ഭൂവിഭവ സംരക്ഷണം മനുഷ്യന്റെ ബാധ്യത
ഈ ഭൂമിയും അതിലെ വിഭവങ്ങളും സംവിധാനങ്ങളും അല്ലാഹു നമുക്കായി ഒരുക്കിയതാണ്. അവയെ സംരക്ഷിച്ചു നിര്‍ത്തല്‍ നാമോരോരുത്തരുടെയും ബാധ്യതയാണ്. ഭൂമിയെ വാസയോഗ്യമാക്കാനുതകുന്ന നിര്‍മാണാത്മ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് ഇസ്‌ലാം മതം നിര്‍ദേശിക്കുന്നത്. അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്ന് സൂറത്തു ഹൂദ് 61-ാം സൂക്തത്തില്‍ കാണാം.
അല്ലാഹു നമുക്കേല്‍പ്പിച്ച ഭൂമിയെയും അതിലെ സമൃദ്ധിയെയും ഐശ്വര്യത്തെയും സംരക്ഷിക്കല്‍ നമ്മുടെ അനിവാര്യതയുമാണ്. അല്ലാഹു പറയുന്നു: ഭൂമിയെ അല്ലാഹു മനുഷ്യര്‍ക്ക് വേണ്ടിയുണ്ടാക്കി. അതില്‍ പഴങ്ങളും കൂമ്പാളകളുള്ള ഈന്ത വൃക്ഷങ്ങളും വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട് (സൂറത്തുറഹ്മാന്‍ 10, 11, 12). ഭൂമിയിലെ വിഭവങ്ങളെയും വിഭവ ശേഷികളെയും പാഴാക്കുന്നതും ധൂര്‍ത്തടിക്കുന്നതും അമിതവ്യയം ചെയ്യുന്നതും അല്ലാഹു ശക്തമായി വിലക്കിയിട്ടുണ്ട്: ഭൂമിയില്‍ അല്ലാഹു നന്മ വരുത്തിയ ശേഷം നിങ്ങളിവിടെ നാശമുണ്ടാക്കരുത്; വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ക്ക് നല്ലത് അതാണ് (സൂറത്തുല്‍ അഅ്‌റാഫ് 85). ഭൂമിയിലെ കായ്കള്‍ തിന്നാന്‍ പറഞ്ഞ അല്ലാഹു ദുര്‍വ്യയം ചെയ്യരുതെന്നും കല്‍പിക്കുന്നുണ്ട്. അവന്‍ ദുര്‍വ്യയം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നില്ലത്രെ (സൂറത്തുല്‍ അന്‍ആം 141).
വെള്ളം ഭൂമിയിലെ വിലമതിക്കാനാവാത്ത വിഭവമാണ്. ജീവന്റെ അടിസ്ഥാന ഘടകം വെള്ളമാണ്. സര്‍വ ജീവവസ്തുക്കളെയും ജലത്തില്‍ നിന്ന് നാം സൃഷ്ടിച്ചുവെന്ന് അല്ലാഹു പറയുന്നുണ്ട് (സൂറത്തുല്‍ അമ്പിയാഅ് 30). കവിഞ്ഞൊഴുകുന്ന നദിയില്‍ നിന്നാണെങ്കില്‍ പോലും വെള്ളം അമിത വ്യയമില്ലാതെ മിതമായി ഉപയോഗിക്കാനാണ് നബി (സ്വ) പഠിപ്പിക്കുന്നത്.
ഈ ഭൂമിയിലെ വായു മണ്ഡലത്തെ ശുദ്ധമായി സംരക്ഷിക്കലും നമ്മുടെ ബാധ്യതയാണ്. സകല മലിനീകരണങ്ങളും അന്തരീക്ഷ തപനങ്ങളും ഏല്‍പ്പിക്കാതെ വായുവിന് സംരക്ഷണ വലയം തീര്‍ക്കേണ്ടിയിരിക്കുന്നു. ഭൂമിയിലെ ജൈവ, സസ്യ സമ്പത്തുകള്‍ സരംക്ഷിക്കാനും നബി (സ്വ)യുടെ പ്രേരണയുണ്ട്. ഒരാള്‍ കൃഷി ചെയ്തിട്ടോ ഒരു ചെടി നട്ടിട്ടോ ഉണ്ടായ ഫലം ഒരാളോ ഒരു മൃഗമോ ഒരു പക്ഷിയോ തിന്നാല്‍ അത് അവന്‍ ചെയ്യുന്ന ദാനധര്‍മം ആയി കണക്കാക്കപ്പെടുമെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് ബുഖാരി, മുസ്‌ലിം). ഭൂമിയിലെ ഓരോ വിഭവവും വരുംതലമുറക്കും കൂടിയുള്ളതാണെന്ന ബോധ്യത്തോടെയാവണം നമ്മുടെ ഉപയോഗങ്ങള്‍.
അല്ലാഹു ഭൂമിയെ മനുഷ്യന്റെ ഉപജീവനത്തിനും അതിജീവനത്തിനുമുതകുന്ന രീതിയില്‍ വളരെ യുക്തമായാണ് സൃഷ്ടിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നുണ്ട്: നിങ്ങള്‍ക്ക് നാം ഭൂമിയില്‍ അധികാരം തരികയും ഉപജീവന മാര്‍ഗങ്ങള്‍ സംവിധാനിക്കുകയും ചെയ്തു (സൂറത്തുല്‍ അഅ്‌റാഫ് 10). മാത്രമല്ല, ഭൂമിയിലെ എല്ലാറ്റിനെയും മനുഷ്യ ആവശ്യങ്ങള്‍ക്കായി ഒരുക്കിയതാണ്. ഭൂമിയിലുള്ളതൊക്കെയും നിങ്ങള്‍ക്കായി സൃഷ്ടിച്ചത് അവനാണ് (സൂറത്തു ബഖറ 29). എല്ലാ വിഭവങ്ങളും അല്ലാഹുവിന്റെ ഖജനാവില്‍ സുഭദ്രമാണ്. അവയ്ക്ക് കുറ്റവും കുറവും സംഭവിക്കുന്നതല്ല. എല്ലാം അവന്‍ വളരെ ന്യായമായ രീതിയില്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. അവന്‍ അനുയോജ്യമാംവിധം എല്ലാ സാധനങ്ങളും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു (സൂറത്തുല്‍ ഹിജ്ര്‍ 19). അല്ലാഹു ക്രമീകരിച്ച ഈ സമതുലനാവസ്ഥ നിലനിര്‍ത്തേണ്ടത് നാം മനുഷ്യരുടെ കടമയാണ്. കാരണം, ഭൂമി മനുഷ്യന്റെ ഇടമാണ്. ഒരു നിശ്ചിത കാലം വരെ നിങ്ങള്‍ക്ക് ഭൂമിയില്‍ അധിവാസവും ജീവിത വിഭവങ്ങളുമുണ്ടെന്നാണ് സൂറത്തുല്‍ ബഖറ 36-ാം സൂക്തത്തിലൂടെ അല്ലാഹു അറിയിച്ചിരിക്കുന്നത്.