കേരളത്തില്‍ ആഡംബര ബ്രാന്റുകള്‍ പിറവിയെടുക്കുന്നു: മന്ത്രി പി.രാജീവ്
പാലക്കാട്: കേരളത്തില്‍ ഇന്ന് ആഗോള ആഡംബര ബ്രാന്‍ഡുകള്‍ പിറവിയെടുക്കുന്ന സാഹചര്യമാണെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. അത്താച്ചി ഗ്രൂപ് അഗ്രോ ഫോറസ്ട്രി അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ആഡംബര ചര്‍മ പരിചരണ ബ്രാന്‍ഡായ ‘മോര്‍ഗാനിക്‌സ്’ നിര്‍മാണ യൂണിറ്റ് പാലക്കാട് കല്ലേപ്പുള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ക്രിയാത്മകമായ വ്യവസായാന്തരീക്ഷം സൃഷ്ടിക്കാന്‍ ‘മീറ്റ് ദി ഇന്‍വെസ്റ്റര്‍’ പോലുള്ള സൗഹൃദ നടപടികള്‍ സര്‍ക്കാര്‍ പുതിയ വ്യവസായ നയമായി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ കാലത്തെ വ്യവസായങ്ങളുടെ സാധ്യത കേരളത്തില്‍ വര്‍ധിച്ചു വരുന്നതായും തനി സ്വാഭാവികമായ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ കേരള ബ്രാന്റുകളുടെ ഉല്‍പാദനത്തിന് കേരളം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപണിയില്‍ പ്രകൃതി സിദ്ധമായ സൗന്ദര്യ സംവര്‍ധക വസ്തുക്കളോടുള്ള പ്രിയം ലോകമെമ്പാടും വര്‍ധിച്ചു വരികയാണ്. അത്താച്ചി ഗ്രൂപ്പിന്റെ പുതിയ സംരംഭം ഈ ദിശയിലുള്ള ശരിയായ കാല്‍വെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നൂതന സംരംഭം സാര്‍ത്ഥകമാക്കാന്‍ പരിശ്രമിച്ച അത്താച്ചി ഗ്രൂപ് ചെയര്‍മാന്‍ രാജു സുബ്രഹ്മണ്യനെയും അതിനാവശ്യമായ സഹായങ്ങള്‍ നല്‍കിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും മന്ത്രി പ്രശംസിച്ചു. എലപ്പുള്ളിയിലെ സ്വന്തം കൃഷിയിടത്തില്‍ വളര്‍ത്തുന്ന നല്ല ഗുണ മേന്മയുള്ള ശുദ്ധവും നൈസര്‍ഗികവുമായ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങളായിരിക്കും കമ്പനി ഉല്‍പാദിപ്പിക്കുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രാജു സുബ്രഹ്മണ്യന്‍ പറഞ്ഞു.
രാജുവിന്റെ അമ്മയുടെ പേരിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. പ്രകൃതിയുടെ സ്വാഭാവിക ജൈവികത കാത്തു സൂക്ഷിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും തികച്ചും ആ നിലക്കുള്ള നിര്‍മാണ രീതിയായ ‘മോര്‍ ദാന്‍ ഓര്‍ഗാനിക്‌സ്’ ആണ് കമ്പനി അവലംബിക്കുന്നതെന്നും രാജു വ്യക്തമാക്കി.
അത്താച്ചി ഗ്രൂപ് സ്ഥാപക അലമേലു സുബ്രമണ്യന്‍ ഭദ്രദീപം തെളിയിച്ചു. പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍, മലമ്പുഴ എംഎല്‍എ എ.പ്രഭാകരന്‍, പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ് പട്ടാഭിരാമന്‍, പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പ്രസീത, കെഎസ്‌ഐഡിസി എജിഎം വര്‍ഗീസ് മലകാരന്‍, ബിഇഎംഎല്‍ അഡൈ്വസര്‍ കരിമ്പുഴ രാമന്‍, ഇന്‍ഡസ്ട്രിസ് ആന്‍ഡ് കോമേഴ്‌സ് ജനറല്‍ മാനേജര്‍ ബെനഡിക്റ്റ് വില്യം തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
അത്താച്ചി ഗ്രൂപ് എംഡി ഡോ. വിശ്വനാഥന്‍.എന്‍ സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. ഗ്രൂപ് വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ സുബ്രഹ്മണ്യന്‍, സിഐഒ ശങ്കര്‍ എന്‍.ചൂഡാമണി എന്നിവര്‍ ആഗോള വിപണിയെ കുറിച്ചുള്ള കമ്പനിയുടെ ദര്‍ശനവും സ്വഭാവവും വിശദീകരിച്ചു.
അതിനിടെ, 30 വര്‍ഷത്തെ തന്റെ പ്രവാസാനുഭവങ്ങള്‍ മറക്കാനാവാത്തതാണെന്ന് രാജു സുബ്രഹ്മണ്യന്‍ ദുബായില്‍ പറഞ്ഞു. എമിറേറ്റ്‌സ് എയര്‍ലൈനില്‍ ഫിനാന്‍സ് വിഭാഗത്തിലായിരുന്നു ഏറെ കാലം ജോലി ചെയ്തത്. ദുബായിലെ ഭരണ, സാമൂഹിക, സാങ്കേതിക, ധന കാര്യ മേഖലകളിലെ മികവുകളും കാര്യക്ഷമതയും മാതൃകാപരമെന്ന് പറഞ്ഞ രാജു, കേരളത്തില്‍ നല്ല വ്യവസായങ്ങളും നിക്ഷേപ സൗഹൃദ സാഹചര്യങ്ങളും ഉണ്ടായി വരണമെന്നും ഇപ്പോള്‍ അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും കാലാവസ്ഥയും സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് ശുഭോദര്‍ക്കമാണെന്നും നിരീക്ഷിച്ചു. അത്താച്ചി ഗ്രൂപ്പിന്റെ ‘മോര്‍ഗാനിക്‌സ്’ ആഡംബര ചര്‍മ സംരക്ഷണ ബ്രാന്റായി ആഗോള സ്ഥാനം നേടുമെന്ന് പറഞ്ഞ ദീപ സുബ്രഹ്ണ്യന്‍, ഏറെ ശ്രദ്ധയോടെയാണ് ഔഷധ സസ്യങ്ങളും ഫാമും ഫാക്ടറി സൗകര്യങ്ങള്‍ 20 ഏക്കര്‍ സ്ഥലത്ത് സജ്ജീകരിച്ചിരിക്കുന്നതെന്നും ചര്‍മ സംരക്ഷണത്തില്‍ മാതൃകാ ബ്രാന്റായി ഇത് മാറുമെന്നും അവകാശപ്പെട്ടു.