ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് ഇന്ന് യുഎഇ പള്ളികളില്‍ പ്രാര്‍ത്ഥന
കളക്ഷന്‍ പോയിന്റുകളില്‍ അഭൂതപൂര്‍വ പ്രതികരണം
ദുബായ്: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവര്‍ക്കുള്ള നമസ്‌കാരം ഇന്ന് ജുമുഅക്ക് ശേഷം യുഎഇയിലെ പള്ളികളില്‍ നടക്കും.
ഭൂകമ്പ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആഹ്വാനം ചെയ്തിരുന്നു.
തെക്കന്‍ തുര്‍ക്കി നഗരമായ ഗാസിയാന്‍ടെപ്പില്‍ മരിച്ചവരുടെ എണ്ണം 14,000 കവിഞ്ഞതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇന്നലെ പറഞ്ഞു. അതേസമയം, സിറിയയില്‍ ഇതു വരെയായി 17,000ത്തിലധികം പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.
ഭൂകമ്പ ഇരകള്‍ക്ക് 100 മില്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്ന് ശൈഖ് മുഹമ്മദ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. തിരച്ചില്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ ഏഴ് സഹായ വിമാനങ്ങള്‍ അയക്കുന്നുണ്ട്. ഭൂകമ്പം അതിജീവിച്ച 23 ദശലക്ഷം പേര്‍ക്ക് ആശ്വാസം പകരാന്‍ അടിയന്തര വൈദ്യ സഹായവുമായി ആദ്യ കാര്‍ഗോ വിമാനം ദുബായില്‍ നിന്ന് ഇന്നലെ പുറപ്പെട്ടു.
അതിനിടെ, ദുരിത ബാധിതര്‍ക്ക് സഹായങ്ങള്‍ നല്‍കാനായി സംഘടിപ്പിച്ച ശേഖരണ യജ്ഞത്തിന് ലഭിച്ചത് അഭൂതപൂര്‍വ പ്രതികരണം. വന്‍ തോതിലാണ് സാധന സാമഗ്രികള്‍ കളക്ഷന്‍ പോയിന്റുകളില്‍ എത്തിയത്. ഇതിനുള്ള സമയം അധികൃതര്‍ ദീര്‍ഘിപ്പിച്ച ശേഷവും ആളുകള്‍ അല്‍ ഖൂസിലെ കളക്ഷന്‍ പോയിന്റിലേക്ക് സഹായങ്ങളുമായി ഒഴുകിയെത്തുകയായിരുന്നു. ദുബായിലെ തുര്‍ക്കി കോണ്‍സുലേറ്റ് സംഘടിപ്പിച്ച സംഭാവനാ യജ്ഞത്തിലേക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഭക്ഷണം, ചൂടന്‍ വസ്ത്രങ്ങള്‍, കിടക്ക എന്നിവയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വന്‍ തോതിലാണ് എത്തിയത്. ദുരിത ബാധിതര്‍ക്ക് നിര്‍ണായക സഹായം നല്‍കിയ എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി പറഞ്ഞു. സാധനങ്ങള്‍ പായ്ക്ക് ചെയ്യാനും തുര്‍ക്കിയിലേക്ക് അയക്കാനുമായി സന്നദ്ധ പ്രവര്‍ത്തകര്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ചു വരികയാണ്.
