മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് രാജ്യാന്തര ഹബ് ദുബായ് ഗോള്‍ഡ് സൂഖില്‍ ആരംഭിച്ചു
28,000 ചതുരശ്രയടി സൗകര്യത്തിലുള്ള പുതിയ ആസ്ഥാനം ദേര ഗോള്‍ഡ് സൂഖിലെ എന്റിച്ച്‌മെന്റ് പ്രൊജക്റ്റില്‍.
ഗ്രൂപ്പിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തന ഏകോപന കേന്ദ്രമായി ഇത് മാറും.
എംഐഎച്ച് യാഥാര്‍ത്ഥ്യമായത് യുഎഇ-ഇന്ത്യാ സീപ കരാര്‍ ധാരണയെ തുടര്‍ന്ന്.
ദുബായ്: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ പുതിയ ആഗോള ആസ്ഥാനമായി ദേര ഗോള്‍ഡ് സൂഖില്‍ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ് (എംഐഎച്ച്) പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ്, ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം, ഗ്രൂപ്പിലെ മറ്റു ഡയറക്ടര്‍മാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, അഭ്യുദയ കാംക്ഷികള്‍, മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങ് നടന്നത്.
എംഐഎച്ച് സ്ഥാപിതമായതോടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീടെയിലര്‍ എന്ന സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. പുതിയ വിപണികള്‍ കീഴടക്കാനും നിലവിലുള്ള വിപണികളില്‍ സാന്നിധ്യം ശക്തിപ്പെടുത്താനുമായി ബ്രാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള വിഷന്‍ 2030 ലക്ഷ്യത്തിന്റെ ചവിട്ടുപടിയായാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. ബ്രാന്റിന്റെ ലോകമെമ്പാടുമുള്ള വിശ്വസ്ത ഉപയോക്താക്കള്‍ക്ക് മാതൃകാപരമായ ജ്വല്ലറി ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിന്റെ 30 വര്‍ഷം ആഘോഷിക്കുന്ന ഈ സാഹചര്യത്തില്‍, ഗുണനിലവാരത്തിലും പൂര്‍ണതയിലുമുള്ള സമര്‍പ്പിത സേവനം ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ആഭരണ വ്യാപാരി എന്ന സ്ഥാനത്തേക്ക് ഞങ്ങളെ നയിച്ചു -അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രാന്റിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഒപ്പം നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്ത ഞങ്ങളുടെ പങ്കാളികള്‍, ഉപയോക്താക്കള്‍, ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, അധികാരികള്‍ എന്നിവരോട് നന്ദിയറിയിക്കാന്‍ ഈയവസരം ഉപയോഗപ്പെടുത്തുകയാണെന്നും എം.പി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബിന്റെ ഉദ്ഘാടനം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് തീര്‍ച്ചയായും ഒരു ചരിത്ര മുഹൂര്‍ത്തമാണെന്ന് ഷംലാല്‍ അഹമ്മദ് പറഞ്ഞു. ബ്രാന്റിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ ഉദ്ഘാടനം സംഘടിപ്പിക്കാനായത് അഭിമാനവും സന്തോഷവും പകരുന്ന നിമിഷം കൂടിയാണെന്നും, ബിസിനസ് അഭിവൃദ്ധി പ്രാപിക്കാന്‍ ഏറ്റവും മികച്ച സാഹചര്യമാണ് യുഎഇ പ്രദാനം ചെയ്യുന്നതെന്നത് തങ്ങള്‍ നേരിട്ടറിഞ്ഞ അനുഭവമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മില്‍ ‘സീപ’ (സമഗ്ര സാമ്പത്തിക ഉടമ്പടി) ഒപ്പു വച്ചതോടെ ഇത് പല മടങ്ങ് ശക്തിപ്പെട്ടു. സീപ മുഖേനയുള്ള ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നത് പുതിയ അന്തര്‍ദേശീയ വിപണികള്‍ കൂട്ടിച്ചേര്‍ക്കാനും യുഎസ് പോലുള്ള നിലവിലെ വിപണികളില്‍ റീടെയില്‍ സാന്നിധ്യം മെച്ചപ്പെടുത്താനും സഹായിക്കും. യുഎഇയില്‍ ബ്രാന്റിന്റെ പുതിയ ആഗോള ആസ്ഥാനം തുറക്കുന്നതോടെ യുഎസും ഫാര്‍ ഈസ്റ്റും അടക്കം നിലവിലുള്ള എല്ലാ അന്താരാഷ്ട്ര വിപണികളിലെ പ്രവര്‍ത്തനങ്ങളും ദുബായില്‍ നിന്ന് നിയന്ത്രിക്കപ്പെടും. ചരിത്രപരമായ കരാര്‍ നടപ്പാക്കുന്നതില്‍ ഞങ്ങളുടെ മുഖ്യാതിഥി യുഎഇ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയും സംഘവും വഹിച്ചത് സുപ്രധാനമായ പങ്കാണ്. നിറഞ്ഞ ശുഭപ്രതീക്ഷയിലേക്കാണ് പുതിയ ആഗോള ഹബ്ബിന്റെ വാതിലുകള്‍ അദ്ദേഹം തുറന്നിടുന്നതെന്നും ഷംലാല്‍ വ്യക്തമാക്കി.
ബ്രാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ ഘടകങ്ങളെയും ആവശ്യങ്ങളെയും പരിഗണിച്ചാണ് ഈ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആസ്ഥാനം രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം പറഞ്ഞു. ജീവനക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ക്ക് ഇവിടെ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ജ്വല്ലറി വ്യാപാരത്തില്‍ വ്യാപ്തി വര്‍ധിപ്പിക്കാന്‍ യുഎഇ ഗവണ്‍മെന്റുമായും മറ്റ് പ്രധാന പങ്കാളികളുമായും അടുത്ത് പ്രവര്‍ത്തിക്കാനും അതു വഴി ദുബായുടെ സ്വര്‍ണ നഗരി എന്ന പദവി വര്‍ധിപ്പിക്കുന്നതില്‍ ഒരു സുപ്രധാന പങ്കാളിയാവാനും ബ്രാന്റ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായും കെ.പി അബ്ദുല്‍ സലാം വ്യക്തമാക്കി.
2008ലാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് യുഎഇയില്‍ നിന്നും പ്രവര്‍ത്തനമാരംഭിച്ചത്. 1993ലാണ് മലബാര്‍ ഗ്രൂപ് സ്ഥാപിതമായത്. 30-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ ഇന്റര്‍നാഷണല്‍ ഹബ് ഉദ്ഘാടനം ചെയ്യപ്പെടുന്നത് ബ്രാന്റിനെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണ്. 28,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള, ലീഡ് ഗോള്‍ഡ് സര്‍ട്ടിഫൈ ചെയ്ത ദുബായിലെ ഗോള്‍ഡ് ഡിസ്ട്രിക്റ്റിന്റെ ഹൃദയ ഭാഗത്താണ് എംഐഎച്ച് സ്ഥിതി ചെയ്യുന്നത്. ബ്രാന്റിന്റെ ബിസിനസ് ലക്ഷ്യങ്ങളുടെ പ്രഭവ കേന്ദ്രമായാണിത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ജിസിസി, യുഎസ്എ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും, ആവശ്യമായ പിന്തുണ നല്‍കാനും സാധിക്കുന്ന ഒരാഗോള കേന്ദ്രീകൃത വിതരണ ശൃംഖലയായി നാലു നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഇന്റര്‍നാഷനല്‍ ഹബ് പ്രവര്‍ത്തിക്കും. കൂടാതെ, സമീപ ഭാവിയില്‍ തന്നെ ബ്രാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന യുകെ, ഓസ്‌ട്രേലിയ, കാനഡ, തുര്‍ക്കി, ബംഗ്‌ളാദേശ്, ന്യൂസിലാന്റ് തുടങ്ങിയ നിരവധി രാജ്യങ്ങളിലെ വിപുലീകരണ പദ്ധതികള്‍ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇന്റര്‍നാഷനല്‍ ഹബ്ബില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.