ഇന്ത്യാ-യുഎഇ പങ്കാളിത്ത ഉച്ചകോടി: കൂടുതല്‍ സാമ്പത്തിക സഹകരണത്തിന് വികസന പദ്ധതികള്‍
ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രത്യേക സാമ്പത്തിക ബന്ധത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യാ-യുഎഇ പങ്കാളിത്ത ഉച്ചകോടി. യുഎഇക്കും ഇന്ത്യക്കുമിടക്കുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഭക്ഷ്യ കാര്‍ഷിക ഉല്‍പന്നങ്ങള്‍ പോലുള്ള പ്രധാന മേഖലകള്‍ക്കും, രത്‌നാഭരണ മേഖലക്കും സ്വാഭാവിക ഉത്തേജനം നല്‍കിയിട്ടുണ്ടെന്ന് ദുബായ് ചേംബേഴ്‌സ് ആസ്ഥാനത്ത് സംഘടിപ്പിച്ച ഉച്ചകോടിയില്‍ സംസാരിച്ച കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയും യുഎഇയും ചലനാത്മകമായ വ്യാപാര, നിക്ഷേപ നയങ്ങളാണ് പിന്തുടരുന്നതെന്നും കുറഞ്ഞ കാലയളവില്‍ കയറ്റുമതി 1 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും ഗോയല്‍ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ഭാഗധേയം നൂറ്റാണ്ടുകളായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്ത സഹകരണവും വിശ്വാസവും സംരംഭകത്വ മനോഭാവവും ജനങ്ങള്‍ക്കും വരുംതലമുറകള്‍ക്കും പരിധിയില്ലാത്ത അവസരങ്ങളൊരുക്കുമെന്നും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ 2030ഓടെ സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുന്ന ഇരു രാജ്യങ്ങളുടെയും ദര്‍ശനമാണ് പുതിയ പങ്കാളിത്ത കരാറെന്നും ഗോയല്‍ വ്യക്തമാക്കി.
യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ‘ഈസ അല്‍ ഗുറൈര്‍ ഇന്‍വെസ്റ്റ്‌മെന്റ്’ ചെയര്‍മാന്‍ ഈസ അബ്ദുല്ല അല്‍ ഗുറൈര്‍, ഇന്ത്യയിലെ യുഎഇയുടെ മുന്‍ അംബാസഡര്‍ ഡോ. അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്ന എന്നിവരും അന്താരാഷ്ട്ര പാനലിസ്റ്റുകളും ബിസിനസ് ലീഡര്‍മാരും ഉച്ചകോടിയില്‍ പങ്കെടുത്തു.
രൂപ-ദിര്‍ഹം വ്യാപാരം, വെര്‍ച്വല്‍ ട്രേഡിംഗ് കോറിഡോര്‍, ഭക്ഷ്യ ഇടനാഴി, ഇരു രാഷ്ട്രങ്ങളിലെയും സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം എന്നിവയെ സ്വാധീനിക്കുന്ന വിവിധ സഹകരണ സാധ്യതകളെ കുറിച്ച് ഉച്ചകോടി വിലയിരുത്തി. തുണിത്തരങ്ങള്‍, ഹരിതോര്‍ജം (കാറ്റ്, സൗരോര്‍ജം, ജലം), കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ (വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റോഡുകള്‍), മാലിന്യ സംസ്‌കരണം തുടങ്ങിയവ ഇരു രാജ്യങ്ങള്‍ക്കും മികച്ച അവസരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022ല്‍ ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ ചേര്‍ന്ന പുതിയ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 11,000 കവിഞ്ഞു. ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 83,000 ആയി വര്‍ധിച്ചതായും ദുബായ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത മുഖ്യ പ്രഭാഷണത്തില്‍ വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ, വ്യാപാര ബന്ധങ്ങളുടെ ശക്തിയും ഭാവി ഉഭയ കക്ഷി ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സാമ്പത്തിക പങ്കാളിത്തത്തിന്റെ പ്രാധാന്യവും പ്രതിഫലിപ്പിക്കുന്നതാണ് ഈ വളര്‍ച്ച.
പരസ്പര ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിലും കൂടുതല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെയും എസ്എംഇകളെയും എമിറേറ്റിലേക്ക് ആകര്‍ഷിക്കുന്നതിലും ദുബായ് ചേംബേഴ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ചേംബറുകളിലൊന്നായ ദുബായ് ഇന്റര്‍നാഷണല്‍ ചേംബറിന്റെ മുംബൈയിലെ ഇന്റര്‍നാഷണല്‍ ഓഫീസ് പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ലൂത്ത ചൂണ്ടിക്കാട്ടി.
ഉഭയ കക്ഷി ബന്ധങ്ങളിലെ വളര്‍ച്ചയ്‌ക്കൊപ്പം ചേംബറിന്റെ മുംബൈ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം വിപുലീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഉച്ചകോടിയോടനുബന്ധിച്ച് നടന്ന ഇന്റര്‍നാഷണല്‍ ബിസിനസ് ലിങ്കേജ് ഫോറം (ഐബിഎല്‍എഫ്) ഉല്‍പാദനം, സ്റ്റാര്‍ട്ടപ്പുകള്‍, അഗ്രിടെക്, ഭക്ഷ്യ സംസ്‌കരണം, ഭാവിയാരോഗ്യം, ഫിന്‍ടെക്കും നിക്ഷേപവും തുടങ്ങിയ മേഖലകളിലെ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങള ുടെയും ഉഭയ കക്ഷി ബന്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടി.
പരമ്പരാഗതമായി ഭക്ഷ്യ-ഊര്‍ജ സുരക്ഷയാണ് യുഎഇയും ഇന്ത്യയും തമ്മിലുള്ള പ്രധാന ശ്രദ്ധാ കേന്ദ്രമെങ്കിലും, പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഉഭയ കക്ഷി വ്യാപാരം 88 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് ഐബിഎല്‍എഫ് ചെയര്‍മാന്‍ രാജീവ് പോദാര്‍ പറഞ്ഞു.
2022ല്‍ യുഎഇയും ഇന്ത്യയും ഒപ്പു വെച്ച സിഇപിഎ കരാര്‍ വ്യാപാര വിനിമയം 120 ശതമാനം വര്‍ധിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സേവന വ്യാപാരം 45 ബില്യണ്‍ ഡോളറില്‍ നിന്ന് 100 ബില്യണ്‍ ഡോളറായി ഉയരും.
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ചരക്കുകളായി പെട്രോളിയം ഉല്‍പന്നങ്ങളും ആഭരണങ്ങളും നിലനില്‍ക്കുമ്പോള്‍, അത്യാധുനിക സാങ്കേതിക കണ്ടുപിടിത്തങ്ങള്‍, ആരോഗ്യ സംരക്ഷണം, ധനകാര്യം അടക്കമുള്ള നിരവധി മേഖലകളില്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യയുടെ വളര്‍ന്നു വരുന്ന വൈദഗ്ധ്യത്തിന് അടിവരയിടാന്‍ ഉച്ചകോടി സഹായിക്കുന്നു.
ദുബായിലെ സ്റ്റാര്‍ട്ടപ് കമ്യൂണിറ്റിയില്‍ 30 ശതമാനത്തിലധികം ഇന്ത്യക്കാരാണ് പ്രതിനിധീകരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ കമ്പനികളും എന്‍ആര്‍ഐ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും യുഎഇയില്‍ 1 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.