ചരിത്രം കുറിച്ച് ലുലു വാക്കത്തോണ്‍; 11,000 പേര്‍ പങ്കെടുത്തു
യുഎഇയുടെ സുസ്ഥിരതാ വര്‍ഷാചരണത്തിന് പിന്തുണ
ദുബായ്: വ്യായാമത്തിന്റെയും മികച്ച ആരോഗ്യത്തിന്റെയും പ്രാധാന്യം വിളിച്ചോതി ദുബായിലും അല്‍ ഐനിലും ലുലു ഗ്രൂപ് സംഘടിപ്പിച്ച വാക്കത്തോണ്‍ ചരിത്രമായി. വിവിധയിടങ്ങളില്‍ നിന്നും റെക്കോര്‍ഡ് പങ്കാളിത്തമാണ് വാക്കത്തോണിലുണ്ടായത്. കോവിഡ് ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ലുലു വാക്കത്തോണില്‍ 11,000 പേര്‍ ഭാഗമായി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഉള്‍പ്പടെ സഹകരണത്തോടെയായിരുന്നു ലുലു വാക്കത്തോണ്‍.
ബോളിവുഡ് നടനും മോഡലും ഫിറ്റ്‌നസ് വിദഗ്ധനുമായ ഡിനോ മോറിയ വാക്കത്തോണില്‍ മുഖ്യാതിഥിയായി. നിരവധി കായിക താരങ്ങളും ഫിറ്റ്‌നസ് ഐകണുകളും പങ്കെടുത്തു.
സുസ്ഥിര വികസനത്തിന് മുന്‍ഗണന നല്‍കാനുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടിനെ പിന്തുണച്ചായിരുന്നു ലുലു വാക്കത്തോണ്‍. ഇത് ഏഴാം വര്‍ഷമാണ് ലുലു ഗ്രൂപ് വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
ഇന്നലെ രാവിലെ എട്ടിന് ദുബായ് അല്‍ സഫ പാര്‍ക്കിലും അല്‍ ഐനിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് കുവൈത്താത്തിലുമാണ് രണ്ട് കിലോമീറ്റര്‍ നീണ്ട വാക്കത്തോണ്‍ നടത്തിയത്. യോഗ സെഷന്‍, ഫിറ്റ്‌നസ് ക്‌ളാസ്, സുംബ നൃത്തം, എയ്‌റോബിക്‌സ്, കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികള്‍ അടക്കം ഒരുക്കിയിരുന്നു.
കോവിഡ് ഇടവേളയ്ക്കു ശേഷം വീണ്ടും തുടങ്ങിയ ഈ വാക്കത്തോണിനു ലഭിച്ച ജനപിന്തുണയില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ സലിം എം.എ പറഞ്ഞു. ഫിറ്റ്‌നസിന്റെ പ്രാധാന്യം യുഎഇ ജനത കൂടുതല്‍ ഏറ്റെടുക്കാനും അതുവഴി മികച്ച ആരോഗ്യവും സുസ്ഥിര ജീവിതവും സാധ്യമാക്കാനും ഇത് വഴിയൊരുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്കത്തോണിലേക്ക് രജിസ്‌ട്രേഷന്‍ സൗജന്യമായിരുന്നു. പങ്കെടുത്തവര്‍ക്ക് ടി ഷര്‍ട്ടുകളും ഗിഫ്റ്റ് ഹാംപറുകളും നല്‍കി. റിഫ്രഷ്‌മെന്റും ആരോഗ്യ പരിശോധന സൗകര്യങ്ങളും അടക്കം വാക്കത്തോണിന്റെ ഭാഗമായി സജ്ജീകരിച്ചിരുന്നു.