ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ശൈഖ് നഹ്‌യാന്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
ദുബായ്: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രതിമ യുഎഇ സഹിഷ്ണുതാ, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ അനാച്ഛാദനം ചെയ്തു.
യുഎഇ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയും പ്രതിമക്ക് പുഷ്പാര്‍ച്ചന നടത്തി.
ഗാന്ധിയുടെ പ്രിയ ഭജനകളായ ‘വൈഷ്ണവ് ജാന്‍ തോ’, ‘രഘുപതി രാഘവ’ അനാച്ഛാദനത്തിനിടെ സോം ദത്ത ബസു ചൊല്ലി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ് ആഭിമുഖ്യത്തില്‍ നരേഷ് കുമാവത്താണ് 42 ഇഞ്ച് വലിപ്പമുള്ള പ്രതിമ നിര്‍മിച്ചത്.
ഡിപ്‌ളോമാറ്റിക് കമ്യൂണിറ്റി അംഗങ്ങള്‍, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാക്കള്‍, ദുബായിലെയും നോര്‍ത്തേണ്‍ എമിറേറ്റ്‌സിലെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.