ഇസ്‌റാഅ് മിഅ്‌റാജ്
നമ്മുടെ മുഹമ്മദ് നബി(സ്വ)യുടെ മുഅ്ജിസത്തുകളില്‍ വെച്ച് മഹത്തരമായ സംഭവങ്ങളാണ് ഇസ്‌റാഉം മിഅ്‌റാജും. അല്ലാഹു നബി (സ്വ)യെ ഇസ്‌റാഅ് മിഅ്‌റാജ് പ്രയാണങ്ങള്‍ നടത്തി ആദരിച്ചിരിക്കുകയാണ്. മാത്രമല്ല, നബി (സ്വ) സിദ്‌റത്തുല്‍ മുന്‍തഹായിലേക്ക് ഉയര്‍ത്തുകയുമുണ്ടായി. ആകാശാരോഹണ രാപ്രയാണങ്ങളില്‍ നബി (സ്വ) മറ്റു നബിമാരെ കണ്ടുമുട്ടി അവര്‍ക്ക് സലാം പറഞ്ഞ് അഭിവാദ്യം അര്‍പ്പിക്കുകയുണ്ടായി. അപ്പോള്‍ അവരും നബി(സ്വ)ക്ക് ആദരപൂര്‍വം പ്രതിവാദ്യം ചെയ്തു. നബി (സ്വ) പറയുന്നുണ്ട്: ഞാന്‍ ഇസ്‌റാഅ് പ്രയാണത്തില്‍ ആദം നബി(അ)യുടെ അടുത്ത് പോയി സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു, നല്ലവനായ പുത്രന്, സച്ചരിതനായ പ്രവാചകന് സ്വാഗതം. പിന്നെ യഹ്‌യാ (അ), ഈസാ (അ), യൂസുഫ് (അ), ഇദ്‌രീസ് (അ), ഹാറൂന്‍ (അ), മൂസാ (അ) എന്നീ നബിമാരെയും കണ്ട് സലാം പറഞ്ഞു. അവര്‍ ഓരോരുത്തരും നബി (സ്വ) ക്ക് സുസ്വാഗതമോതി (സ്വഹീഹു ഇബ്‌നു ഖുസൈമ 301). പിന്നെ ഇബ്രാഹിം നബി(അ)യുടെ അരികിലൂടെ പോയി. ഇബ്രാഹിം നബി (അ)യും സ്വാഗതമരുളി. ശേഷം പറഞ്ഞു: യാ മുഹമ്മദ്, താങ്കളുടെ സമുദായത്തോട് എന്റെ സലാം പറയണം (ഹദീസ് തുര്‍മുദി 3462).
പ്രവാചകന്മാര്‍ക്കിടയിലെ സ്‌നേഹവും ശാന്തി പ്രയോഗവും അവരുടെ സത്യസന്ദേശങ്ങളുടെ സമന്വയവും തെളിയിക്കുന്നതാണ് ഇസ്‌റാഅ് മിഅ്‌റാജ് പ്രയാണങ്ങള്‍. പ്രവാചകന്മാര്‍ അല്ലാഹുവില്‍ നിന്ന് പകര്‍ന്നതാണ് ഈ ശാന്തി രക്ഷാഭിവാദ്യം. അല്ലാഹു ഖുര്‍ആനില്‍ പലേടങ്ങളിലായി അക്കാര്യം പ്രസ്താവിക്കുന്നുമുണ്ട്: ഇബ്രാഹിം നബിയുടെ മേല്‍ സമാധാനം വര്‍ഷിക്കട്ടെ (സൂറത്തു സ്സ്വഫ്ഹാത്ത് 109). മൂസാ നബിക്കും ഹാറൂന്‍ നബിക്കും സമാധാനം ഭവിക്കട്ടെ (സൂറത്തു സ്സ്വഫ്ഹാത്ത് 120). ഈസാ നബി (അ) കുഞ്ഞിയിരിക്കെ തൊട്ടിലില്‍ സംസാരിച്ചത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ജനന, മരണ നാളുകളിലും പുനരുത്ഥാന ദിനവും എനിക്ക് ശാന്തിയുണ്ടായിരിക്കുന്നതാണ് (സൂറത്തു മര്‍യം 33). എല്ലാ സത്യദൂതന്മാരെയും അല്ലാഹു ശാന്തി നല്‍കി ആദരിച്ചതും പരാമര്‍ശിക്കുന്നുണ്ട്: ദൈവദൂതന്മാര്‍ക്ക് സമാധാനം ഭവിക്കട്ടെ (സൂറത്തു സ്സ്വഫ്ഹാത്ത് 181).
പ്രവാചകന്മാരെല്ലാവരും ഈ ശാന്തി സമാധാനത്തിന്റെ ദൂത് സ്വജീവിതങ്ങളില്‍ പകര്‍ത്തുകയും സമുദായംഗങ്ങള്‍ക്ക് പകരുകയും ചെയ്തിരുന്നു. നമ്മുടെ മുഹമ്മദ് നബി(സ്വ)യുടെ ജീവിത സന്ദേശം തന്നെ മാനവികതക്കുള്ള രക്ഷ എന്നതായിരുന്നു. നബി (സ്വ) പകര്‍ന്നതും പ്രബോധനം ചെയ്തതും ശാന്തിയും സമാധാനവുമായിരുന്നു. ആ രക്ഷയാണ് ഇസ്‌ലാം.
സത്യപ്രബോധകരായ പ്രവാചകന്മാരുടെ ആ രക്ഷാമാര്‍ഗം നാം സാമൂഹിക ജീവിതത്തില്‍ പിന്‍പറ്റേണ്ടിയിരിക്കുന്നു. സത്യവിശ്വാസിയെന്നാല്‍ അവന്റെ കൈദ്രോഹങ്ങളില്‍ നിന്നും നാക്കു ദ്രോഹങ്ങളില്‍ നിന്നും ജനങ്ങള്‍ രക്ഷപ്പെട്ടിരിക്കുമെന്നാണ് നബിയുടെ അധ്യാപനം (ഹദീസ് നസാഈ 4995, അഹ്മദ് 23958). രക്ഷ കൊണ്ട് അഭിവാദ്യം ചെയ്യുന്ന സലാം പറച്ചില്‍ പരസ്പരം വ്യാപകമായി നടത്താനും നബി (സ്വ) പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമില്‍ ഏത് കാര്യമാണ് ഉത്തമമെന്ന് ചോദിച്ചയാളോട് താങ്കള്‍ അറിയുന്നവരോടും അറിയാത്തവരോടും സലാം പറയുന്നതാണെന്ന് നബി (സ്വ) നിര്‍ദേശിക്കുകയുണ്ടായി (ഹദീസ് ബുഖാരി, മുസ്‌ലിം).