BusinessIndiaUAEWorld

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് 300-ാം ഷോറൂം ഡാലസില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഡാലസ്: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ റീടെയില്‍ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയണ്ട്‌സിന്റെ 300-ാമത്തെ ഷോറൂം യു.എസിലെ ഡാലസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആഗോള വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ ഷോറൂം ആരംഭിച്ചത്. 10 രാജ്യങ്ങളിലായി ശക്തമായ റീടെയില്‍ ശൃംഖലയുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഷോറൂമുകളുടെ എണ്ണം ഇതോടെ 300 ആയി ഉയര്‍ന്നു.
യു.എസിലെ കോളിന്‍ കൗണ്ടി കമ്മീഷണര്‍ സൂസന്‍ ഫ്‌ളെച്ചര്‍, ഫ്രിസ്‌കോ-ടെക്‌സാസ് മേയര്‍ ജെഫ് ചെനി എന്നിവര്‍ ചേര്‍ന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദിന്റെ സാന്നിധ്യത്തില്‍ ഡാലസ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ്, വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുള്‍ സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപറേഷന്‍സ്  മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍, മറ്റ് ടീം അംഗങ്ങള്‍, പ്രമുഖ വ്യക്തികള്‍, അഭ്യുദയ കാംക്ഷികള്‍ എന്നിവര്‍ വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോം വഴി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 5811 പ്രെസ്റ്റണ്‍ റോഡ്, ഫ്രിസ്‌കോയിലാണ് ഡാലസ് ഷോറൂം സ്ഥിതി ചെയ്യുന്നത്. മലബാര്‍  ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ യു.എസിലെ മൂന്നാമത്തെ ഷോറൂമാണിത്. ന്യൂജേഴ്‌സിയിലെ ഓക്ക് ട്രീ റോഡിലും ചിക്കാഗോയിലെ വെസ്റ്റ് ഡെവണ്‍ അവന്യൂവിലുമാണ് മറ്റ് രണ്ട് ഷോറൂമുകളുള്ളത്.
യു.എസിലെ ഡാലസിലെ പുതിയ ഷോറൂമിലൂടെ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് 300-ാമത്തെ ഷോറൂം എന്ന നേട്ടത്തിലെത്തുമ്പോള്‍ അത് അഭിമാന നിമിഷമാണെന്ന് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ”ഇന്ത്യയിലെ കേരളത്തില്‍ കോഴിക്കോട്ട് ഒരു ചെറിയ ഷോറൂമിലൂടെയാണ് ഞങ്ങള്‍ ജ്വല്ലറി മേഖലയിലേക്ക് കടന്ന് വന്നത്. ഇന്ന് 10 രാജ്യങ്ങളിലായി 300-ലധികം ഷോറൂമുകളുടെ ശക്തമായ സാന്നിധ്യം ഞങ്ങള്‍ക്കുണ്ട്. ഈ വളര്‍ച്ചക്ക് പിന്തുണ നല്‍കിയ ഉപയോക്താക്കള്‍ക്കും ഷെയര്‍ ഹോള്‍ഡേഴ്‌സിനും മറ്റ് സ്‌റ്റേക് ഹോള്‍ഡര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയറിയിക്കുന്നു” -അഹമ്മദ് പറഞ്ഞു. നിലവിലുള്ള രാജ്യങ്ങളില്‍ ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം മറ്റ് കൂടുതല്‍ രാജ്യങ്ങളിലേക്കും ഞങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ്ങ് അനുഭവം ഉറപ്പു നല്‍കുന്ന ഞങ്ങളുടെ വ്യത്യസ്തങ്ങളായ ആഭരണ ശ്രേണികളും, സേവനങ്ങളും, പ്രോമിസുകളും ഉപയോഗപ്പെടുത്തിയായിരിക്കും  പുതിയ വിപണികളിലേക്ക് പ്രവേശിക്കുക. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് ലഭിച്ച സ്വീകാര്യതയും, ജനകീയതയും ആഗോള തലത്തില്‍ ഒന്നാമത്തെ ജ്വല്ലറി റീട്ടെയിലര്‍ ആകുന്നതിനുള്ള വിപുലീകരണ പ്രക്രിയയെ കൂടുതല്‍ വേഗത്തിലാക്കുന്നതിനുള്ള ആത്മവിശ്വാസം പകരുന്നതാണെന്നും  എം.പി. അഹമ്മദ് വ്യക്തമാക്കി.
നിലവില്‍ 10 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് യു.കെ, ബംഗ്‌ളാദേശ്, ഓസ്‌ട്രേലിയ, കാനഡ, ഈജിപ്ത്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഉടനടി വിപുലീകരണം നടത്തും. ജ്വല്ലറി വ്യാപാരവുമായി ബന്ധപ്പെട്ട റീടെയില്‍, മാനുഫാക്ച്വറിംഗ്, ടെക്‌നികല്‍, മാനേജ്‌മെന്റ് മേഖലകളില്‍ നടക്കുന്ന വിപുലീകരണത്തിന്റെ ഭാഗമായി ഏകദേശം 6,000 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ആഭരണങ്ങളെ ആഗോള തലത്തില്‍  കൂടുതല്‍ സ്വീകാര്യവും വിശ്വാസയോഗ്യവുമാക്കുന്നതില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് നിര്‍ണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുള്‍ സലാം പറഞ്ഞു.  മിക്ക ഉപഭോക്താക്കളും ഇപ്പോള്‍ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകളിലൂടെയാണ് ആഭരണ ഡിസൈനുകള്‍ കണ്ടെത്തുന്നതും ഇത് വാങ്ങുന്നത് സംബന്ധിച്ച പ്രാരംഭ തീരുമാനങ്ങള്‍ എടുക്കുന്നതും. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ  ഓമ്‌നി ചാനല്‍ ബിസിനസ് സ്ട്രാറ്റജി കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.  മൈക്രോസോഫ്റ്റ്, ഐ ബി എം, ആക്‌സെഞ്ചര്‍,  ഈ ആന്റ് വൈ, ഡിലോയ്റ്റ് തുടങ്ങിയ ആഗോള സാങ്കേതിക ഭീമന്മാരുടെ സേവനങ്ങളാണ് ഞങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്ന് അബ്ദുള്‍ സലാം  വ്യക്തമാക്കി.
സമാനതകളില്ലാത്ത ജ്വല്ലറി പര്‍ച്ചേസ് അനുഭവം, ഉപഭോക്തൃ-സൗഹൃദ നയങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഉയര്‍ന്ന ഗുണനിലവാരവും, വില്‍പനാനന്തര സേവനവും ഉറപ്പു നല്‍കുന്ന ‘മലബാര്‍ പ്രോമിസ്’എന്നിവയിലൂടെയാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആഗോളതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. 10 രാജ്യങ്ങളിലെ ഏത് ഷോറൂമുകളില്‍ നിന്നും ലഭ്യമാകുന്ന ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, ബൈബാക്ക് ഗ്യാരന്റി്, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐജിഐ-ജിഐഎ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, അംഗീകൃത സ്രോതസ്സുകളില്‍ നിന്നും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണ്ണം, തൊഴിലാളികള്‍ക്ക്  കൃത്യമായ വേതനവും, ന്യായമായ ആനുകൂല്യങ്ങളും നല്‍കല്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രോമിസുകളാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
ബ്രാന്‍ഡിന്റെ വിപുലീകരണ പദ്ധതി ഞങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. യു.കെ, ബംഗ്‌ളാദേശ്, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കും തുടര്‍ന്ന് ഈജിപ്ത്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലേക്കും ഉടനടി വിപുലീകരണ പദ്ധതികള്‍ വ്യാപിപ്പിക്കും. വിഭിന്ന സംസ്‌കാരങ്ങളില്‍ നിന്നുള്ള വിവിധ ദേശക്കാരായ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന അഭിരുചികള്‍ക്ക് അനുസൃതമായി വളരാന്‍ ഞങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പ്രാദേശിക ഉപഭോക്താക്കള്‍ക്കായി അതത് പ്രദേശങ്ങളില്‍ കൂടുതല്‍ സ്റ്റാന്‍ഡ് എലോണ്‍  സ്റ്റോറുകള്‍ തുറക്കുന്നതിനൊപ്പം തന്നെ ഉത്പന്ന വൈവിധ്യത്തിലും മികച്ച ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കുന്നതിലും  കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
ഡാലസിലും പരിസരങ്ങളിലും താമസിക്കുന്നവരുടെ ആഭരണ ഡിസൈന്‍ അഭിരുചികള്‍ പരിഗണിച്ച് 20 രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണം, വജ്രം, അമൂല്യ രത്‌നങ്ങള്‍, പ്ലാറ്റിനം എന്നിവയിലുള്ള 30,000-ത്തിലധികം ആഭരണ ഡിസൈനുകളുടെ മികവാര്‍ന്ന ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ മധ്യഭാഗത്തുള്ള സംസ്ഥാനങ്ങളിലും ബ്രാന്‍ഡിന് വിശാലമായ റീട്ടെയില്‍ വിപുലീകരണ പദ്ധതിയാണുള്ളതെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ്  മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍ പറഞ്ഞു. ആഭരണ വ്യാപാരത്തില്‍  ഉന്നത നിലവാരം പുലര്‍ത്തുന്നതിനൊപ്പം, പുതിയ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ബ്രാന്‍ഡ് ഒരുങ്ങുകയാണ്. ജ്വല്ലറി  വ്യവസായ രംഗത്തെ പ്രത്യേകതകള്‍ മനസ്സിലാക്കിക്കൊണ്ട്  ഉത്തരവാദിത്ത ഉറവിടങ്ങളില്‍ നിന്ന്  മാത്രമാണ് സ്വര്‍ണ്ണം ശേഖരിക്കുന്നത്. ധാര്‍മ്മികമായ ബിസിനസ്സ് രീതികളും സുതാര്യവും പ്രൊഫഷണല്‍ രീതിയിലുള്ളതുമായ ഫണ്ട് മാനേജ്‌മെന്റ് എന്നിവയും ബ്രാന്‍ഡ് ഉറപ്പുവരുത്തുന്നു. വ്യാപാര സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് റെഗുലേറ്റര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് എല്ലാ പ്രതിബദ്ധതകളും നിറവേറ്റിയാണ് ആഗോള തലത്തില്‍ ബ്രാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും  ഒ.അഷര്‍ വ്യക്തമാക്കി.
ആഗോള തലത്തില്‍ ബ്രാന്‍ഡിന്റെ റീട്ടെയില്‍ വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി ഞങ്ങളുടെ മാനുഫാക്ച്വറിംഗ് മേഖലയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മലബാര്‍ ഗ്രൂപ്പ് മാനുഫാക്ച്വറിംഗ് ആന്റ് ബി ടു ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ നിഷാദ് പറഞ്ഞു. ഈ പ്രക്രിയയുടെ ഭാഗമായി പരിചയസമ്പന്നരായ കരകൗശല വിദഗ്ധരെയും ബന്ധപ്പെട്ട ജീവനക്കാരെയും നിയമിക്കും.  ‘മെയ്ക്ക് ഇന്‍ ഇന്ത്യ, മാര്‍ക്കറ്റ് ടു ദ വേള്‍ഡ്’ എന്ന ഞങ്ങളുടെ ദൗത്യവും ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ഉത്തരവാദിത്തമുള്ള ഒരു ജ്വല്ലറി എന്ന നിലയില്‍ ബ്രാന്‍ഡിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, ഞങ്ങളുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ മാനുഫാക്ച്വറിംഗ് യൂണിറ്റുകളും സുരക്ഷിതവും സന്തോഷകരവുമായ തൊഴില്‍ സാഹചര്യങ്ങള്‍ പ്രദാനം ചെയ്യുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും എ.കെ. നിഷാദ് വ്യക്തമാക്കി.
ഉത്തരവാദിത്തവും സുസ്ഥിരതയും തങ്ങളുടെ പ്രധാന ബിസിനസ്സിലേക്ക് സമന്വയിപ്പിക്കുന്നതോടൊപ്പം തന്നെ മലബാര്‍ ഗ്രൂപ്പ് ലാഭത്തിന്റെ 5 ശതമാനം ഇന്ത്യയിലും വിദേശത്തും സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുകയും ചെയ്യുന്നുണ്ട്. 1993-ല്‍ ഗ്രൂപ്പ് സ്ഥാപിതമായത് മുതല്‍ പാവപ്പെട്ടവരുടെ പട്ടിണി മാറ്റാനും, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പാര്‍പ്പിടം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ ഊന്നിക്കൊണ്ടാണ് ഈ പണം ചെലവഴിക്കുന്നത്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.