറേറ്റിലേക്ക് ആകര്‍ഷിക്കാനും ദുബൈയിലെ ബിസിനസുകളെ അന്താരാഷ്ട്ര തലത്തില്‍ വിപുലീകരിക്കാനുമുള്ള ചേംബറുകളുടെ മുന്‍കയ്യിലാണ് ഉച്ചകോടി നടക്കുന്നത്.
ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയും 2021ല്‍ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്. യുഎഇയുമായി ഉഭയ കക്ഷി വ്യാപാര കരാര്‍ ഒപ്പിടുന്ന ആദ്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അവിഭാജ്യ ഘടകമാണ്. യുഎഇയില്‍ 3.5 ദശലക്ഷം ഇന്ത്യന്‍ പൗരന്മാരുണ്ട്. യുഎഇയിലെ ജനസംഖ്യയുടെ 30% ആണിത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര സാധ്യതകള്‍ ഉള്‍പ്പെടെയുള്ള പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഉല്‍പാദനം, സ്റ്റാര്‍ട്ടപ്പുകള്‍, ഹെല്‍ത് കെയര്‍, ഫുഡ് പ്രോസസ്സിംഗ് തുടങ്ങിയ നിരവധി മേഖലകളില്‍ ആഴത്തിലുള്ള ചര്‍ച്ചകളും വിശകലനങ്ങളും ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നു. സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പുതിയ പദ്ധതികളും സാധ്യതകളും ഉച്ചകോടിയില്‍ അവതരിപ്പിക്കും. ദുബൈയില്‍ ആരംഭിച്ച് അഭിവൃദ്ധി പ്രാപിച്ച ബിസിനസുകളെ മാതൃകാ നീക്കങ്ങള്‍ എന്ന നിലയില്‍ പരിചയപ്പെടുത്തും.
വ്യാപാരത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും ഭാവിയെ സ്വാധീനിക്കുന്ന തന്ത്രപരമായ പ്രശ്‌നങ്ങളും പ്രവണതകളും ചര്‍ച്ച ചെയ്യുന്ന ഇന്ത്യാ-യുഎഇ പങ്കാളിത്ത ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളിലെ പ്രമുഖരാണ് സംബന്ധിക്കുന്നത്.
2018ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ദുബൈ ഇന്റര്‍നാഷണല്‍ ചേംബറിന്റെ മുംബൈയിലെ ഇന്റര്‍നാഷണല്‍ ഓഫീസ്, മാര്‍ക്കറ്റ് ഇന്റലിജന്‍സ് പങ്കിടാനും ഇരു പക്ഷത്തിനും അവരുടെ അന്താരാഷ്ട്ര സാന്നിധ്യം വളര്‍ത്താനുള്ള അവസര മേഖലകളെ പ്രോത്സാഹിപ്പിക്കാനുമായി യുഎഇയിലെയും ഇന്ത്യയിലെയും ബിസിനസുകളുമായി തുടര്‍ച്ചയായി ഇടപഴകുന്നതാണ്. ബി2ബി മീറ്റിംഗുകള്‍, ട്രേഡ് മിഷനുകള്‍, നെറ്റ്‌വര്‍കിംഗ് ഇവന്റുകള്‍, ബയര്‍-സെല്ലര്‍ മീറ്റിംഗുകള്‍, ബൗദ്ധിക സെഷനുകള്‍ എന്നിവയുമുണ്ടാകും.