ഗള്‍ഫുഡില്‍ ലുലു ശ്രദ്ധേയ സാന്നിധ്യം; 6 ധാരണ പത്രങ്ങള്‍ ഒപ്പിട്ടു
ദുബായ്: കോവിഡാനന്തരം ദുബായില്‍ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദര്‍ശനത്തില്‍ റെക്കോര്‍ഡ് ജന പങ്കാളിത്തം. ഇന്ത്യ ഉള്‍പ്പെടെ 125 രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് 4 ദിവസത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
ഗള്‍ഫുഡില്‍ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റ് ശൃംഖലയും ഭക്ഷ്യ ഉല്‍പാദന, വിതരണ കമ്പനിയുമായ ലുലു ഗ്രൂപ്പും ശ്രദ്ധേയ സാന്നിധ്യമായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പന്നങ്ങളാണ് ലുലു ഗ്രൂപ് മേളയില്‍ അവതരിപ്പിച്ചത്.
മേളയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി ലുലു ഗ്രൂപ് വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിതരണത്തതിനായി വിവിധ രാജ്യങ്ങളുമായി ആറു ധാരണാ പത്രങ്ങളില്‍ ഒപ്പിട്ടു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കാര്‍ഷിക-സംസ്‌കൃത ഭക്ഷ്യോല്‍പന്ന കയറ്റുമതി വികസന അഥോറിറ്റി(അപേഡ)യുമായി കാര്‍ഷികോല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യാനുള്ള ധാരണാ പത്രമാണ് ഇതില്‍ പ്രധാനം. നിലവില്‍ ലുലു ഗ്രൂപ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 52,000 മെട്രിക് ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയുന്നത്. ഗള്‍ഫുഡില്‍ ഒപ്പിട്ട ധാരണകള്‍ പ്രകാരം കയറ്റുമതി 20 ശതമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, അപേഡ ചെയര്‍മാന്‍ എം. അംഗമുത്തു, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ് സിഒഒ വി.ഐ സലീമും അപേഡ ഡയറക്ടര്‍ തരുണ്‍ ബജാജുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.
മറ്റ് പ്രധാന ധാരണാ പത്രങ്ങള്‍ ഇവയാണ്:
ഉത്തര്‍പ്രദേശില്‍ നിന്നും സംസ്‌കരിച്ച ഭക്ഷ്യ-കാര്‍ഷികോല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള ഉത്തര്‍ പ്രദേശ് ഹോര്‍ട്ടി കള്‍ചര്‍ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ധാരണ.
ധാരണ പ്രകാരം രേണുക ഷുഗര്‍ മില്‍സ് ലുലു ബ്രാന്‍ഡ് പഞ്ചസാര വിപണിയിലെത്തിക്കും.
ഒട്ടക പക്ഷിയിറച്ചി വിപണിയില്‍ എത്തിക്കാന്‍ ‘ഓസ്ട്രിച്ച് ഒയാസിസ്’ എന്ന ഇമാറാത്തി കമ്പനിയുമായി ധാരണ.
അമേരിക്കന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ അമേരിക്കന്‍ ഭക്ഷ്യ കമ്പനിയായ ഹെര്‍സ്സുമായി ഒപ്പിട്ട കരാര്‍.
ലുലു ഗ്രൂപ് ആസ്‌ത്രേലിയയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
ആസ്‌ത്രേലിയയിലെ വിക്ടോറിയ സംസ്ഥാനവുമായി നടന്ന ധാരണയുടെ അടിസ്ഥാനത്തില്‍ മെല്‍ബണില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ലുലു ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് എം.എ യൂസഫലി അറിയിച്ചു.
അമേരിക്ക, യുകെ ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ രാജ്യങ്ങളിലെല്ലാം ഭക്ഷ്യ സംഭരണ, വിതരണ കേന്ദ്രങ്ങളുള്ള ലുലു മെല്‍ബണിലും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആസ്‌ത്രേലിയയില്‍ നിന്നുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകും.
ലുലു ബ്രാന്‍ഡില്‍ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍
ഉന്നത ഗുണനിലവാരത്തിടെയുള്ള ലുലു ബ്രാന്‍ഡ് ഭക്ഷ്യ ഉല്‍പന്നങ്ങളും ഗള്‍ഫുഡില്‍ വിപണിയിലിറക്കി. പോര്‍ച്ചുഗല്‍, ജോര്‍ജിയ, ഇന്ത്യ, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ഗാനിക് തേന്‍, നെയ്യ്, മിനറല്‍ വാട്ടര്‍, വിനാഗിരി ഉള്‍പ്പെടെയുള്ളവയാണ് പുറത്തിറക്കിയത്.
ലുലു ഗ്രൂപ് സിഇഒ സെഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, ലുലു ഗ്രൂപ് ഡയറക്ടര്‍മാരായ എം.എ സലിം, എം.എം അല്‍താഫ്, ആനന്ദ് റാം എന്നിവരും സംബന്ധിച്ചു.
ഗള്‍ഫുഡിനോടനുബന്ധിച്ച് ഈ മാസം 23 മുതല്‍ മാര്‍ച്ച് 8 വരെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ലുലു ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കും.