BusinessTechnologyTravelUAE

കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍, വിമാനങ്ങള്‍: ഏറ്റവും വലിയ തുകക്ക് ഡൊമെയ്ന്‍ നെയിം സ്വന്തമാക്കി മലയാളി

ദുബായ്: ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകളും തുടര്‍ന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുമെന്ന ലക്ഷ്യത്തോടെ ഏറ്റവും വലിയ ഡൊമെയ്ന്‍ നെയിമായ ‘എയര്‍ കേരള ഡോട്ട് കോം’   സ്വന്തമാക്കി സ്മാര്‍ട്ട് ട്രാവല്‍. സാധാരണക്കാരായ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ, വ്യവസായ പ്രമുഖരുടെ പിന്‍ബലത്തില്‍ കേരളത്തിന് സ്വന്തമായി ഒരു വിമാന കമ്പനി എന്നതാണ് തന്റെ മനസ്സിലെ ആശയമെന്ന് സ്മാര്‍ട്ട് ട്രാവല്‍ സ്ഥാപകനും സിഇഒയുമായ അഫി അഹമ്മദ് യു.പി.സി പറഞ്ഞു. സൗദിയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും സാധാരണക്കാര്‍ക്ക് ആശ്വാസമെന്ന നിലയിലാണ് പദ്ധതികള്‍ തയാറാക്കുന്നത്. തുടര്‍ നടപടികളുടെ ഭാഗമായി വിവിധ വിമാന കമ്പനികളില്‍ ജോലി ചെയ്തിരുന്ന ഉന്നതോദ്യോഗസ്ഥരുടെ ഒരു പാനലും തയാറാക്കിയിട്ടുണ്ട്. സാധ്യതാ പഠനങ്ങള്‍ക്കായി ഒരു അന്തര്‍ദേശീയ കമ്പനിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയിലെ പ്രധാന എയര്‍പോര്‍ട്ടുകള്‍ ഉപയോഗിച്ച് വളരെ ചെലവ് കുറഞ്ഞ യാത്രാ വിമാനങ്ങള്‍ ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഉദ്യമത്തിന് മുതിരുന്നതെന്ന് പറഞ അദ്ദേഹം, കമ്പനി രജിസ്‌ട്രേഷനും അനുബന്ധ നടപടികളും പുരോഗമിച്ചു വരികയാണെന്നും വിശദീകരിച്ചു.
യുഎഇ ആസ്ഥാനമായ ‘1971’ എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ കീഴില്‍ പ്രര്‍ത്തിക്കുന്ന ‘എക്‌സിക്യൂട്ടീവ് ബാച്ചിലേഴ്‌സ് ഡോട്ട് കോം’എന്ന ഡൊമെയ്ന്‍ സെല്ലിംഗ് പോര്‍ട്ടലാണ് യുഎഇയിലെ ഏറ്റവും വലിയ തുകക്ക് ‘എയര്‍ കേരള ഡോട്ട് കോം’ സ്മാര്‍ട്ട് ട്രാവലിന്റെ പേരില്‍ കൈമാറിയത്. 2000 ഫെബ്രുവരിയിലാണ് എയര്‍ കേരള ഡോട്ട് കോം രജിസ്റ്റര്‍ ചെയ്തിരുന്നത്. കേരള സര്‍ക്കാര്‍ എയര്‍ കേരളയുമായി മുന്നോട്ട് പോയിരുന്ന കാലഘട്ടത്തില്‍ ടൈംസ് ഓഫ് ഇന്ത്യ അഞ്ചു കോടിയോളം രൂപയാണ് ഈ ഡൊമെയ്ന്‍ നെയ്മിന് വിലയിട്ടിരുന്നത്. പിന്നീട് നിരവധി അന്തര്‍ദേശീയ ഡൊയെ്ന്‍ ബ്രോക്കര്‍മാര്‍ സമീപിച്ചിരുന്നെങ്കിലും കേരളത്തിന്റെ പേരായതിനാലും ഒരു സ്വപ്ന പദ്ധതിയായതിനാലും ഇത് വില്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിരുന്നില്ല. കോവിഡ് കാലയളവില്‍ മലയാളികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന് ഏറ്റവും കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറത്തിയ പരിചയ സമ്പത്തുമായി സ്മാര്‍ട്ട് ട്രാവല്‍ ഉടമ അഫി അഹമ്മദ് ഒരു വിമാന കമ്പനിയുടെ ആശയവുമായി സമീപിച്ചപ്പോഴാണ് ഡൊമെയ്ന്‍ അദ്ദേഹത്തിന് കൈമാറാന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തീരുമാനിച്ചത്. യുഎഇയിലെ പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറായ സകരിയ്യ മുഹമ്മദാണ് ഇങ്ങനെയൊരു ആശയത്തിന് തുടക്കമിട്ടത്. ആഭ്യന്തര വ്യോമയാന രംഗത്ത് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെങ്കിലേ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കൂവെന്ന മുന്‍കാല തീരുമാനം അധികൃതര്‍ മാറ്റിയിട്ടുണ്ട്. 20 വിമാനങ്ങളുള്ളവര്‍ക്ക് അന്താരാഷ്ട്ര സര്‍വീസിന് അനുമതി നല്‍കുന്ന പുതിയ തീരുമാനം നിലവില്‍ വന്ന സ്ഥിതിക്ക് പ്രവാസികളുടെ ചിരകാല അഭിലാഷമായ വിമാന സര്‍വീസ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാറിന് മുന്‍കയ്യെടുക്കാവുന്നതാണ്. സര്‍ക്കാര്‍ മുന്‍കയ്യെടുത്തോ, അല്ലെങ്കില്‍ പ്രവാസി വ്യവസായികളെ ഉപയോഗപ്പെടുത്തിയോ പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ ക്ഷണിച്ചോ സാധ്യമാക്കാന്‍ കഴിയുന്നതാണ് കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയെന്ന് അ േദ്ദഹം അഭിപ്രായപ്പെട്ടു. മുന്‍ കാലങ്ങളില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ വലിയ സാധ്യതകള്‍ വിജയകരമായി നടപ്പാക്കിയ തങ്ങളുടെ അനുഭവങ്ങള്‍ ഈ രംഗത്ത് കരുത്താകുമെന്നും ഇത്തരം സ്വപ്ന പദ്ധതികള്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ സ്മാര്‍ട്ട് ട്രാവല്‍ എന്നും അഭിമാനത്തോടെ കാണുന്നുവെന്നും അഫി അഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. സ്മാര്‍ട്ട് ട്രാവല്‍ ജനറല്‍ മാനേജര്‍ സഫീര്‍ മഹ്മൂദ്, 1971 പാര്‍ട്ണര്‍ മുഹമ്മദ് അല്‍ അലി, എക്‌സിക്യൂട്ടീവ് ബാച്ചിലേഴ്‌സ് ക്രിയേറ്റീവ് ഡയക്ടര്‍ ശ്രീശന്‍ മേനോന്‍ എന്നിവരും സന്നിഹിതരായിരുന്നു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.