ഇന്ന് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം; ‘സമാധാന സഖ്യ’ത്തിന് യുഎന്‍ മേധാവിയുടെ ആഹ്വാനം

ന്യൂയോര്‍ക്ക്: ഫെബ്രുവരി 4ന് ആചരിക്കുന്ന അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തോടനുബന്ധിച്ച് വിദ്വേഷ സംസാരങ്ങളുടെയും വിഭാഗീയതയുടെയും തള്ളിക്കയറ്റത്തില്‍ ‘സമാധാന സഖ്യം’ രൂപീകരിക്കാനുള്ള പുതിയ പ്രതിബദ്ധതയ്ക്ക് ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആഹ്വാനം ചെയ്തു.
‘നമ്മുടെ മനുഷ്യ കുടുംബത്തെ ഒട്ടിച്ചു നിര്‍ത്തുന്ന പശ’യായി അനുകമ്പ, മതപരമായ ധാരണ, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങള്‍ നിലനിര്‍ത്തിയാണ് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങും വിദ്വേഷവും അക്രമവും കലാപവും അസ്വാസ്ഥ്യവും നടമാടുന്ന സാഹചര്യത്തില്‍ യുഎന്‍ മേധാവിയുടെ ആഹ്വാനത്തിന് വലിയ പ്രസക്തിയുണ്ട്.
നമ്മുടെ മൂല്യങ്ങള്‍ സമാധാനത്തിന് അടിവരയിടുന്നതാണ്. എന്നിട്ടും ലോകമെമ്പാടും ആഴത്തിലുള്ള വിഭജനം, വര്‍ധിക്കുന്ന അസമത്വങ്ങള്‍, നിരാശ, വിദ്വേഷ പ്രസംഗങ്ങള്‍, വിഭാഗീയതകള്‍, കലഹങ്ങള്‍ എന്നിവ നാശം വിതറുകയാണ് -അദ്ദേഹം തുടര്‍ന്നു.
2019 ഫെബ്രുവരി 4ന് അബുദാബിയില്‍ വിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ശൈഖ് അഹമ്മദ് അല്‍ ത്വയ്യിബും ഒപ്പുവെച്ച ‘ലോകസമാധാനത്തിനും ഒരുമിച്ചു ജീവിക്കാനുമുള്ള മനുഷ്യ സാഹോദര്യം’ എന്ന പ്രഖ്യാപനം മതസൗഹാര്‍ദത്തിനും ഐക്യത്തിനും വേണ്ടിയുള്ള മാതൃകയാണെന്നും അതെല്ലാവരും എന്നും ഉള്‍ക്കൊള്ളേണ്ടതാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി.
2020 ഡിസംബര്‍ 21ന് യു എഇയും ഈജിപ്തും നേതൃത്വം വഹിച്ച പ്രമേയം യുഎന്‍ ജനറല്‍ അസംബ്‌ളി അംഗീകരിച്ചിരുന്നു. ഫെബ്രുവരി 4 അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനമായി അങ്ങനെയാണ് പ്രഖ്യാപിച്ചത്. എല്ലാ അംഗ രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും അന്താരാഷ്ട്ര ദിനം ആചരിക്കാന്‍ അദ്ദേഹം ക്ഷണിച്ചു.