യുഎഇയിലെ ഇന്ത്യന്‍ തടവുകാരെ ഉടന്‍ മോചിപ്പിക്കും: മന്ത്രി വി.മുരളീധരന്‍
‘വേണു രാജാമണിയുടെയും കെ.വി തോമസിന്റെയും ഡെല്‍ഹി നിയമനം ജനങ്ങളോടുള്ള പിണറായിയുടെ വെല്ലുവിളി. ഇടയ്ക്കിടെ പ്രതിനിധികളെ അയക്കാന്‍ കേരളം സ്വതന്ത്ര റിപ്പബ്‌ളിക്കല്ല’
ദുബൈ: യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ ഉടന്‍ മോചിപ്പിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍ അറിയിച്ചു. യുഎഇ നീതിന്യായ മന്ത്രി അബ്ദുല്ല അല്‍ നുഐമിയുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു ഇതിന് വഴിയൊരുങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും. ഇവരില്‍ ചിലര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് നടപടികള്‍ വൈകിയത്. ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
കോണ്‍സുലര്‍ സംബന്ധമായ കാര്യങ്ങളില്‍ ഇന്ത്യാ-യുഎഇ സഹകരണത്തെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും യുഎഇ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നും മുരളീധരന്‍ പറഞ്ഞു.
ക്രിയാത്മകമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും യുഎഇയിലെ ഇന്ത്യന്‍ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു.
സാംസ്‌കാരിക സഹകരണം, കായികം, സാമൂഹിക ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ യുഎഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാനുമായും മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്‍കിയ നിരന്തര പിന്തുണക്ക് നന്ദി അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ജനുവരി 19 മുതല്‍ 21 വരെ മന്ത്രി മുരളീധരന്‍ യുഎഇ സന്ദര്‍ശനത്തിലാണ്. യുഎഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാനെ നേരത്തെ കണ്ട അദ്ദേഹം ദുബൈയിലും അബുദാബിയിലും മറ്റു എമിറേറ്റുകളിലുമുള്ള ഇന്ത്യന്‍ സമൂഹവുമായും കൂടിക്കാഴ്ച നടത്തി വരികയാണ്. ഇന്ത്യന്‍ വ്യവസായികള്‍, പ്രൊഫഷണലുകള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായും തൊഴിലാളികളുമായും സാമൂഹിക നേതാക്കളുമായും മന്ത്രി സംവദിക്കുന്നുണ്ട്.
അതിനിടെ, കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി സംസ്ഥാനത്തിന് വേണ്ടി ചെയ്യാത്ത എന്തു കാര്യമാണ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി(ഒഎസ്ഡി)യായി റിട്ടയര്‍ ചെയ്ത ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയെ ഡെല്‍ഹിയില്‍ നിയമിച്ചതു വഴി സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി മുരളീധരന്‍ ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആവശ്യപ്പെട്ടു. കെ.വി തോമസിനെ കേരളത്തിന്റെ സ്‌പെഷ്യല്‍ റെപ്രസെന്ററ്റീവായി കാബിനറ്റ് റാങ്കോടെ നിയമിച്ചതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ഈ നിയമനം ശുദ്ധ ധൂര്‍ത്താണ്. ഇടയ്ക്കിടെ പ്രതിനിധികളെ ഡെല്‍ഹിയിലേക്ക് അയക്കാന്‍ കേരളം സ്വതന്ത്ര റിപ്പബ്‌ളിക്കല്ലെന്ന് പരിഹസിച്ച മുരീധരന്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ഈ നിയമനം സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് അധിക ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ-പാക് പ്രശ്‌ന പരിഹാരത്തിന് മറ്റൊരു രാജ്യം ഇടപെടേണ്ട ആവശ്യമില്ലെന്ന് ഇതുസംബന്ധമായ പാക്കിസ്താന്റെ പ്രസ്താവനക്ക് മന്ത്രി മറുപടി നല്‍കി.