ജോലി, പഠനം, ചികിത്സ: 6 മാസം യുഎഇക്ക് പുറത്ത് കഴിഞ്ഞവര്‍ക്ക് വിസ ആക്റ്റീവാക്കാം
ദുബായ്: ആറു മാസമോ അതില്‍ കൂടുതലോ രാജ്യത്തിന് പുറത്ത് ചെലവഴിക്കുന്ന യുഎഇ നിവാസികള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി വിസാ സ്റ്റാറ്റസ് വീണ്ടും സജീവമാക്കാം.
ജോലി, പഠനം, ചികിത്സ എന്നിവ കാരണം വിദേശത്ത് ദീര്‍ഘ കാലം ചെലവഴിച്ചവര്‍ക്ക് ഐസിഎ(ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് അഥോറിറ്റി)യിലെ നാഷണാലിറ്റി, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഇതുസംബന്ധിച്ച പുതിയ നിയമങ്ങള്‍ യുഎഇയില്‍ വീണ്ടും പ്രവേശിക്കാനുള്ള പ്രക്രിയ സുഗമമാക്കുന്നതാണ്.
ഇക്കാലയളവില്‍ രാജ്യത്തിന് പുറത്ത് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന ഗോള്‍ഡന്‍ വിസാ ഉടമകള്‍ക്ക് പുതുക്കിയ പ്രൊട്ടോകോളുകള്‍ ബാധകമല്ലെന്ന് അഥോറിറ്റി അറിയിച്ചു.
ഔദ്യോഗികാംഗീകാരത്തിന് ശേഷം താമസക്കാര്‍ക്ക് അവരുടെ നിലവിലെ റെസിഡന്‍സി സ്റ്റാറ്റസ് വീണ്ടും സജീവമാക്കാനും അതേ പെര്‍മിറ്റിന് കീഴില്‍ യുഎഇയിലേക്ക് മടങ്ങാനും അനുമതിയുണ്ടായിരിക്കുന്നതാണ്. ഐസിഎയുടെ വെബ്‌സൈറ്റില്‍ ഇതിനായി അപേക്ഷിക്കാവുന്നതാണ്.
മുന്‍പ് കാലാവധി കഴിഞ്ഞ വിസകയുള്ളവര്‍ക്ക് റസിഡന്‍സി ക്രമപ്പെടുത്താന്‍ വീണ്ടും അപേക്ഷിക്കേണ്ടി വരും. പെര്‍മിറ്റ് അഭ്യര്‍ത്ഥനകളില്‍ അപേക്ഷകന്റെ എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ട്, അവര്‍ രാജ്യത്തേക്ക് മടങ്ങാന്‍ വൈകിയതിന്റെ കാരണം എന്നിവ വിശദീകരിക്കുന്ന ഒരു പ്രസ്താവന ഉണ്ടായിരിക്കണമെന്ന് ‘വാം’ പറഞ്ഞു.
കൊറോണ വൈറസ് രൂക്ഷമായപ്പോള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ശേഷം കാലാവധി കഴിഞ്ഞ വിസയുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു.