മലയാളിക്ക് റാസൽഖൈമ ഭരണാധികാരിയുടെ ആദരം
റാസൽഖൈമ: സംഘാടക മികവിന് റാസൽഖൈമ ഭരണാധികാരിയുടെ പ്രത്യേക ആദരം വീണ്ടും മലയാളിക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അൻസാറിനാണ് റാസൽഖൈമ സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചതിനുള്ള പ്രത്യേക അംഗീകാരം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് അൻസാർ കൊയിലാണ്ടിയെ ഈ അംഗീകാരം തേടിയെത്തുന്നത്.
റാസൽഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയാണ് ഈരംഗത്തെ മികച്ച സേവനങ്ങൾ മാനിച്ച് അദ്ദേഹത്തെ പുരസ്കാരം നൽകി ആദരിച്ചത്. റാസൽഖൈമ ഭരണാധികാരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന റാസൽഖൈമ ഹോളി ഖുർആർ അവാർഡ് ദാന ചടങ്ങിലാണ് അൻസാർ കൊയിലാണ്ടി അവാർഡ് ഏറ്റുവാങ്ങിയത്.
യു എ ഇയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പരിപാടികളിൽ മികച്ച സേവനങ്ങൾ നടത്തിയതിന് ഇതിന് മുമ്പും അൻസാറിനെ തേടി ഒട്ടനവധി സർക്കാർ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. യു എ ഇയിൽ നടന്ന ജിസിസി വാരചരണം മികവുറ്റതാക്കിയതിന് രണ്ട് തവണ യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സലൻസ് അവാർഡ് ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. കൂടാതെ ദുബായ് ശൈക് മക്തൂം അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മൂന്നര പതിറ്റാണ്ടു കാലമായി യുഎഇയിൽ ബിസിനസ് സംരഭങ്ങൾ നടത്തിവരുന്ന അൻസാർ കേരളത്തിലെ അവശ കലാകാരൻമാർക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ കലാകാരൻമാരുടെ ഉന്നമനത്തിന് വേണ്ടി ഗൾഫിലും നാട്ടിലും ഒട്ടനവധി പരിപാടികളാണ് സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ ഉന്നത സേവനങ്ങൾ കാഴ്ചവെച്ചതിന് പ്രവാസി ഭാരതി പ്രതിഭാരത്‌ന പുരസകാരം. മുശിരിഫ് പ്രവാസി ഹർഷ ടാലന്റ് പുരസ്കാരം, സ്വാതിതിരുനാൾ മഹാരാജാ ഇന്റർനാഷണൽ എക്സലൻസ് അവാർഡ്, ഇന്റർനാഷ്ണൽ കൾച്ചർ & സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ്, ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ ഗോൾഡൻ എക്സലൻസ് അവാർഡ് അടക്കം നിരവധി അംഗീകാരങ്ങളാണ് ഈ മലയാളിയെ തേടിയെത്തിയിട്ടുള്ളത്.
റുബീനയാണ് ഭാര്യ. സഹൽ അൻസാർ, ഹന്ന അൻസാർ, സഫാ അൻസാർ മക്കളാണ്