ലൈലത്തുല്‍ ഖദ്ര്‍: പാപമോചനത്തിന്റെയും രക്ഷയുടെയും പ്രത്യേക രാവ്
അല്ലാഹുവിന്റെ വരദാനമാണ് പരിശുദ്ധ റമദാന്‍ മാസം. സദ്പ്രവര്‍ത്തനങ്ങള്‍ക്ക് ഇരട്ടിയിരട്ടികള്‍ പ്രതിഫലങ്ങളായി ലഭിക്കുന്ന മാസം. ഈ മാസത്തില്‍ തന്നെ ഒരു രാവുണ്ട്. സഹസ്രം മാസങ്ങളെക്കാള്‍ പുണ്യമായ ഏക രാവാണത്. ലൈലത്തുല്‍ ഖദ്ര്‍. ലൈലത്ത് എന്നാല്‍ രാത്രിയെന്നര്‍ത്ഥം. ഖദ്ര്‍ എന്നാല്‍ മഹത്വം, വിധിനിര്‍ണയം എന്നൊക്കെ അര്‍ത്ഥമുണ്ട്. പരിശുദ്ധ ഖുര്‍ആനില്‍ ഈ രാവിനെ വിവരിച്ചു കൊണ്ട് അല്ലാഹു ഒരു ചെറു അധ്യായം തന്നെ ഇറക്കിയിട്ടുണ്ട്. അതാണ് സൂറത്തുല്‍ ഖദ്ര്‍. പ്രസ്തുത ഖുര്‍ആനികാധ്യായത്തെ ചുരുക്കത്തില്‍ ഇങ്ങനെ ഗ്രഹിക്കാം: ”നിശ്ചയം, ഈ ഖുര്‍ആന്‍ നാം അവതരിപ്പിച്ചത് മഹത്വപൂര്‍ണമായ രാത്രിയിലത്രെ. മഹത്വപൂര്‍ണമായ രാത്രി എന്താണെന്ന് താങ്കള്‍ക്കറിയുമോ? ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമാണത്. മലക്കുകളും വിശിഷ്യാ ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുമതിയോടെ മുഴുകാര്യങ്ങളുമായി അന്ന് ഇറങ്ങി വരുന്നു. ഉണ്‍മ പ്രഭാതോദയം വരെ ശാന്തിയത്രെ”.
വിശുദ്ധ ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ ഇറക്കിയെന്ന് പറഞ്ഞു കൊണ്ടാണ് അല്ലാഹു സൂറത്ത് തുടങ്ങുന്നത്. അതായത്, ഖുര്‍ആനിനെ മൊത്തമായും ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ആകാശലോകത്തെ ബൈത്തുല്‍ ഇസ്സയിലേക്ക് ഇറക്കിയത് ഈ പവിത്ര രാത്രിയിലാണ്. ഖുര്‍ആന്‍ അവതരണ വിശേഷം അറിയിച്ച ശേഷം അല്ലാഹു നബി(സ്വ)യോട് അഭിസംബോധനമായി ചോദിക്കുകയാണ്: താങ്കള്‍ക്കറിയുമോ, ലൈലത്തുല്‍ ഖദ്ര്‍ എന്താണെന്ന്. ശേഷം, ആ മഹത്വ രാത്രിയുടെ സവിശേഷതകള്‍ അല്ലാഹു വര്‍ണിച്ചു കൊടുക്കുകയാണ്.
ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമെന്നാല്‍ ഈ ഒരൊറ്റ രാത്രിയില്‍ ചെയ്യുന്ന ഒറ്റ നന്മ പോലും അതേ നന്മ ആയിരം മാസം തുടര്‍ച്ചയായി ചെയ്യുന്നതിനെക്കാള്‍ ഉത്തമവും പ്രതിഫലാര്‍ഹവുമാണെന്ന് സാരം. ആ രാത്രിയില്‍ എണ്ണമറ്റ മാലാഖമാര്‍ ഭൂമിയിലേക്ക് ഇറങ്ങി വരുമത്രെ. അവരുടെ മുന്‍നിരയില്‍ ജിബ്‌രീല്‍ (അ) ആയിരിക്കും. ആ വര്‍ഷത്തില്‍ അല്ലാഹു ഓരോന്നിന്നും വിധിച്ച ഉപജീവനം, ആയുസ്, ഭക്ഷണം തുടങ്ങിയവയുടെ വിധിനിര്‍ണയങ്ങളുമായാണ് ദൈവാജ്ഞ പ്രകാരമുള്ള അവരുടെ ആഗമനം. ആ നിശയിലാണ് തത്ത്വാധിഷ്ഠിതമായ എല്ലാ വിഷയങ്ങളും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യമെന്ന നിലക്ക് വേര്‍തിരിക്കപ്പെടുന്നത് (സൂറത്തുദ്ദുഖാന്‍ 04). ആ രാവില്‍ പ്രഭാതം വിടരുവോളം അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക കരുണയും പരിരക്ഷയും ഭൂമിയിലേക്ക് ഇറങ്ങുന്നതായിരിക്കും. ലൈലത്തുല്‍ ഖദ്ര്‍ എന്ന അതിശ്രേഷ്ഠ രാത്രി പ്രഭാതം പുലരുവോളം രക്ഷയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് സൂറത്തുല്‍ ഖദ്ര്‍ ഉപസംഹരിക്കുന്നത്.
‘ലൈലത്തുല്‍ ഖദ്‌റി’നെ കുറിച്ച് പ്രവാചകര്‍ നബി (സ്വ) പറയുന്നു: ഒരാള്‍ക്ക് ലൈലത്തുല്‍ ഖദ്ര്‍ നഷ്ടമായാല്‍ സകല നന്മകളും അയാള്‍ക്ക് നഷ്ടമായിരിക്കുന്നു. ഹതഭാഗ്യര്‍ക്ക് മാത്രമേ ആ രാവിനെ ഉപയോഗപ്പെടുത്താനാവാതെ നഷ്ടപ്പെടുകയുള്ളൂ (ഹദീസ് ഇബ്‌നു മാജ 1644).
ഒരിക്കല്‍ പ്രിയ പത്‌നി ആയിശാ ബീവി (റ) നബി(സ്വ)യോട് ചോദിക്കുകയുണ്ടായി: തിരുദൂതരേ, ലൈലത്തുല്‍ ഖദ്ര്‍ ഏത് രാത്രിയിലാണെന്ന് എനിക്ക് അറിയുകയാണെങ്കില്‍ ആ രാത്രിയില്‍ ഞാന്‍ എന്താണ് ചൊല്ലേണ്ടത്?”. നബി (സ്വ) പറഞ്ഞു: ”അല്ലാഹുവേ, നീ മാപ്പു നല്‍കുന്നവനാണ്, മാപ്പു നല്‍കുന്നത് ഇഷ്ടപ്പെടുന്നവനുമാണ്, നീ എനിക്ക് മാപ്പു നല്‍കേണമേ” എന്ന് പ്രാര്‍ത്ഥിക്കണം (ഹദീസ് തുര്‍മുദി 3515, ഇബ്‌നു മാജ 3850).