മലയാളി ഡോക്ടര്‍മാരുടെ ആഗോള സംഘടന ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും
ദുബായ്: മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്‌സിന്റെ 20-ാം വാര്‍ഷികമായ ‘ഐഷ്‌റീന്‍’ ആഘോഷത്തോടനുബന്ധിച്ച് ആഗോള സംഘടനാ വിഭാഗമായ ‘എകെഎംജി ഗ്‌ളോബല്‍’ മുഖ്യാതിഥി ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. മെയ് 14ന് ഞായറാഴ്ച അജ്മാന്‍ കെംപിന്‍സ്‌കി ഹോട്ടലില്‍ ഒരുക്കുന്ന
യുഎഇയിലെ ആരോഗ്യ, വ്യവസായ രംഗങ്ങളിലെ പ്രമുഖരും സമ്മേളനത്തില്‍ സന്നിഹിതരാകും. ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ചെയര്‍മാനും എകെഎംജി സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന്‍ ചടങ്ങില്‍ മുഖ്യ രക്ഷാധികാരിയായിരിക്കും.
എകെഎംജി തിയ്യറ്റേഴ്‌സ് അവതരിപ്പിക്കുന്ന കലോപാഹരമായ ‘ഋതു’ കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. എകെഎംജി എമിറേറ്റ്‌സ് അംഗങ്ങളായ ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും രചനയും സംവിധാനവും നൃത്താഭിനയങ്ങളും അവതരിപ്പിക്കുന്ന ഈ കലാസൃഷ്ടി വേറിട്ട അനുഭവമാകും.

ആധുനിക വൈദ്യശാസ്ത്ര മേഖലക്ക് നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള എകെഎംജി പുരസ്‌കാരങ്ങളും മുഖ്യാതിഥി സമ്മാനിക്കും. എകെഎംജി എമിറേറ്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് 2023ന്റെ ഭാഗമായി അമേരിക്കയിലെ തോമസ് ജഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജി ക്‌ളിനികല്‍ പ്രഫസറായ ഡോ. എം.വി പിള്ളക്ക് വൈദ്യ ശാസ്ത്ര ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും, ജി 42 ഹെല്‍ത് കെയര്‍ സിഇഒയും അബുദാബി ഹെല്‍ത് ഇന്‍ഫര്‍മേഷന്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ച് ചെയര്‍മാനുമായ ആശിഷ് ഐപ് കോശിക്ക് ആരോഗ്യ സംരക്ഷണ രംഗത്തെ യൂത് ഐകണ്‍ പുരസ്‌കാരവും നല്‍കി ആദരിക്കും.
എകെഎംജി എമിറേറ്റ്‌സ് പത്താമത് പ്രസിഡന്റായി ദുബായിലെ പ്രശസ്ത സത്രീ രോഗ വിദഗ്ധ ഡോ. നിര്‍മല രഘുനാഥന്‍ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. സെക്രട്ടറി ജനറല്‍ ഡോ. ആസിഫ് പി.എ, ട്രഷറര്‍ ഡോ. ജമാലുദ്ദീന്‍ അബൂബക്കര്‍ എന്നിവരോടൊപ്പം സെന്‍ട്രല്‍ എക്‌സിക്യൂട്ടീവും 7 റീജ്യണല്‍ ചെയര്‍പേഴ്‌സണ്‍മാരും നിയുക്ത പ്രസിഡന്റ് ഡോ. സുഗു കോശിയും സ്ഥാനമേല്‍ക്കും.
പുതിയ പ്രസിഡന്റിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പ്രമേയമായി തെരഞ്ഞെടുത്ത ‘നമ്മുടെ ഭൂമി, നമ്മുടെ വീട്’ എന്ന പ്രസിഡന്‍ഷ്യല്‍ തീമിന്റെ ഔപചാരിക ഉദ്ഘാടനം ശശി തരൂര്‍ നിര്‍വഹിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി ദൈനംദിന ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താമെന്നത് സംബന്ധിച്ച് സമൂഹത്തെ ബോധവാന്മാരാക്കുന്നതാണ് ഈ പ്രവര്‍ത്തന രേഖയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
എകെഎംജി 40ലേറെ വര്‍ഷമായി യുഎസിലും കാനഡയിലും 20 വര്‍ഷമായി യുഎഇയിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുണ്ട്. എകെഎംജി ഗ്‌ളോബല്‍ സമാരംഭം ലോകമെമ്പാടും പ്രാക്റ്റീസ് ചെയ്യുന്ന മലയാളി ഡോക്ടര്‍മാര്‍ക്ക് ഒരു കുടക്കീഴില്‍ അണിനിരക്കാന്‍ അവസരമൊരുക്കും. ഇത് വൈദ്യ ശാസ്ത്ര വിജ്ഞാനത്തിന്റെ ആഗോള തലത്തിലുള്ള പുത്തനാശയങ്ങള്‍ ഇന്ത്യയിലേക്ക് വേഗത്തിലെത്തിക്കാന്‍ സഹായകമാകുമെന്ന് സംഘാടകര്‍ പ്രത്യാശിച്ചു.
എകെഎംജി എമിറേറ്റ്‌സ് പ്രസിഡന്റ് ഡോ. ജോര്‍ജ് ജോസഫ്, സെക്രട്ടറി ജനറല്‍ ഡോ. സഫറുല്ലാ ഖാന്‍, പുതിയ പ്രസിഡന്റ് ഡോ. നിര്‍മലാ രഘുനാഥന്‍, മുന്‍ പ്രസിഡന്റുമാരായ ഡോ. സണ്ണി കുര്യന്‍, ഡോ. സിറാജുദ്ദീന്‍, ഡോ. ഹനീഷ് ബാബു, ഐഷ്‌രീന്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഡോ. സുഗു മലയില്‍ കോശി, എകെഎംജി എമിറേറ്റ്‌സ് മീഡിയ കണ്‍വീനര്‍ ഡോ. ജമാലുദ്ദീന്‍ അബൂബക്കര്‍, എകെഎംജി നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ. ഗീത നായര്‍, മുന്‍ പ്രസിഡന്റുമാരായ ഡോ. നിജില്‍ ഹാറൂന്‍, ഡോ. നരേന്ദ്രന്‍ എന്നിവര്‍ ഇതുസംബന്ധിച്ച പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
മലയാളി ഡോക്ടര്‍മാരുടെ ആഗോള സംഘടനയുടെ മറ്റ് ലക്ഷ്യങ്ങള്‍ ഇവയാണ്:
സെമിനാറുകളും മറ്റ് തുടര്‍ വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കല്‍; വൈദ്യശാസ്ത്ര-ദന്ത ചികിത്സാ മേഖലകളിലെ ശാസ്ത്ര വികസനത്തിന്റെ നൂതന മേഖലകളെ കുറിച്ച് അംഗങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ശാസ്ത്ര മാസികകള്‍ പ്രസിദ്ധീകരിക്കല്‍; ജോലി ചെയ്യുന്ന രാജ്യങ്ങളിലെ തദ്ദേശീയര്‍ക്ക് പൊതുവെയും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും ആരോഗ്യ പരിപാലനം, രോഗപ്രതിരോധം എന്നീ വിഷയങ്ങളില്‍ ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കല്‍; എകെഎംജി ഗ്‌ളോബലിലെ ഡോക്ടര്‍ അംഗങ്ങളുടെ അംഗത്വ ഡയറക്ടറി തയാറാക്കി എല്ലാ അംഗങ്ങളുമായി പങ്ക് വെക്കല്‍; അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സാംസ്‌കാരികവും സാമൂഹികവും വ്യക്തിപരവുമായ വികസനം പ്രോത്സാഹിപ്പിക്കാനും അവര്‍ക്കിടയില്‍ സഹകരണവും സൗഹൃദവും വളര്‍ത്താനും ആഗോളാടിസ്ഥാനത്തില്‍ വിവിധ പരിപാടികള്‍ ഓണ്‍ലൈനായും അല്ലാതെയും സംഘടിപ്പിക്കല്‍; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സമാനമായ മറ്റ് സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കുകയും സാധ്യമാകുമ്പോഴുമെല്ലാം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യല്‍.
1950കള്‍ മുതല്‍ കേരളത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡോക്ടര്‍മാരുടെ ഗണ്യമായ കുടിയേറ്റം നടന്നിട്ടുണ്ട്. അത് കഴിഞ്ഞ ദശകത്തില്‍ ഒരു കുതിച്ചുകയറ്റം നടത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, യൂറോപ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രാക്റ്റീസ് ചെയ്യുന്ന ആയിരക്കണക്കിന് മലയാളി ഡോക്ടര്‍മാര്‍ക്ക് ശക്തമായ നെറ്റ്‌വര്‍കിംഗ് കമ്യൂണിറ്റി സൃഷ്ടിക്കാനുള്ള സവിശേഷാവസരം എകെഎംജി ഗ്‌ളോബല്‍ നല്‍കുന്നു. അവരുടെ ഉയര്‍ന്ന തലത്തിലുള്ള വൈദഗ്ധ്യവും ആരോഗ്യ പരിപാലനത്തിലെ സജീവമായ ഇടപെടലും ആഗോള സമൂഹത്തിന്റെയും വിശിഷ്യാ കേരളത്തിന്റെയും ഇന്ത്യയുടെയും ആരോഗ്യ സംരക്ഷണ രംഗത്തിന് മികച്ച മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
2019ലെ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയതതിന്റെ കണക്കനുസരിച്ച് ഏകദേശം 35,000 ഇന്ത്യന്‍ ഡോക്ടര്‍മാര്‍ മധ്യപൂര്‍വേഷ്യയില്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ഇവരില്‍ നല്ലൊരു പങ്കും. പ്രവാസി മലയാളികളുടെ (എന്‍ആര്‍കെ) കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കേരളത്തിലെ സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍കയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ ഏറ്റവും പുതിയ ഡാറ്റയനുസരിച്ച് ഏകദേശം 10,000 ആരോഗ്യ സംരക്ഷണ പ്രഫഷനലുകള്‍ യുഎഇയില്‍ ജോലി ചെയ്യുന്നു. ഇതില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് മെഡിക്കല്‍ സ്റ്റാഫുകളും ഉള്‍പ്പെടുന്നു. അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍, ഡെന്റല്‍ ബിരുദധാരികളുടെ സംഘടനയായ എകെഎംജി എമിറേറ്റ്‌സിന് നിലവില്‍ 1,500ലധികം അംഗങ്ങളുണ്ട്.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ (എഎംഎ) 2021ലെ കണക്കനുസരിച്ച്, ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ 65,000ത്തിലധികം ഡോക്ടര്‍മാര്‍ അമേരിക്കയിലുണ്ട്. പ്രതിവര്‍ഷം ഏകദേശം 5,000 ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമേരിക്കയിലേക്ക് കുടിയേറുന്നു. അവരില്‍ 15 മുതല്‍ 20 ശതമാനം വരെ കേരളത്തില്‍ നിന്നുള്ളവരാണെന്ന് കണക്കാക്കപ്പെടുന്നു.
യുകെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ (ജിഎംസി) കണക്കുകള്‍ പ്രകാരം 2021 ഡിസംബര്‍ വരെ യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ള ഇന്ത്യക്കാരായ 6,948 ഡോക്ടര്‍മാരുണ്ട്.