ലുലു ഗ്രൂപ്പിനെതിരായ വ്യാജ പ്രചാരണങ്ങളില്‍ പ്രതികരിച്ച് ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍
ശ്രീനഗര്‍: ലുലു ഗ്രൂപ്പിനും ചെയര്‍മാന്‍ എം.എ യൂസഫലിക്കുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തെത്തി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. മാള്‍ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”അടുത്ത കാലത്തായി എല്ലാ നല്ല പ്രവൃത്തികളെ കുറിച്ചും തെറ്റായ പ്രചാരണങ്ങള്‍ ആണ് കണ്ടു വരുന്നത്. ഈ അടുത്തിടെ ലുലു ഗ്രൂപ്പിനെ നിരോധിച്ചു എന്ന വാര്‍ത്ത എന്നോട് ഒരാള്‍ പറഞ്ഞു. ഇതുപോലെ തലയും വാലുമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എല്ലാറ്റിലും നെഗറ്റീവ് കാണരുതെന്ന് എന്റെ മാധ്യമ സുഹൃത്തുക്കളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു” -ലെഫ്റ്റനന്റ് ഗവര്‍ണര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലും ചില യൂട്യൂബ് ചാനലുകളിലും വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണ് ഇക്കാലയളവില്‍ നടന്നത്.