BusinessFEATUREDGCCUAE

മക്ക കൊമേഴ്‌സ്യല്‍ സെന്റര്‍ പദ്ധതി നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്

മക്ക കൊമേഴ്‌സ്യല്‍ സെന്റര്‍ പദ്ധതി നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് കൈമാറുന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി, അല്‍ ഫയ്‌റൂസ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ചെയര്‍മാന്‍ ശൈഖ് ഇബ്രാഹിം ബിന്‍ അബ്ദുല്ല ബിന്‍ സല്‍മാന്‍ അല്‍ റഫായ് എന്നിവര്‍ പങ്കെടുത്തപ്പോള്‍

 

മക്ക: പുണ്യനഗരിയായ മക്കയിലെ കൊമേഴ്‌സ്യല്‍ സെന്റര്‍ പദ്ധതി നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചു. സൗദിയിലെ പ്രമുഖ സ്ഥാപനമായ അല്‍ ഫയ്‌റൂസ് ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് മക്ക കൊമേഴ്‌സ്യല്‍ സെന്റര്‍ പദ്ധതി ലുലു നടപ്പാക്കുന്നത്. മക്കയിലെ അബ്ദുല്ല ആരിഫ് റോഡിലാണ് 250 ദശലക്ഷം റിയാല്‍ നിക്ഷേപമുള്ള പദ്ധതി.
പദ്ധതി കൈമാറ്റ ചടങ്ങില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി, അല്‍ ഫയ്‌റൂസ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ചെയര്‍മാന്‍ ശൈഖ് ഇബ്രാഹിം ബിന്‍ അബ്ദുല്ല ബിന്‍ സല്‍മാന്‍ അല്‍ റഫായ് എന്നിവര്‍ പങ്കെടുത്തു. സൗദി അറേബ്യയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, റീജ്യണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി എന്നിവരും സന്നിഹിതരായിരുന്നു.
200,000 ചതുരശ്ര അടിയുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റാണ് പദ്ധതിയുടെ മുഖ്യ സവിശേഷത. വിശുദ്ധ മക്ക സന്ദര്‍ശിക്കുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അനുയോജ്യമായ രീതിയിലായിരിക്കും വാണിജ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഫുഡ് കോര്‍ട്ട്, ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍, അന്തര്‍ദേശീയ പ്രശസ്തി നേടിയ റീടെയില്‍ ബ്രാന്‍ഡുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
മക്കയിലെ വാണിജ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശൈഖ് ഇബ്രാഹിം ബിന്‍ അബ്ദുല്ല അല്‍ റിഫായ് പറഞ്ഞു. സൗദി അറേബ്യയില്‍ മാത്രമല്ല, ജിസിസി മേഖലയിലാകെ ആഗോള റീടെയില്‍ വ്യവസായത്തിലെ മുന്‍നിര സ്ഥാപനമാണ് ലുലു. ലുലു ഗ്രൂപ്പിന്റെ ഈ അഭിമാനകരമായ സംഭാവനയെ ശൈഖ് ഇബ്രാഹിം ബിന്‍ അബ്ദുല്ല ബിന്‍ സല്‍മാന്‍ അല്‍ റിഫായ് അനുമോദിച്ചു.
”വളരെക്കാലമായി കാത്തിരുന്ന ഈ മഹത്തായ പദ്ധതി യാഥാര്‍ത്ഥ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ഇതിന് അവസരം നല്‍കിയ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സൗദി ഗവണ്‍മെന്റിനും നന്ദി പറയുന്നു. സൗദി ഭരണകൂടം നിക്ഷേപങ്ങളും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കാന്‍ നിരന്തര പിന്തുണയാണ് നല്‍കുന്നത്. മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ പദ്ധതിയിലൂടെ ലഭ്യമാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
ഇതിനകം നിര്‍മാണം പൂര്‍ത്തിയായ പദ്ധതി അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.