തൊഴിലാളികളുടെ അവകാശ സംരക്ഷണം: പുതിയ സംവിധാനങ്ങളുമായി അബുദാബി ലേബര്‍ കോടതി
അബുദാബി: ലളിതവും പ്രായോഗികവുമായ നടപടികളിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനും വിതരണം ചെയ്യാനും അബുദാബി ലേബര്‍ കോടതി പുതിയ നടപടിക്രമങ്ങളും സംവിധാനങ്ങളും സ്വീകരിച്ചു.
രാജ്യത്തെ നിയമങ്ങള്‍ ഉറപ്പു നല്‍കുന്ന ഓരോ വ്യവഹാരക്കാരുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതു വഴി നീതി കൈവരിക്കാനും നിയമ വാഴ്ച നിലനിര്‍ത്താനും സാധിക്കും. അബുദാബി കോടതി എല്ലാ ജുഡീഷ്യല്‍ നടപടികളിലും സുസ്ഥിര വികസന സമീപനമാണ് സ്വീകരിക്കുന്നതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എഡിജെഡി) അണ്ടര്‍ സെക്രട്ടറി യൂസഫ് സഈദ് അലബ്രി പറഞ്ഞു.
ഒരു മുന്‍നിര ജുഡീഷ്യല്‍ സംവിധാനം വികസിപ്പിക്കാന്‍ യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും എഡിജെഡി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശാനുസരണം ഒരു നീതിന്യായ വ്യവസ്ഥ സുഗമമാക്കാന്‍ പുതിയ സംവിധാനം ലക്ഷ്യമിടുന്നുവെന്ന് അലബ്രി പറഞ്ഞു.