ഒരു സിനിമ നല്ലതോ ചീത്തയോയെന്ന് തീരുമാനിക്കുന്നത് കച്ചവട മൂല്യം നോക്കിയല്ല: വി.കെ പ്രകാശ്
ദുബായ്: ഒരു സിനിമ നല്ലതോ ചീത്തയോയെന്ന് തീരുമാനിക്കുന്നത് അതിന്റെ കച്ചവട മൂല്യം നോക്കിയല്ലെന്ന് സംവിധായകന്‍ വി.കെ പ്രകാശ്. ഏറ്റവും കൂടുതല്‍ വിജയം കിട്ടുന്നത് നല്ലതും പരാജയപ്പെടുന്നത് മോശവുമെന്നും പറയാനാവില്ലെന്നും ഉള്ളടക്കമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ‘ലൈവ്’ സിനിമയുടെ ഗള്‍ഫ് റിലീസിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സ്ത്രീകള്‍ ബഹുമാനിക്കപ്പെടണമെന്ന സന്ദേശം ഈ സിനിമ മുന്നോട്ടു വെക്കുന്നു.
അധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരയാക്കപ്പെടുന്നതിന്റെ ദുരന്ത ചിത്രമാണിതിലെ പ്രമേയം. സാമൂഹികമായി പ്രസക്തമെന്ന് തോന്നിയതിനാലാണ് ഇതില്‍ അഭിനയിച്ചതെന്ന് നടി മംമ്ത മോഹന്‍ദാസ് പറഞ്ഞു. ഏറ്റവും നന്നായി അഭിനയിക്കാനായെന്നാണ് വിശ്വാസമെന്നും മൂന്നു തവണ ഇതിനകം ചിത്രം കണ്ടുവെന്നും അവര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ രണ്ടു വശവും അറിഞ്ഞയാളാണ് താനെന്നും ഉപയോഗിക്കുന്നതിനനുസരിച്ച് ഫലമുണ്ടാകുമെന്നും നടി പ്രിയ വാര്യര്‍ പറഞ്ഞു. ഉള്ളടക്കത്തിന്റെ പ്രത്യേകതയാണ് താനീ സിനിമ വിതരണത്തിന് എടുക്കാന്‍ കാരണമെന്ന് ട്രൂത്ത് ഫിലിംസ് എംഡി സമദ് ട്രൂത്ത് പറഞ്ഞു.