കുട്ടമ്പൂര്‍ ദാറുല്‍ ഹിദായ ഇസ്‌ലാമിക് അക്കാദമി ഷാര്‍ജ ചാപ്റ്റര്‍ കമ്മിറ്റി
ഷാര്‍ജ: പ്രസിദ്ധമായ വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹത്തായ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ കുട്ടമ്പൂര്‍ ദാറുല്‍ ഹിദായ ഇസ്‌ലാമിക് അക്കാദമി ഷാര്‍ജ ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റ്: സാദിഖ് ബാലുശ്ശേരി. വൈസ് പ്രസിഡന്റ്: ശാക്കിര്‍ ഫറോക്ക്, അബൂബക്കര്‍ നദാപുരം. ജന.സെക്രട്ടറി: അഫ്‌സല്‍ കൊട്ടക്കാവയല്‍. ജോ.സെക്രട്ടറി: സഫീര്‍ ജാറംകണ്ടി, ജംഷാദ് പൂനൂര്‍. ട്രഷറര്‍: ഹാരിസ് മടവൂര്‍.
പൗരാണിക കാലം തൊട്ടേ വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴില്‍ നടന്നിരുന്ന ദര്‍സീ സമ്പ്രദായത്തെ കഴിഞ്ഞ എട്ട് വര്‍ഷം മുന്‍പാണ് ഈ കോളജ് സംവിധാനത്തിലേക്ക് മാറ്റിയത്. തെന്നിന്ത്യയിലെ അത്യുന്നത മത-ഭൗതിക കലാലയമായ പട്ടിക്കാട് ജാമിഅ: നൂരിയ്യയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട പ്രസ്തുത സ്ഥാപനം ഇന്ന് പുരോഗതിയുടെ പടവുകള്‍ താണ്ടി മുന്നേറുകയാണ്.
62 ജൂനിയര്‍ കോളജുകളുള്ള പട്ടിക്കാട് ജാമിഅഃ നൂരിയ്യക്ക് എട്ടോളം ജൂനിയര്‍ കോളജുകളാണ് കോഴിക്കോട് ജില്ലയിലുള്ളത്. ഈ എട്ടു ജൂനിയര്‍ കോളജുകളില്‍ പാഠ്യ-പാഠ്യ ഇതര വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളിളിലൊന്നു കൂടിയാണ് ദാറുല്‍ ഹിദായ. നിലവില്‍ പാരമ്പര്യ ദര്‍സീ കിതാബുകളെ ഉള്‍ക്കൊള്ളിച്ചും ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ ഡിഗ്രി തലം വരെയുള്ള ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ചും വളരെ നിലവാരമുള്ള സിലബസ്സിനു കീഴിലാണ് സ്ഥാപനം നടന്നു വരുന്നത്. ഒപ്പം, ഭാഷാ പഠന രംഗത്തും കലാ-സാഹിത്യ-സാങ്കേതിക രംഗങ്ങളിലും വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ പ്രത്യേകം പരിശീലന പരിപാടികളും സ്ഥാപനം നല്‍കി വരുന്നുണ്ട്. ഫലത്തില്‍ മാറിവരുന്ന ആധുനിക സാഹചര്യങ്ങളോട് സംവദിക്കാന്‍ കെല്‍പ്പുള്ള പ്രാഗല്‍ഭരായ ഒരുപറ്റം യുവ പണ്ഡിതരെ വാര്‍ത്തെടുക്കുക എന്നതാണ് ദാറുല്‍ ഹിദായ ലക്ഷ്യമിടുന്നത്.
300 ഓളം വീടുകള്‍ ഉള്‍ക്കൊള്ളുന്ന വീര്യമ്പ്രം മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് ദാറുല്‍ ഹിദായക്ക് നേതൃത്വം നല്‍കുന്നത്. പ്രസ്തുത മഹല്ലിലും പരിസര മഹല്ലിലുമുള്ള സാധാരണക്കാരായ ദീനീ സ്‌നേഹികളുടെ സഹായ, സഹകരണത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 90 ഓളം കുട്ടികളും പത്തോളം സ്ഥിര അധ്യാപകരും 5 താല്‍ക്കാലിക അധ്യാപകരും മൂന്ന് കാന്റീന്‍ ജീവനക്കാരുമാണ് നിലവില്‍ സ്ഥാപനത്തിലുള്ളത്. മത-ഭൗതിക സമന്വയ രംഗത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴും സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഇനിയും ഏറെ മെച്ചപ്പെടുത്താനുണ്ട്. ഒപ്പം, ഉസ്താദുമാരുടെ ശമ്പളം ഭക്ഷണം തുടങ്ങിയ ദൈനംദിന ചെലവുകള്‍ക്കും നല്ലൊരു സംഖ്യ ആവശ്യമായി വരുന്നുണ്ട്. സ്ഥാപനത്തിന് സ്ഥിരമായി വരുമാന മാര്‍ഗം ഇല്ലാത്തത് പരിഹരിക്കാനായി 12 മുറികളുള്ള രണ്ടു നില അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സ്ഥാപന മാനേജിംഗ് കമ്മിറ്റിയുടെയും സമീപ പ്രദേശങ്ങളിലെ ഖത്തീബുമാര്‍ അടക്കമുള്ള മത-സാമൂഹിക മേഖലയിലെ നേതാക്കളുടെയും സഹകരണത്തോടെ പ്രസ്തുത അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.